കോഴഞ്ചേരിയില്‍ ഭരണം തിരികെപ്പിടിച്ച് യുഡിഎഫ്
1539916
Sunday, April 6, 2025 3:34 AM IST
കോഴഞ്ചേരി: ഇടയ്ക്കുവച്ച് കൈമോശം വന്ന കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് ഭരണം യുഡിഎഫ് തിരികെപ്പിടിച്ചു. അപ്രതീക്ഷിത നീക്കത്തിലൂടെ എല്‍ഡിഎഫ ്പാളയത്തില് വിള്ളല്‍ വീഴ്ത്തിയാണ് യുഡിഎഫ് ഭരണം പിടിച്ചത്. പ്രസിഡന്റായി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ സാലി ഫിലിപ്പും വൈസ്പ്രസിഡന്റായി എന്‍സിപിയിലെ സി.എം. മേരിക്കുട്ടി ശാമുവേലും തെരഞ്ഞെടുക്കപ്പെട്ടു.
കോണ്‍ഗ്രസ് വിമതന്റെകൂടി പിന്തുണ ഉറപ്പായപ്പോള്‍ വിജയം ഉറപ്പിച്ച് വോട്ടെടുപ്പിനെത്തിയ എല്‍ഡിഎഫിനെ ഞെട്ടിച്ചുകൊണ്ട് സ്വന്തം പാളയത്തിലെ എന്‍സിപിയിലെ മേരിക്കുട്ടി ശാമുവേല്‍ അപ്രതീക്ഷിത നീക്കത്തില്‍ യുഡിഎഫിനെ പിന്തുണച്ചു.
ഇതിനൊപ്പം സ്വന്തം പ്രസിഡന്റ് സ്ഥാനാര്‍ഥിയുടെ വോട്ട് അസാധുവാകുകകൂടി ചെയ്തതോടെ സാലി ഫിലിപ്പ് രണ്ട് വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തെരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫിന് ആറ് വോട്ടും എല്‍ഡിഎഫിന് നാലു വോട്ടുമാണ് പ്രസിഡന്റ് സ്ഥാനത്തു ലഭിച്ചത്. മുന്‍ പ്രസിഡന്റ് റോയി ഫിലിപ്പ് (കേരള കോണ്‍ഗ്രസ്) യുഡിഎഫിനു വോട്ടു ചെയ്തു.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് കോണ്‍ഗ്രസിനാണ് കോഴഞ്ചേരിയില്‍ പ്രസിഡന്റ് സ്ഥാനം ലഭിച്ചത്. യുഡിഎഫ് ധാരണ പ്രകാരം രണ്ടുവര്‍ഷത്തിനുശേഷം കേരള കോണ്‍ഗ്രസ് അവകാശവാദം ഉന്നയിക്കുകയും ഇതു വൈകിയതിനെത്തുടര്‍ന്ന് കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിലെ റോയി ഫിലിപ്പും സാലി ഫിലിപ്പും എല്‍ഡിഎഫ് ചേരിയിലെത്തുകയുമായിരുന്നു. കഴിഞ്ഞയിടെ യുഡിഎഫ് നടത്തിയ അവിശ്വാസ നീക്കത്തെ കേരള കോണ്‍ഗ്രസിലെ സാലി ഫിലിപ്പ് പിന്തുണയ്ക്കാന്‍ തയാറായതോടെയാണ് വീണ്ടും ഭരണമാറ്റത്തിനു കളമൊരുങ്ങിയത്.
എല്‍ഡിഎഫ് സഹായത്തോടെ റോയി ഫിലിപ്പ് തുടര്‍ന്ന്് പ്രസിഡന്റായി. എന്നാല്‍ അവസാനത്തെ ഒരു വര്‍ഷം തനിക്ക് പ്രസിഡന്റ് സ്ഥാനം വാഗ്ദാനം ചെയ്തിരുന്നെന്നും അത് ലഭിക്കാത്തതിനെത്തുടര്‍ന്നാണ് താന്‍ യുഡിഎഫിന്റെ അവിശ്വാസ പ്രമേയത്തില്‍ ഒപ്പുവച്ച് യുഡിഎഫിലേക്ക് മടങ്ങിയതെന്നും സാലി ഫിലിപ്പ് പറഞ്ഞു.
