ഇങ്ങനേയും ചില ബസ് കഥകൾ
1540406
Monday, April 7, 2025 3:45 AM IST
പതിറ്റാണ്ടുകൾ പിന്നിട്ട് ഒരു നാടിന്റെ വികാരമായി മാറിയ ബസ് സർവീസുകളെക്കുറിച്ചുള്ള പ്രത്യേക ഫീച്ചർ
റാന്നിയുടെ ചന്ദ്രികയും പുനലൂർ റൂട്ടും
തോമസ് മാത്യു
റാന്നി: 80 വർഷങ്ങളുടെ പാരന്പര്യമാണ് റാന്നിയിലെ ചന്ദ്രിക ബസിനുള്ളത്. 1945ൽ റാന്നിയിൽ ആരംഭിച്ച ചന്ദ്രിക ആദ്യകാല സ്വകാര്യബസുകളിലൊന്നാണ്. റാന്നിയുടെ യാത്രാസംസ്കാരത്തില്‍ അലിഞ്ഞുചേര്‍ന്ന ഒരു പേരു കൂടിയാണ് ചന്ദ്രിക മോട്ടോഴ്സ്. ബസിന്റെ രൂപഭാവങ്ങൾ ഇതിനിടെ മാറിമാറി വന്നു. റൂട്ടുകളിൽ മാറ്റംവന്നു. പക്ഷേ ഇപ്പോഴും റാന്നി - പുനലൂർ റൂട്ടിനെക്കുറിച്ച് പഴയതലമുറ പറയുന്ന ആദ്യ ബസ് ചന്ദ്രികയാണ്.
ഒരു കാലത്ത് പത്തനംതിട്ടയില്‍നിന്നുള്ള തപാല്‍ ഉരുപ്പടികള്‍ വിവിധ പോസ്റ്റ് ഓഫീസുകളില്‍ എത്തിക്കുന്നത് ചന്ദ്രിക ബസിലൂടെയായിരുന്നു. റാന്നി മുതല്‍ പുനലൂര്‍ വരെയുള്ള 20 തപാല്‍ ഓഫീസുകളിലെ മെയിലുകളാണ് ചന്ദ്രിക ബസ് രാവിലെയും വൈകുന്നേരവുമായി കൊണ്ടു പോയിരുന്നത്. മദ്രാസ് മെയിൽ എന്ന ട്രെയിനിന്റെ ബ്രാൻഡ് പേരുപോലെ ചന്ദ്രിക ബസിനും പതിഞ്ഞു പോയ പേരിൽ മെയിൽ എന്നുണ്ട്.
ഓടിക്കിതച്ച് ബസ് സ്റ്റോപ്പിലെത്തി മെയിൽ പോയോ എന്ന് അന്വേഷിക്കുന്ന യാത്രക്കാർ അന്ന് റാന്നി - പുനലൂർ റൂട്ടിലെ സ്ഥിരം കാഴ്ചയായിരുന്നു. ചെങ്കോട്ട - പുനലൂർ - കൊല്ലം മീറ്റർ ഗേജ് പാതയിലൂടെ എത്തുന്ന യാത്രക്കാരെ കയറ്റി പുലർച്ചെ പുനലൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും റാന്നിയിലേക്ക് ചന്ദ്രികയുടെ ദീർഘദൂര സർവീസുണ്ടായിരുന്നു.
7.30 ഓടെ റാന്നിയിലെത്തി ഈ ബസ് എട്ടിന് പുനലൂർക്ക് പുറപ്പെടുന്നതു കുത്തിനിറച്ച ആളുകളുമായിട്ടായിരിക്കും. തമിഴനെയും മലയാളിയെയും കൂട്ടിയിണക്കുന്നതിലും ചന്ദ്രികയ്ക്ക് പങ്കുണ്ടായിരുന്നു. പുനലൂര്‍ റെയില്‍വേ സ്റ്റേഷന് പരിസരത്ത് കയറാന്‍ പെര്‍മിറ്റുള്ള ഏക സ്വകാര്യ ബസായിരുന്നു അന്ന് ചന്ദ്രിക. എട്ടിന് റാന്നിയിൽ നിന്നും ആദ്യ ചന്ദ്രിക പുറപ്പെട്ടു കഴിഞ്ഞാൽ 8.30ന് മുണ്ടക്കയം - പുനലൂർ ചന്ദ്രിക വരുമായിരുന്നു.
