പള്ളിയോട സേവാസംഘം വഞ്ചിപ്പാട്ട് കളരി ഇന്നു മുതല്‍
1539932
Sunday, April 6, 2025 3:42 AM IST
ആറന്മുള: പള്ളിയോട സേവാസംഘത്തിന്റെ നേതൃത്വത്തില്‍ ആറന്മുളയുടെ തനതു വഞ്ചിപ്പാട്ടു ശൈലി പരിശീലിപ്പിക്കുന്നതിനും പുതിയ തലമുറയ്ക്ക് വഞ്ചിപ്പാട്ടില്‍ ആഭിമുഖ്യം ഉണ്ടാക്കുന്നതിനുമായി ജില്ലാ പഞ്ചായത്തുമായി ചേര്‍ന്നു സംഘടിപ്പിക്കുന്ന വഞ്ചിപ്പാട്ട് പരിശീലനക്കളരികള്‍ക്ക് ഇന്നു തുടക്കം. ഇന്നും നാളെയും മൂന്നു മേഖലകളായി തിരിച്ച് രാവിലെ ഒമ്പതു മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നുവരെയാണ് പരിശീലനം. കരകളിലെ പരിചയസമ്പന്നരായ വഞ്ചിപ്പാട്ട് ആചാര്യന്മാർ നേതൃത്വം നൽകും.
കിഴക്കന്‍ മേഖലയിലെ പരിശീലനക്കളരി ചെറുകോല്‍ എന്‍എസ്എസ് കരയോഗ മന്ദിരത്തില്‍ പള്ളിയോട സേവാസംഘം സെക്രട്ടറി പ്രസാദ് ആനന്ദഭവന്റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്തംഗം സാറാ തോമസ് ഉദ്ഘാടനം ചെയ്യും. ചെറുകോല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ആര്. സന്തോഷ് പ്രസംഗിക്കും.
ആറന്മുള പാഞ്ചജന്യം ഓഡിറ്റോറിയത്തില്‍ മധ്യമേഖലയുടെ പരിശീലന പരിപാടിയില്‍ പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ. വി. സാംബദേവന്‍ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്തംഗം ആര്. അജയകുമാര്‍ ഉദ്ഘാടനം ചെയ്യും. പടിഞ്ഞാറന്‍ മേഖലയുടെ കളരി ചെങ്ങന്നൂര്‍ തൃച്ചിറ്റാറ്റ് ക്ഷേത്ര ഓഡിറ്റോറിയത്തില്‍ എന്‍എസ്എസ് ചെങ്ങന്നൂര്‍ താലൂക്ക് യൂണിയന് പ്രസിഡന്റ് പി. എന്‍. സുകുമാരപ്പണിക്കർ ഉദ്ഘാടനം ചെയ്യും. പള്ളിയോട സേവാസംഘം ട്രഷറാര്‍ രമേശ് മാലിമേല്‍ അധ്യക്ഷത വഹിക്കും.
പരിശീലനത്തില്‍ പങ്കെടുത്തവരുടെ സമര്‍പ്പണം 12ന് ആറന്മുള ക്ഷേത്ര സന്നിധിയില്‍ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് ഏബ്രഹാം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ. വി. സാംബദേവന്‍ അധ്യക്ഷത വഹിക്കും.
ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന് മുഖ്യപ്രഭാഷണം നടത്തും. പള്ളിയോട സേവാസംഘം സെക്രട്ടറി പ്രസാദ് ആനന്ദഭവന്, പരിശീലനക്കളരി ജനറല്‍ കണ്‍വീനര്‍ എം. കെ. ശശികുമാര്‍ പാണ്ടനാട്, ജനപ്രതിനിധികള്‍, പള്ളിയോട സേവാസംഘം ഭാരവാഹികള്‍ എന്നിവര്‍ പ്രസംഗിക്കും.
11 ന് ആറന്മുള ശ്രീ വിജയാനന്ദ വിദ്യാപീഠത്തില്‍ സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് ഡെപ്യൂട്ടി കളക്ടര്‍ രാജലക്ഷ്മി ഉദ്ഘാടനം ചെയ്യും. എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ റോബര്ട്ട്്് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും. പെണ്‍കുട്ടികള്‍ക്കും പങ്കെടുക്കാം. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ 9496273275 എന്ന നമ്പരില്‍ ബന്ധപ്പെടണം.