ഉറുമ്പിനെ നീക്കാതെ മുറിവിന് തുന്നല്‍ ഇട്ടെന്നു പരാതി
1539926
Sunday, April 6, 2025 3:42 AM IST
റാന്നി: റാന്നി താലൂക്ക് ആശുപത്രിയില്‍ ഉറുമ്പിനെ നീക്കാതെ മുറിവ് തുന്നിക്കെട്ടിയതായി പരാതി. ബ്ലോക്കുപടി സ്വദേശി സുനില്‍ ഏബ്രഹാമാണ് പരാതിക്കാരന്. ചികിത്സാപ്പിഴവു കാരണം മുറിവ് വീണ്ടും തുറക്കുകയും തുന്നുകയും ചെയ്യേണ്ടിവന്നെന്നും സുനില്‍ പറയുന്നു. ആരോഗ്യമന്ത്രിക്ക് പരാതി നല്‍കാനാണ് കുടുംബത്തിന്റെ തീരുമാനം.
ഒരാഴ്ച മുമ്പ് സുനില്‍ രക്തസമ്മര്‍ദം കുറഞ്ഞ് വീഴുകുയും നെറ്റിയില്‍ പരിക്കേല്ക്കുയുമുണ്ടായി. രാത്രി ഏഴോടെ റാന്നി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. മുറിവില്‍ അഞ്ച് തുന്നലുകള്‍ ഇട്ടു. സിടി സ്കാനെടുക്കാന്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് പറഞ്ഞയച്ചു. എന്നാല്‍ യാത്രാമധ്യേ മുറിവ് തുന്നിയ ഭാഗത്ത് അസഹനീയമായ വേദനയുണ്ടായെന്നാണ് സുനില്‍ പറയുന്നത്.
പത്തനംതിട്ടയിലെ സ്കാനിംഗ് റിപ്പോര്‍ട്ട് വന്നതോടെ സുനിലും ഒപ്പമുണ്ടായിരുന്നവരും ഞെട്ടി .തുന്നിക്കെട്ടിയ മുറിവിനുള്ളില്‍ ഉറുമ്പുകളെയാണ് സ്കാനിംഗിൽ കണ്ടത്. രണ്ട് ഉറുമ്പുകളെയാണ് തുന്നിക്കെട്ടിയ മുറിവിനുള്ളില്‍ കണ്ടെത്തിയത്.
ഇതിനു പിന്നാലെ റാന്നി താലൂക്ക് ആശുപത്രിയില്‍നിന്ന് ആദ്യമിട്ട തുന്നല്‍ ഇളക്കിയ ശേഷം ഉറുമ്പുകളെ നീക്കി പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വീണ്ടും മുറിവ് തുന്നിക്കെട്ടിയെന്ന് സുനില്‍ പറയുന്നു. മൂന്നര മണിക്കൂറിന്റെ ഇടവേളയിലായിരുന്നു നെറ്റിയിലെ ഈ രണ്ട് തുന്നിക്കെട്ടലുകൾ.