സ്വാതന്ത്ര്യം കിട്ടുന്നതിനു മുമ്പ് റാന്നിയില്‍നിന്ന് തുടങ്ങിയതാണ് ചന്ദ്രിക ബസ്. ചന്ദ്രികയ്ക്ക് ഒപ്പമുണ്ടായിരുന്ന ബസുകളെല്ലാം പിൽക്കാലത്ത് നിരത്തിൽ നിന്ന് ഒഴിഞ്ഞിട്ടും പാരമ്പര്യം കാക്കാനെന്നപോലെ ചന്ദ്രിക ഇപ്പോഴും ഒരു ബസുമായി സര്‍വീസ് നടത്തിയിരുന്നു. റാന്നി - പുനലൂർ റൂട്ടിലാണ് ഇപ്പോഴുള്ള ഏക സർവീസ്.
1945-ല്‍ റാന്നി അകത്തേത്ത് വീട്ടില്‍ കെ.എസ്.ഏബ്രഹാമാണ് ചന്ദ്രിക ബസ് സര്‍വീസിന് തുടക്കം കുറിച്ചത്. ആവി എന്‍ജിനില്‍ പ്രവര്‍ത്തിക്കുന്ന ബസുകളായിരുന്നു ആദ്യം. എൻജിൻ ഭാഗം തുറന്ന ബസുകളായിരുനു ഇവ. പുറപ്പെടുന്നതിന് ഒരു മണിക്കൂർ മുന്‍പെങ്കിലും വിറകുകത്തിച്ച് കരി തയാറാക്കണമായിരുന്നു. കരിയുമായി വഴിനീളെ നില്ക്കുന്ന ജീവനക്കാരും അക്കാലത്തെ സ്ഥിരം കാഴ്ചകളായിരുന്നു. രണ്ടുവശങ്ങളിലും പുറകിലുമായി ബെഞ്ച് മാതൃകയിലുള്ള ഇരിപ്പിടങ്ങള്‍ ആയിരുന്നു യാത്രക്കാര്‍ക്കായി ക്രമീകരിച്ചിരുന്നത്.
ജനറല്‍ മോട്ടോര്‍ കമ്പനിയുടെ വാഹനമായിരുന്നു തുടക്കത്തിൽ. പിന്നീട് ബെഡ്ഫോര്‍ഡ്, ഷെവര്‍ലെ, ഫെര്‍ഗോ, ലൈലാന്‍ഡ് എന്നിങ്ങനെ ആയി ബസുകളുടെ നിലവാരം.12 സര്‍വീസുകള്‍വരെ ചന്ദ്രികയ്ക്കുണ്ടായിരുന്നു. കുമ്പഴയിലും റാന്നിയിലും പാലമില്ലാത്തതിനാല്‍ കടത്തുകള്‍ വരുന്നതനുസരിച്ചുള്ള സമയക്രമീകരണമായിരുന്നു ആദ്യകാലത്ത് സര്‍വീസുകൾക്ക്.
റാന്നി - കൊല്ലം, വെച്ചൂച്ചിറ -കൊല്ലം, മുണ്ടക്കയം - പുനലൂര്‍, തോണിക്കടവ് - പുനലൂർ,ചാലാപ്പള്ളി -പുനലൂർ, തെക്കേമല - പുനലൂര്‍, കൊല്ലം -കുളത്തൂപ്പുഴ ഈ റൂട്ടുകളിലെല്ലാം ചന്ദ്രിക സര്‍വീസ് നടത്തിയിരുന്നു. പത്തനംതിട്ട, കോന്നി, റാന്നി പ്രദേശത്തുള്ളവര്‍ തമിഴ്നാട്ടിലെ പഴയ എഗ്മൂര്‍ റെയില്‍വേ സ്റ്റേഷനിലും മധുരയിലും നാഗൂര്, വേളാങ്കണ്ണി തീര്‍ഥാടനത്തിനും പോയിരുന്നത് പുനലൂര്‍ റെയില്വേസ്റ്റേഷന് വഴിയായിരുന്നു. തീവണ്ടി സമയത്തിനനുസരിച്ച് റാന്നിയില്‍നിന്ന് പുനലൂരില്‍ എത്തത്തക്കവിധമായിരുന്നു മിക്ക ബസുകളും ഓടിയിരുന്നത്.
