പമ്പ് ഹൗസില്‍ നിന്നുള്ള പൈപ്പ് ഇളകിമാറി; പ്രദേശത്ത് വെള്ളപ്പൊക്കം
1539934
Sunday, April 6, 2025 3:42 AM IST
പത്തനംതിട്ട: കല്ലറക്കടവില്‍ ജലഅഥോറിറ്റിയുടെ പ്രധാന പൈപ്പിന്റെ ജോയിന്റുഭാഗം ഇളകി മാറിയതോടെ ഒഴുകിയെത്തിയ വെള്ളം സമീപവീടുകളിലും പുരയിടങ്ങളിലും റോഡിലും കയറി. ഇന്നലെ പുലര്‍ച്ചെ അഞ്ചോടെയാണ് സംഭവം.
റിംഗ് റോഡിനു സമീപം കല്ലറക്കടവിലേക്ക് തിരിയുന്ന ഭാഗത്താണ് പ്രധാന പൈപ്പ് ഇളകി മാറിയത്. ഇതോടെ വെള്ളം ശക്തമായി പുറത്തേക്ക് ഒഴുകി. സമീപത്തെ താഴ്ന്ന പ്രദേശങ്ങളിലേക്ക് വെള്ളം ഒഴുകിയെത്തി. വീടുകളുടെയും ഫ്ളാറ്റുകളുടെയും മുറ്റം നിറയെ വെള്ളവും ചെളിയും നിറഞ്ഞു. ഇതു വഴി സഞ്ചരിക്കാനും പറ്റാത്ത അവസ്ഥയായി. നിമിഷ നേരം കൊണ്ട് പ്രദേശം വെള്ളത്തില്‍ മുങ്ങി.
നാട്ടുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് അഗ്നിരക്ഷാ സേനയും ജല അഥോറിറ്റി ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി. ജല അഥോറിറ്റി പ്രധാന വാല്‍വ് അടച്ചതോടെയാണ് വെള്ളത്തിന്റെ ശക്തമായ ഒഴുക്ക് നിലച്ചത്. പമ്പിംഗ് പൂര്‍ണമായി നിര്‍ത്തിവച്ചതോടെ ഇന്നലെ മുതല്‍ നഗരത്തില്‍ ജലവിതരണം മുടങ്ങി.
പൈപ്പില്‍ കിടന്ന വെള്ളം പുറത്തേക്ക് പൂര്‍ണമായി ഒഴുകിപ്പോകുന്നതുവരെ റോഡില്‍ വെള്ളം കിടന്നു. പാലത്തില്‍ കൂടിയാണ് പൈപ്പുലൈന്‍ വലിച്ചിട്ടുള്ളത്. മുമ്പും ഈ ഭാഗത്ത് പൈപ്പ്് ഇളകി മാറിയിട്ടുണ്ടെന്ന് പറയുന്നു.