13 അംഗങ്ങളില്‍ സിപിഎം രണ്ട്, സിപിഐ ഒന്ന്, ജനതാദള്‍ ഒന്ന്, സിപിഐ ഒന്ന്, കോണ്‍ഗ്രസ് മൂന്ന്, കേരള കോണ്‍ഗ്രസ്-ജോസഫ് രണ്ട്, കോണ്‍ഗ്രസ് വിമതന് ഒന്ന്, ബിജെപി രണ്ട് എന്നിങ്ങനെയാണ് കക്ഷിനില. കോണ്‍ഗ്രസ് വിമതന് ടി. ടി. വാസു എല്‍ഡിഎഫിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരുന്നത്.
മേരിക്കുട്ടി എന്‍സിപി അജിത് പവാര്‍ വിഭാഗത്തിനൊപ്പം
എല്‍ഡിഎഫില്‍ എന്‍സിപി ഘടകകക്ഷിയംഗമായിരുന്ന മേരിക്കുട്ടി ശാമുവേലിന് സ്വന്തം പാര്‍ട്ടിയില്‍ സമീപകാലത്തുണ്ടായ ഭിന്നത ഗുണകരമായി. എന്‍സിപിയുടെ ഔദ്യോഗിക ചിഹ്നമായ ക്ലോക്ക് അടയാളത്തിലാണ് താന്‍ തെരഞ്ഞെടുക്കപ്പെട്ടതെന്നും പാര്‍ട്ടിയിലെ ഔദ്യോഗിക പക്ഷമായ അജിത് പവാര്‍ വിഭാഗത്തിനൊപ്പമാണ് താനെന്നും മേരിക്കുട്ടി ശാമുവേല്‍ പറഞ്ഞു.
ഈ വിഭാഗത്തിന്റെ ജില്ലാ പ്രസിഡന്റ് ജയന് അടൂര്‍ നല്കിയ വിപ്പും മേരിക്കുട്ടി കൈപ്പറ്റിയിരുന്നു. എന്‍സിപി കേരള ഘടകം നല്കിയ വിപ്പ് തനിക്കു സ്വീകാര്യമല്ലെന്നു മേരിക്കുട്ടി ശാമുവേല്‍ വ്യക്തമാക്കുകയും ചെയ്തു. നേരത്തേഎല്ഡിഎഫ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മേരിക്കുട്ടി ശാമുവേലിന്റെ പേര് തീരുമാനിച്ചിരുന്നതാണ്.
പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സാലി ഫിലിപ്പിനെതിരേ സിപിഎമ്മിലെ സോണി കൊച്ചുതുണ്ടിയിലാണ് മത്സരിച്ചത്. സോണിയുടെ വോട്ട് അസാധുവാകുകയും ചെയ്തു. ബാലറ്റ് പേപ്പറില്‍ ഒപ്പിടാതിരുന്നതാണ് അസാധുവാകാൻ കാരണം. ബിജെപിയിലെ രണ്ടംഗങ്ങളും വിട്ടുനിന്നു. എന്നാല്‍ ഒരംഗമായ ഗീതു മുരളി പഞ്ചായത്ത് ഹാളില്‍ എത്തിയെങ്കിലും രജിസ്റ്ററില്‍ ഒപ്പുവച്ചില്ല.
ഉച്ചകഴിഞ്ഞ് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥിയായി മേരിക്കുട്ടി ശാമുവേല്‍ മത്സരിക്കുകയായിരുന്നു. ഇവര്‍ക്കെതിരേ മുന്‍ വൈസ് പ്രസിഡന്റും സിപിഐ അംഗവുമായ മിനി സുരേഷിന്റെ പേര് സിപിഎമ്മിലെ ബിജിലി പി. ഈശോ നിര്‍ദേശിക്കുകയും ജനതാദളിലെ ബിജോ പി മാത്യു പിന്താങ്ങുകയും ചെയ്തെങ്കിലും താന്‍ മത്സരരംഗത്ത് ഇല്ലായെന്ന് പറഞ്ഞ് അവര്‍ പിന്മാറി.
പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സാലി ഫിലിപ്പ് 12-ാം വാര്‍ഡിനെയും വൈസ് പ്രസിഡന്റ് സി.എം. മേരിക്കുട്ടി ശാമുവേല്‍ എട്ടാം വാര്‍ഡിനെയുമാണ് പ്രതിനിധീകരിക്കുന്നത്.