തീവണ്ടികള്‍ക്ക് കണക്ഷനായി ഓടിയിരുന്ന ചന്ദ്രിക സര്‍വീസിന് നല്ലവരുമാനവും ലഭിച്ചിരുന്നു. 80 തൊഴിലാളികളും വര്‍ക്ക്ഷോപ്പും പമ്പും സ്വന്തമായിട്ടുണ്ടായിരുന്നു. ബസുകള്‍ കുറഞ്ഞതോടെ വര്‍ക്ക്ഷോപ്പുകള്‍ നിര്‍ത്തി.പ്രോവിഡന്റ് ഫണ്ട് ആനുകൂല്യങ്ങള്‍ നല്‍കിയാണ് തൊഴിലാളികള്‍ക്ക് പെന്ഷന് അനുവദിച്ചിരുന്നത്.
ചന്ദ്രികയുടെ സമയത്തിന് ഉരുപ്പടികള്‍ തപാല്‍ ഓഫീസില്‍നിന്ന് കിട്ടിയില്ലെങ്കില്‍ തപാല്‍ മുടങ്ങുന്ന അവസ്ഥവരെ ഉണ്ടായിരുന്നു. എഴുത്തുകള്‍ക്കായി കാത്തിരിക്കുന്നവർ മെയില്‍ വണ്ടി വന്നോ എന്ന് തിരക്കുന്ന അവസ്ഥയും.
റാന്നി - പുനലൂര്‍ റൂട്ടില്‍ മറ്റ് സ്വകാര്യബസുകളും കെഎസ്ആര്‍ടിസിയും ആധിപത്യം ഉറപ്പിച്ചതോടെയാണ് ചന്ദ്രികയും സര്‍വീസുകള്‍ വെട്ടിക്കുറച്ചത്. ഇപ്പോൾ പഴയ പേര് നില നിർത്താൻ ഒരേയൊരു സർവീസ് മാത്രം.
കോഴഞ്ചേരിക്കാരുടെ സ്വന്തം തിരുവനന്തപുരം ബസുകൾ
ടി.എസ്. സതീഷ് കുമാർ
കോഴഞ്ചേരി: ഒരു നാടിന്റെ സ്നേഹാദരങ്ങളേറ്റുവാങ്ങിക്കൊണ്ട് പതിറ്റാണ്ടുകളായി തിരുവനന്തപുരത്തേക്ക് കൃത്യമായി സർവീസ് നടത്തുന്ന രണ്ട് ബസുകൾ കോഴഞ്ചേരിയുടെ സ്വന്തമാണ്.
കോഴഞ്ചേരിയുടെ ചരിത്രത്തിന്റെ ഭാഗം കൂടിയായി മാറിയവയാണ് കോഴഞ്ചേരി - തിരുവനന്തപുരം സർവീസും റാന്നി - ചെറുകോൽപ്പുഴ - തിരുവനന്തപുരം സർവീസും.
കോഴഞ്ചേരിയിൽ നിന്നും പുലർച്ചെ 5.05നു പുറപ്പെടുന്ന ബസ് കൊല്ലം ഡിപ്പോയാണ് ഓപ്പറേറ്റ് ചെയ്യുന്നത്. ഇലന്തൂർ, പ്രക്കാനം, ഓമല്ലൂർ, അടൂർ, കൊട്ടാരക്കര, വെഞ്ഞാറുംമൂട് വഴി എട്ടോടെ തിരുവനന്തപുരത്തെത്തും. വൈകുന്നേരം 5.05നു തിരുവനന്തപുരത്തു നിന്ന് പുറപ്പെടുന്ന ബസ് രാത്രി 8.30 ഓടെ ഇതേ റൂട്ടിലൂടെ കോഴഞ്ചേരിയിലെത്തും.
കോഴഞ്ചേരിയുടെ മറ്റൊരു പ്രസ്റ്റീജ് സർവീസാണ് റാന്നി - ചെറുകോൽപ്പുഴ - കോഴഞ്ചേരി - ആറന്മുള - തിരുവനന്തപുരം ബസ് സർവീസ്. റാന്നിയിൽ നിന്നു പുലർച്ചെ അഞ്ചിനു പുറപ്പെടുന്ന ബസ് 5.20ന് ചെറുകോൽപ്പുഴയിലും 5.40ന് കോഴഞ്ചേരിയിലുമെത്തും. ആറന്മുള, പന്തളം, അടൂർ, കൊട്ടാരക്കര വഴി 8.15 ഓടെ തിരുവനന്തപുരത്തെത്തും. ഇരുസർവീസുകളും വർഷങ്ങൾക്കു മുന്‍പേ ആരംഭിച്ചതാണ്.
