ലഹരിമുക്തിക്ക് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രത്യേക ഒപി
1539928
Sunday, April 6, 2025 3:42 AM IST
പത്തനംതിട്ട: ലഹരിയില്‍ നിന്ന് മോചനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിലും റാന്നി താലൂക്ക് ആശുപത്രിയിലും പ്രത്യേക ക്ലിനിക്കുകള്‍.കോഴഞ്ചേരി ജില്ലാ ആശുപത്രിയോടനുബന്ധിച്ചു സമീപകാലത്ത് ആരംഭിച്ച ലഹരി മോചന ഒപിയില്‍ മൂന്നു മാസത്തിനിടെ 128 പേരാണ് എത്തിയത്. കഴിഞ്ഞ ജനുവരി മുതല്‍ ലഹരി മോചന ചികിത്സ ജില്ലാ ആശുപത്രിയിലെ മാനസികാരോഗ്യ ഒപിക്ക് സമീപം ആരംഭിച്ചിട്ടുണ്ട്. ഒരു മാസം നാല്പതില് അധികം പേര് ഇവിടെ ചികിത്സയ്ക്കായെത്തുന്നു. യുവാക്കളാണ് ഏറെയും.
പുകവലി, മദ്യപാനം, മറ്റ് ലഹരി എന്നിവ ഉപയോഗിക്കുന്നവരെ രോഗിയുടെ ആരോഗ്യ സ്ഥിതിയനുസരിച്ചാണ് ചികിത്സിക്കുകയാണ് ഒപിയില്‍ ചെയ്യുന്നത്. ഇതില്‍ മാനസിക പിന്തുണ നല്കി കൗണ്‍സലിംഗ് നടത്തേണ്ടവരും മരുന്നുകള്‍ നല്കി ചികിത്സ എടുക്കേണ്ടവരും ഉണ്ടാകും. സീനിയര്‍ കണ്‍സള്‍ട്ടന്റ് സൈക്യാട്രിസ്റ്റ് ടി.സാഗര്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് പി.ടി.സന്ദീഷ് എന്നിവരാണ് ലഹരിമോചന ക്ലിനിക്കിന് നേതൃത്വം നല്‍കുന്നത്.
റാന്നിയില്‍ സര്‍ക്കാരിന്റെ പ്രത്യേക പദ്ധതിയിലാണ് ചികിത്സ ആരംഭിച്ചത്. മദ്യവിമുക്തിയാണ് പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ സമീപകാലത്ത് ലഹരിയുടെ ഉപയോഗം വര്‍ധിച്ച സാഹചര്യത്തില്‍ ഇതിനായി ചികിത്സ തേടിയെത്തുന്നവരെയും കൗണ്‍സിലര്‍മാരുടെ കൂടി സഹായത്തില്‍ ചികിത്സിക്കാനാകും.
കൗമാരക്കാര്‍ നിരവധി
ലഹരി ഉപയോഗവും പെരുമാറ്റ പ്രശ്നങ്ങളുമായി കൗമാരക്കാരും ലഹരി മോചന ക്ലിനിക്കിലെത്താറുണ്ട്. അമിതമായ ഉത്കണ്ഠ, പുകവലി, പെരുമാറ്റ പ്രശ്നങ്ങള്‍ എന്നിവയാണ് കൗമാരക്കാര്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങള്‍.
സാമൂഹ്യ, കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ 23 മാനസികാരോഗ്യ ക്ലിനിക്കുകളില്‍ നിന്ന് അയയ്ക്കുന്ന വിദ്യാര്‍ഥികളും സ്കൂളുകളിലെ മാനസികാരോഗ്യ ക്ലബുകളില്‍ നിന്ന് അയ്ക്കുന്നവരുമെല്ലാം കോഴഞ്ചേരിയിലേക്കെത്താറുണ്ട്.
തിങ്കള്‍ മുതല്‍ ശനിവരെ ഉച്ചയ്ക്ക് ഒന്നുവരെ ഒപി പ്രവര്‍ത്തിക്കും. ലഹരിമോചനത്തിനായി ചികിത്സ തേടുന്നവര്‍ക്ക് സൗജന്യ സേവനം ഒപിയില്‍ ലഭ്യമാണ്.