കുളം തോണ്ടി തിരുവല്ല ബസ് സ്റ്റാൻഡ്
1539742
Saturday, April 5, 2025 3:52 AM IST
തിരുവല്ല: തിരുവല്ല മുനിസിപ്പൽ ബസ് സ്റ്റാൻഡ് നഗരത്തിനു മാനക്കേട്. വേനൽമഴ കൂടി ആരംഭിച്ചതോടെ തിരുവല്ല സ്വകാര്യ ബസ് സ്റ്റാൻഡിലേക്കു യാത്രക്കാർക്കു പ്രവേശിക്കാനാകാത്ത സ്ഥിതിയാണ്. ബസുകളിലേക്ക് യാത്രക്കാരെ കയറ്റാനും ഇറക്കാനും ആകുന്നില്ല. വർഷങ്ങൾക്കു മുന്പേ നിർമിച്ച തിരുവല്ല മുനിസിപ്പൽ ബസ് സ്റ്റാൻഡ് പുനർ നിർമിക്കണമെന്ന ആവശ്യത്തിനു തന്നെ കാലങ്ങളുടെ പഴക്കമുണ്ട്. നഗരസഭയോ എംഎൽഎയോ ബസ് സ്റ്റാൻഡിനുവേണ്ടി ഒന്നും ചെയ്യുന്നില്ലെന്ന് യാത്രക്കാരുടെയും ബസ് ജീവനക്കാരുടെയും പരാതി.
തിരുവല്ല നഗരസഭയുടെ അധികാര പരിധിയിലാണ് ബസ് സ്റ്റാൻഡ്. വർഷങ്ങളായി മെറ്റലും ടാറിംഗും ഇളകി വലിയ കുഴികൾ രൂപപ്പെട്ടുകിടക്കുകയാണ്. ഇതു മൂലം ബസുകൾക്ക് ദിവസവും അധികബാധ്യതയാണ്. ആക്സിൽ ഒടിഞ്ഞും മറ്റുമുണ്ടാകുന്ന കേടുപാടുകളാണ് പ്രധാനം. സ്റ്റാൻഡിൽ പാർക്കിംഗിനു സ്ഥലം തികയാറില്ല. ഇതിനൊപ്പമാണ് ഇപ്പോൾ മഴവെള്ളം കെട്ടിക്കിടന്ന് ചെളിക്കുളമായി മാറിയിരിക്കുന്നത്.
ബസുകൾ കുഴികളിൽ കയറി ഇറങ്ങുന്പോഴേക്കും ചെളിവെള്ളം യാത്രക്കാരുടെ വസ്ത്രങ്ങളിൽ തെറിക്കുന്നത് നിത്യസംഭവമാണ്. നൂറിലധികം സ്വകാര്യ ബസുകൾ ദിവസവും വന്നുപോകുന്ന ബസ് സ്റ്റാൻഡാണിത്. സ്റ്റാൻഡിന്റെ പുനർനിർമാണത്തിനു തിരുവല്ല നഗരസഭ പല പദ്ധതികളും പ്രഖ്യാപിച്ചെങ്കിലും ഒന്നും നടപ്പായില്ല. ഇക്കഴിഞ്ഞ ബജറ്റിലും ബസ് സ്റ്റാൻഡ് പുനർ നിർമാണത്തിനു പണം നീക്കിവച്ചിട്ടുണ്ട്. എന്നാൽ പദ്ധതി ഏറ്റെടുക്കുന്പോഴേക്കും നിലവിലെ നഗരസഭാ ഭരണസമിതിയുടെ കാലാവധിയും പൂർത്തിയാകും.
ജില്ലയുടെ കിഴക്കൻ മേഖലകളിലേയും പടിഞ്ഞാറൻ മേഖലകളിലേയും യാത്രക്കാർ ഏറെയും ആശ്രയിക്കുന്നത് സ്വകാര്യ ബസുകളെയാണ് ബസ് സ്റ്റാൻഡിന്റെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ബസ് ജീവനക്കാർ കഴിഞ്ഞയിടെ നഗരസഭയിലേക്ക് മാർച്ചും ധർണയും നടത്തിയിരുന്നു. ശോച്യാവസ്ഥ പരിഹരിച്ച് സഞ്ചാരയോഗ്യമാക്കാമെന്ന് നഗരസഭ അധികൃതർ ഉറപ്പ് നൽകിയെങ്കിലും ഇതു പാലിക്കപ്പെട്ടിട്ടില്ല.
സ്റ്റാൻഡിന്റെ ശോച്യാവസ്ഥയ്ക്കു ശാശ്വത പരിഹാരം ഉണ്ടായില്ലെങ്കിൽ ശക്തമായ സമരപരിപടികൾ ആരംഭിക്കുമെന്ന് ബസ് ജീവനക്കാർ പറഞ്ഞു.