നാട്ടുകാർ സ്വന്തം സർവീസായി കണക്കാക്കി വരുന്ന ബസുകൾക്ക് ഇപ്പോൾ ന്യൂജെൻ മൂഡിലുമാണ്. സ്വന്തമായി വാട്സ്ആപ് ഗ്രൂപ്പും ക്രിസ്മസ്, ഓണം, പുതുവത്സര ആഘോഷങ്ങളുമൊക്കെ ബസിലുണ്ട്. സ്ഥിരം യാത്രക്കാരുടെ വാട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മയിലൂടെ ബസുമായി ബന്ധപ്പെട്ട വിവരങ്ങൾ കൃത്യമായി കൈമാറുന്നുണ്ട്.
പതിറ്റാണ്ടുകളായി സർവീസ് നടത്തുന്നതാണ് തിരുവനന്തപുരം - കോഴഞ്ചേരി ബസ്. സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ തുടങ്ങിയ സർവീസാണെന്ന് പഴമക്കാർ പറയുന്നു. കെ. കുമാർജിയുടെ സമ്മർദത്തേ തുടർന്നാണ് ചരിത്രവഴിയിൽ ഇങ്ങനെയൊരു ബസ് സർവീസ് ആരംഭിച്ചത്. ഇന്നും ഇത് സർവീസ് നടത്തുന്നുവെന്നത് അഭിമാനത്തോടെയാണ് നാട്ടുകാർ പറയുന്നത്.
കൊല്ലം ഡിപ്പോയിൽ നിന്നു പകൽ ഷെഡ്യൂളുകൾ ഓടിച്ചശേഷം രാത്രി സ്റ്റേ ബസായാണ് കോഴഞ്ചേരിക്ക് ഓടിച്ചു തുടങ്ങിയത്. അടൂർ വഴി ഓമല്ലൂരിലെത്തുന്ന ബസ് അവിടെനിന്നു തിരിഞ്ഞ് പ്രക്കാനം റോഡുവഴി ഇലന്തൂരിലെത്തിയാണ് കോഴഞ്ചേരിയിലേക്കു വരുന്നത്. കെഎസ്ആർടിസിക്ക് സ്വന്തം സംവിധാനങ്ങളില്ലാത്തതിനാൽ ഗ്രാമപഞ്ചായത്താണ് താമസസൗകര്യം ഒരുക്കി നൽകുന്നത്.
പുലർച്ചെ തിരുവനന്തപുരത്തേക്ക് കൃത്യമായി ഓടുന്ന ബസിൽ യത്ര ചെയ്യുന്നതിനായി വിദൂരങ്ങിൽ നിന്നുപോലും ആളുകൾ കോഴഞ്ചേരിയിലെത്തുന്നുണ്ട്. രാവിലെ തിരുവനന്തപുരത്തെത്തി വിവിധ ആവശ്യങ്ങൾ നിർവഹിക്കാനുള്ളവരും ആശുപത്രിയിൽ പോകേണ്ടവരും വിദ്യാർഥികളുമൊക്കെ ബസിനെ ആശ്രയിച്ചുവരുന്നു. തിങ്കളാഴ്ചകളിൽ മിക്കപ്പോഴും കോഴഞ്ചേരിയിൽ നിന്നു തന്നെ ബസിലെ സീറ്റുകൾ നിറഞ്ഞിരിക്കും.
കോവിഡ് കാലത്ത് ബസ് നിലച്ചിരുന്നു. പിന്നീട് ഇത് പുനരാരംഭിക്കാൻ വൈകിയതോടെ നാട്ടുകാർ പ്രക്ഷോഭവുമായി രംഗത്തെത്തി. മഹാത്മാഗാന്ധിയുടെ ഇലന്തൂർ സന്ദർശനവുമായി ബന്ധപ്പെട്ട ചരിത്ര പ്രാധാന്യമുള്ള പ്രക്കാനം റോഡിലൂടെയാണ് ബസിന്റെ യാത്ര. ബസിന്റെ സമയക്രമത്തിൽ നേരിയമാറ്റങ്ങളുണ്ടായെങ്കിലും റൂട്ടിൽ ഇന്നും മാറ്റമില്ല. ഓമല്ലൂർ, പ്രക്കാനം, ഇലന്തൂർ ഭാഗങ്ങളിൽ തലമുറകളായി നെഞ്ചേറ്റിവരുന്ന ബസ് സർവീസാണിത്.
