അബാന്‍ ജംഗ്ഷനില്‍ കടകളിലും ബാങ്കുകളിലും വെള്ളം കയറി
1539930
Sunday, April 6, 2025 3:42 AM IST
പത്തനംതിട്ട: പത്തനംതിട്ട നഗരത്തില്‍ പെയ്ത കനത്ത മഴയില്‍ അബാന്‍ ജംഗ്ഷന് ഭാഗത്തെ ബാങ്കുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. കനറ ബാങ്ക്, യൂണിയന് ബാങ്ക് എന്നിവിടങ്ങളിലും സമീപത്തെ കടകളിലുമാണ് വെള്ളം കയറിയത്. ബാങ്കിനുള്ളില്‍ കയറിയ വെള്ളം അഗ്നിരക്ഷാ സേന എത്തിയാണ് മോട്ടോര്‍ ഉപയോഗിച്ച് വറ്റിച്ചത്. കടകളില്‍ തറയില്‍ സൂക്ഷിച്ചിരുന്ന സാധനങ്ങളും നശിച്ചു.
ഇന്നലെ വൈകുന്നേരം നാലോടെയാണ് ശക്തമായ മഴ പെയ്തത്്. ഏകദേശം അരമണിക്കൂറോളം മഴ നീണ്ടു നിന്നു. അബാന്‍ മേല്‍പാലം നിര്‍മാണത്തിനിടെ ബസ് സ്റ്റാന്‍ഡ് മുതലുള്ള ഭാഗത്ത് ദിവസങ്ങളായി റോഡില്‍ വെള്ളക്കെട്ടാണ്. മലിനജലം ഒഴുകി പോകുന്ന ഓടകളലെ മാലിന്യങ്ങള്‍ നീക്കാത്തതു കാരണം വെള്ളം ഒഴുക്ക് പൂര്‍ണമായി നിലച്ചു. മഴസമയത്ത് ഓടയിലെ വെള്ളം ഒഴുക്ക് തടസപ്പെട്ട് മലിനജലം റോഡ് നിറഞ്ഞാണ് ഒഴുകുന്നത്.
ശക്തമായ മഴസമയത്ത് സമീപത്തെ കടകളിലേക്കും ബാങ്കിലേക്കും വെള്ളം ഇരച്ചുകയറുകയാണ്. മലിന ജലം അബാന്‍ ജംഗ്ഷനില്‍ കെട്ടിക്കിടക്കുകയാണ് . അബാന്‍ മേല്‍പാല നിര്‍മാണം ഇഴഞ്ഞുനീങ്ങുന്നതും വ്യാപരികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. ബസ് സ്റ്റാന്‍ഡിലേക്കുള്ള കാല്‍നട യാത്രക്കാരും ഏറെ പ്രതിസന്ധിയിലാണ്.