തുടര്‍ച്ചയായ രാഷ്ട്രീയ നീക്കം,എല്‍ഡിഎഫിനു തിരിച്ചടി
തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തിലും കോയിപ്രം ബ്ലോക്കിലും പയറ്റിയ രാഷ്ട്രീയതന്ത്രംതന്നെയാണ് കോഴഞ്ചേരിയിലും യുഡിഎഫ് ക്യാമ്പ് പുറത്തെടുത്തത്. എല്‍ഡിഎഫിന്റെ വൈസ്പ്രസിഡന്റ് സ്ഥാനാര്‍ഥിയായി ഔദ്യോഗികമായി പ്രഖ്യാപിച്ച സി.എം. മേരിക്കുട്ടി ശാമുവേല്‍ യുഡിഎഫ് ക്യാമ്പിലെത്തിയത് സിപിഎമ്മിനെയും എല്‍ഡിഎഫിനെയും ഞെട്ടിച്ചിരിക്കുകയാണ്. കോഴഞ്ചേരി ഏരിയാ കമ്മിറ്റിയുടെ കീഴില്‍ സിപിഎമ്മിനേറ്റ തിരിച്ചടിയാണ് കോഴഞ്ചേരി പഞ്ചായത്തില്‍ സിപിഎമ്മിനു ഭരണം നഷ്ടപ്പെട്ടത്.
തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിപ്പ്് ലംഘിച്ച് അംഗങ്ങള്‍ വോട്ട് രേഖപ്പെടുത്തിയത് തുടര്‍ക്കഥയായി തുടരുകയാണ്. അയിരൂര്‍ ഗ്രാമപഞ്ചായത്തിലെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ ലോക്കല്‍ കമ്മിറ്റിയംഗമായിരുന്ന പഞ്ചായത്ത് പ്രസിഡന്റ് വോട്ട് അസാധുവാക്കുകയും ബിജെപി അംഗം വിജയിക്കുകയും ചെയ്തിരുന്നു.
കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ ലോക്കല്‍ കമ്മിറ്റിയംഗം വിപ്പ് ലംഘിച്ച് യുഡിഎഫിന്റെ സഹായത്തോടെ പ്രസിഡന്റായതിനെത്തുടര്ന്നുണ്ടായ തിരിച്ചടി തുടരുന്നത് സിപിഎമ്മിന്റെ കേഡര്‍ സ്വഭാവത്തിന് വെല്ലുവിളിയായിരിക്കുകയാണ്.
എന്നാല്‍ സി.എം. മേരിക്കുട്ടി എല്‍ഡിഎഫ് അംഗമായി തുടരുമെന്നും കോഴഞ്ചേരിയില്‍ നടന്നതു പ്രാദേശികമായ വിഷയങ്ങളായിരുന്നെന്നും ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി നടപടികള്‍ സ്വീകരിക്കുമെന്നും എന്‍സിപി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി മാത്യൂസ് ജോര്‍ജ് പറഞ്ഞു.
സിപിഎമ്മിന്റെയും എല്‍ഡിഎഫിന്റെയും അധാര്‍മികതയ്ക്കെതിരേയുള്ള തിരിച്ചടിയാണ് കോഴഞ്ചേരിയില്‍ ഉണ്ടായിരിക്കുന്നതെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി പഴകുളം മധു പറഞ്ഞു. ഡിസിസി വൈസ് പ്രസിഡന്റ് എ. സുരേഷ് കുമാര്‍, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജെറി മാത്യു സാം, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജോമോന് പുതുപ്പറമ്പില്‍ എന്നിവര്‍ പഞ്ചായത്തിലെത്തി സാലി ഫിലിപ്പിനെ സ്വീകരിക്കുകയും ടൗണില്‍ ആഹ്ളാദ പ്രകടനം നടത്തുകയും ചെയ്തു.
സംഘ പരിവാര്‍ - ബിജെപി മുന്നണിയിലെ ഘടകകക്ഷിയുടെ സഹായത്തോടെ കേരള കോണ്‍ഗ്രസ്- ജോസഫ് അംഗം കോഴഞ്ചേരിയില്‍ പഞ്ചായത്ത് പ്രസിഡന്റായത് ധാര്‍മികതയ്ക്കു നിരക്കുന്നതല്ലെന്ന് സിപിഎം ഏരിയാ കമ്മിറ്റിയംഗവും പഞ്ചായത്ത് മെംബറുമായ ബിജിലി പി. ഈശോ ആരോപിച്ചു.