പ്രക്കാനം, ഇലന്തൂർ പ്രദേശങ്ങളിലൂടെ വർഷങ്ങൾ സർവീസ് നടത്തിയ കെസിടി ബസും നാട്ടുകാരുടെ സ്മരണയിലുണ്ട്. പത്തനംതിട്ട - കായംകുളം റൂട്ടിലെ ബസ് പിന്നീടു നിലച്ചെങ്കിലും അതും ഈ നാടിന്റെ ഒരുവികാരം തന്നെയായിരുന്നുവെന്ന് പഴയ തലമുറ ഓർക്കുന്നു.
ഗ്രാമീണ മേഖലയിലൂടെ തലസ്ഥാന സർവീസ്
38 വർഷം മുന്‍പ് തിരുവനന്തപുര - ചെറുകോൽപ്പുഴ സർവീസായി തുടങ്ങിയ ഫാസ്റ്റ് പാസഞ്ചർ ബസ് ഇതിനോടകം പല ഡിപ്പോകളും മാറിമാറി ഏറ്റെടുത്തു. നിലവിൽ റാന്നി ഡിപ്പോയാണ് ബസ് ഓപ്പറേറ്റ് ചെയ്യുന്നത്. ചെറുകോൽപ്പുഴ വരെ എത്തിയിരുന്ന ബസ് കോവിഡിനുശേഷം പുനരാരംഭിച്ചപ്പോഴാണ് റാന്നി ഡിപ്പോയ്ക്കു കൈമാറിയത്. ആദ്യം തിരുവനന്തപുരം ഡിപ്പോയും പിന്നീട് അടൂരും ബസ് ഏറ്റെടുത്തു സർവീസ് നടത്തിയിരുന്നു.
1980 കാലയളവിൽ ല്‍ അയിരൂര്‍, ചെറുകോല്‍പ്പുഴ തുടങ്ങിയ പമ്പാനദിയുടെ തീരത്തുള്ള കിഴക്കന്‍ പ്രദേശങ്ങളില്‍ നിന്നും ദീര്‍ഘദൂര സർവീസുകള്‍ ഒന്നുംതന്നെ ഇല്ലായിരുന്നു. പ്രശസ്തമായ മാരാമണ്‍, ചെറുകോല്‍പ്പുഴ കണ്വന്ഷന് നടക്കുന്ന പമ്പയുടെ തീരങ്ങളില്‍ നിന്ന് പുറംനാടുകളിലേക്ക് ബസുകളില്ലാത്തതിന്റെ യാത്രക്ലേശം മനസിലാക്കിയ അന്നത്തെ അയിരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രഫ. കെ.എ. മാത്യുവിന്റെ ശ്രമഫലമായി ആറന്മുള എംഎല്‍എ ആയിരുന്ന കെ.കെ. ശ്രീനിവാസന്റെ സഹായത്തോടെ ഗതാഗത മന്ത്രിയായിരുന്ന കെ.കെ. ബാലകൃഷ്ണനാണ് മാരാമണ്‍ - ചെറുകോല്‍പ്പുഴ കണ്വന്ഷന് സമയമായ 1988 ഫെബ്രുവരി മാസത്തില്‍ കെഎസ്ആര്‍ടിസിയുടെ ചെറുകോല്‍പ്പുഴ - തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസ് ആരംഭിക്കാന്‍ അനുവാദം നല്‍കിയത്.
ചെറുകോൽപ്പുഴ പാലം വരുന്നതിനു മുന്‍പേ ആരംഭിച്ച ബസാണിത്. അതുകൊണ്ടു തന്നെ ബസിന്റെ റൂട്ട് നിശ്ചയിച്ചത് തോണിപ്പുഴ, നെടുന്പ്രയാർ വഴിയായിരുന്നു. ഇപ്പോഴും അതേപോലെ തുടരുകയാണ്.
നിലവിൽ റാന്നിയിൽ നിന്ന് പുറപ്പെട്ട് ചെറുകോൽപ്പുഴ, കുറിയന്നൂർ, തോണിപ്പുഴ വഴി കോഴഞ്ചേരിയിലെത്തും. അവിടെ നിന്ന് ആറന്മുള, കിടങ്ങന്നൂർ വഴിയാണ് കുളനടയിൽ എംസി റോഡിലെത്തുന്നത്. അവിടെനിന്നു നേരെ തിരുവനന്തപുരത്തെത്തും. ആദ്യകാലത്ത് രാവിലെ ആറിനാണ് ചെറുകോൽപ്പുഴയിൽ നിന്നു പുറപ്പെട്ടിരുന്നത്. പിന്നീട് ഇത് 5.30 ലേക്ക് മാറ്റി. റാന്നി ഡിപ്പോ സർവീസ് ഏറ്റെടുത്തശേഷം പുലർച്ചെ അഞ്ചിനു പുറപ്പെട്ട് 8.15ന് തിരുവനന്തപുരത്തെത്തുന്ന രീതിയിലാണ് ക്രമീകരണം.
രാവിലെയുള്ള തിരുവനന്തപുരം യാത്രികരുടെ ഇഷ്ട സർവീസാണിത്. ഗ്രാമീണ മേഖലകളിലൂടെയുള്ള ഏക തിരുവനന്തപുരം ബസുമാണിത്. തിരുവനന്തപുരത്തെത്തിയ ശേഷം പകൽ സർവീസുകൾ മറ്റ് റൂട്ടുകളിലാണ്. തിരികെ വൈകുന്നേരം 4.20ന് തിരുവനന്തപുരത്തു നിന്നു പുറപ്പെട്ട് എംസി റോഡുവഴി കുളനടയിലെത്തി ആറന്മുള, കോഴഞ്ചേരി, തോണിപ്പുഴ, കുറിയന്നൂർ, ചെറുകോൽപ്പുഴ വഴി രാത്രി 8.30 ഓടെ റാന്നിയിലെത്തും.
ചെറുകോൽപ്പുഴ സ്റ്റേ ബസായിരുന്ന ഘട്ടത്തിൽ അയിരൂർ ഗ്രാമപഞ്ചായത്താണ് ജീവനക്കാർക്ക് താമസസൗകര്യവും മറ്റും ഏർപ്പെടുത്തി നൽകിയിരുന്നത്. കോവിഡിനുശേഷം ബസ് നിലച്ചപ്പോഴും സ്റ്റേയുമായി ബന്ധപ്പെട്ട തർക്കങ്ങളിൽപ്പെട്ടപ്പോഴും സർവീസ് പുനരാരംഭിക്കാൻ നാട്ടുകാർ രംഗത്തെത്തിയിരുന്നു. രാത്രി ചെറുകോല്‍പ്പുഴ എത്തുന്ന ബസ് പമ്പാനദിയില്‍ കൊണ്ടുപോയി കഴുകി വൃത്തിയാക്കുന്ന ജോലിയും നാട്ടുകാര്‍ ഏറ്റെടുത്തിരുന്നു. അയിരൂർ ചെറുകോൽപ്പുഴ ഗ്രാമത്തെ കഥകളി ഗ്രാമമായി പ്രഖ്യാപിച്ചപ്പോൾ ആ പേര് ബസിന്റെ ബോർഡിൽ എഴുതാനും കെഎസ്ആർടിസി മറന്നില്ല.
ക്രിസ്മസ്, ഓണം, ചെറിയപെരുന്നാള്‍ തുടങ്ങിയ വിശേഷ ദിവസങ്ങളില്‍ ഇപ്പോഴും ബസിലെ ജീവനക്കാര്‍ക്ക് നാട്ടുകാര്‍ മധുരപലഹാരങ്ങള്‍ നല്കി സന്തോഷനിമിഷങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. തിരുവനന്തപുരത്ത് നടന്ന സ്കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കാന്‍ കോഴഞ്ചേരിയില്‍ നിന്നും പോയ കുട്ടികളെ പൂച്ചെണ്ട് നല്‍കിയാണ് ബസ് ജീവനക്കാര്‍ സ്വീകരിച്ചത്. അത്രത്തോളം ആത്മബന്ധം നാട്ടുകാരും ജീവനക്കാരും തമ്മില്‍ ഉണ്ട്.
കോവിഡ് കാലത്ത് നെടുംപ്രയാര്‍ പ്രവര്‍ത്തിക്കുന്ന നാട്ടുക്കൂട്ടത്തിന്റെ ഭാരവാഹികളായ പാസ്റ്റര്‍ ജോണ്‍ മാത്യുവും അനിരാജ് ഐക്കരയും മാസ്കുകളം കൈയുറകളും സാനിറ്റേഷന്വസ്തുക്കളും ബസ് ജീവനക്കാര്‍ക്ക് നല്‍കിയിരുന്നു.
വരുന്ന വിഷുവിന് ബസിലെ യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും വിഷുകൈനീട്ടവും ആശംസാകാര്‍ഡുകളും നല്‍കാനുള്ള ശ്രമത്തിലാണ് നെടുംപ്രയാറുള്ള നാട്ടുകൂട്ടായ്മ.
റാന്നി രാത്രിവണ്ടി വരും ഉറപ്പ്
തിരുവല്ല: തിരുവല്ല കെഎസ്ആർടിസി ബസ് സ്റ്റേഷനിൽ നിന്ന് കിഴക്കൻ മേഖലകളിലേക്ക് ബസ് തേടി എത്തുന്നവർക്ക് ഉറപ്പ് നൽകാൻ കഴിയുന്ന ഏക സർവീസാണ് 8.50നു പുറപ്പെടുന്ന റാന്നി സ്റ്റേ ബസ്.
തിരുവല്ല ഡിപ്പോയിൽ നിന്നുള്ള റാന്നി സ്റ്റേബസ് വർഷങ്ങളായി മുടങ്ങാതെ സർവീസ് നടത്തുന്നുണ്ട്. ബസുകളുടെ ആധിക്യവും യാത്രക്കാരുടെ കുറവുമൊന്നും റാന്നി സ്റ്റേ ബസിനെ ബാധിച്ചിട്ടില്ല. രാത്രി 8.50നു പുറപ്പെടുന്ന ബസ് 9.45 ഓടെ റാന്നിയിലെത്തും. രാവിലെ ആറിന് റാന്നിയിൽ നിന്ന് തിരികെ പുറപ്പെടും.
ഇരവിപേരൂർ, പുറമറ്റം, വെണ്ണിക്കുളം, തടിയൂർ, തീയാടിക്കൽ, പ്ലാങ്കമൺ വഴിയുള്ള റാന്നി സ്റ്റേ ബസിന് ഏറെ ജനപ്രീതിയുള്ളതാണ്. തീവണ്ടി യാത്രക്കാരടക്കം നിരവധിയാളുകൾ സ്ഥിരമായി ഈ സർവീസിനെ ആശ്രയിക്കുന്നുണ്ട്.
മേപ്രാലിനു സ്വന്തം സർവീസ്
തിരുവല്ല: തിരുവല്ലയിൽ നിന്ന് അപ്പർകുട്ടനാടൻ പ്രദേശമായ മേപ്രാലിലേക്ക് വർഷങ്ങളായി സർവീസ് നടത്തുന്നത് സ്വകാര്യ ബസാണ്.
യാത്രാ സൗകര്യം നന്നേ കുറവായിരുന്ന ഒരു കാലഘട്ടത്തിൽ തുടങ്ങിയതാണ് തിരുവല്ല - മേപ്രാൽ ബസ് സർവീസ്. ഇല്ലംപള്ളിൽ എന്ന പേരിലുള്ള ബസാണ് വർഷങ്ങളായി ഈ റൂട്ടിലുണ്ടായിരുന്നത്. പുലർച്ചെ മുതൽ രാത്രിവരെ സർവീസുകളുണ്ടായിരുന്നു. പിന്നീട് റൂട്ട് മറ്റൊരു സ്വകാര്യ ബസ് ഗ്രൂപ്പ് ഏറ്റെടുത്തു. പാറയ്ക്കൽ ബസാണ് ഇപ്പോൾ സർവീസ് നടത്തുന്നത്.
എട്ട് ട്രിപ്പുകൾ വരെയാണ് തിരുവല്ല - മേപ്രാൽ റൂട്ടിലുള്ളത്. കെഎസ്ആർടിസി ഉൾപ്പെടെ മറ്റു പല ബസുകളും മേപ്രാൽ റൂട്ടിൽ ഓടിയെങ്കിലും പതിറ്റാണ്ടിന്റെ പാരന്പര്യവുമായി തിരുവല്ല - മേപ്രാൽ റൂട്ടിൽ പാറയ്ക്കൽ ബസ് ഇപ്പോഴും ഓടുന്നു.
നെൽസൺ മോട്ടോഴ്സ് അത്തിക്കയത്തിന്റെ ആദ്യ ഗ്രാമവണ്ടി
റാന്നി : കോഴഞ്ചേരിയിൽ നിന്ന് റാന്നി വഴി അത്തിക്കയത്തേക്കുള്ള ആദ്യ ഗ്രാമീണ ബസ് സർവീസിന് പറയാനുള്ളത് 60 ലേറെ വർഷത്തെ പാരമ്പര്യം. കായംകുളം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള നെൽസൺ എന്ന ബസായിരുന്നു ഇതുവഴി ആദ്യമായി സർവീസ് നടത്തിയിരുന്നത്.
നാട്ടിൽ വിദ്യാഭ്യാസ സൗകര്യം കുറവായിരുന്ന കാലത്ത് റാന്നിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പോയി പഠിക്കാനും തൊഴിൽ സംബന്ധമായിയാത്ര ചെയ്യാനും കോഴഞ്ചേരി, റാന്നി, ഇട്ടിയപ്പാറ മാർക്കറ്റുകളിലെത്തി വ്യാപാരം ചെയ്യുന്നതിനും സാധനങ്ങൾ വാങ്ങുന്നതിനും മലഞ്ചരക്കുകൾ വിൽക്കുന്നതിനുമെല്ലാം ആളുകൾ ആ ശ്രയിക്കുന്നത് നെൽസൺ ബസ് സർവീസിനെയായിരുന്നു.
റാന്നി മേഖലയിൽ ചികിത്സാ സൗകര്യം കുറവായിരുന്ന കാലത്ത് ഇപ്പോൾ ജില്ല ആശുപത്രിയായ കോഴഞ്ചേരി സർക്കാർ ആശുപത്രിയെ ശരണം പ്രാപിച്ചിരുന്ന കാലമുണ്ടായിരുന്നു. അപ്പോഴെല്ലാം നെൽസൺ സർവീസ് നാട്ടുകാരുടെ രക്ഷക്കൊപ്പമുണ്ടായിരുന്നു.
കിഴക്കൻ മേഖലയിലെ കർഷകരിൽ നിന്നും ശേഖരിക്കുന്ന വെറ്റില കെട്ടുകൾ വലിയ ബണ്ടിലുകളാക്കി ബസിന്റെ മുകളിലെ തട്ടിൽ അടുക്കി ഇട്ട് പുലർച്ചെ റാന്നി - ഇട്ടിയപ്പാറയിലെത്തിച്ച് കട്ടപ്പനയിലേക്ക് പോകുന്ന കുന്നിൽ മോട്ടോഴ്സിൽ കയറ്റി ഹൈറേഞ്ചിലേക്ക് അയക്കുന്നത് 50 വർഷം മുമ്പ് റാന്നി ഇട്ടിയപ്പാറ ബസ് സ്റ്റാൻസിലെ സ്ഥിരം കാഴ്ചയായിരുന്നു.
ആത്മീയ വേദികളായ ചെറുകോൽപ്പുഴ, മാരാമൺ, പരുമല എന്നിവിടങ്ങളിലേക്ക് കിഴക്കൻ മേഖലയിൽ നിന്നുള്ള വിശ്വാസികൾക്ക് പോയി വരുന്നതിനും നെൽസൺ ബസ് സർവീസ് ഏറെ സഹായകമായി. നാട്ടുകാരുടെ ജീവിത സംസ്കാരത്തിന്റെ ഭാഗമായിരുന്ന നെൽസൺ ബസിന്റേത് പല വിവാഹ ബന്ധങ്ങളും ഉടലെടുത്ത യാത്ര കൂടിയായിരുന്നു.
പമ്പയാറിനു കുറുകെ അത്തിക്കയം പാലം വരുന്നതു വരെ നെൽസൺ ബസ് അത്തിക്കയത്ത് സർവീസ് അവസാനിപ്പിച്ച് പിന്നീട് കോഴഞ്ചേരിയിലേക്ക് മടങ്ങുകയായിരുന്നു. പ്രദേശത്തെ റോഡുകളും മറ്റും തകർന്നതിനേത്തുടർന്ന് ഏറെ നാളത്തേക്ക് ഈ സർവീസ് നിലച്ചുപോയിരുന്നതായി നാട്ടുകാർ പറയുന്നു. ബസിൽ ദീർഘകാലം ഡ്രൈവറായിരുന്ന വിമുക്തഭടനെക്കുറിച്ച് പഴയതലമുറയ്ക്ക് സ്മരണകളുണ്ട്.
അത്തിക്കയം പാലം വന്ന ശേഷം തോണിക്കടവ് വഴി ബസ് കുടമുരുട്ടിയിലേക്കും ഓടിയിരുന്നു. നെൽസൺ ബസിനു ശേഷം താഴോംപടിക്കൽ , അത്തിക്കയം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള മോൻസ് എന്നിവയും ഈ റൂട്ടിലൂടെ ഓടിയ ആദ്യകാല സർവീസുകളിൽ പെടുന്നു. പിന്നീട് റൂട്ടുകൾ പരിഷ്കരിച്ച് ബസുകൾ മാറിവന്നെങ്കിലും നാടിന്റെ പ്രഥമ ബസുകളെ നാട്ടുകാർ മറന്നിട്ടില്ല.