നീർവിളാകം ക്ഷേത്രത്തിൽ ഇന്ന് 101 കലാകാരൻമാരുടെ സോപാന സംഗീതം
1539748
Saturday, April 5, 2025 3:52 AM IST
ആറന്മുള: നീർവിളാകം ശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി ഇന്നു രാത്രി ഏഴിന് 101 കലാകാരൻമാർ അണിനിരക്കുന്ന സോപാന സംഗീതം നടക്കും. തനതു ശൈലിയിലൂടെ സോപാനസംഗീതത്തെ തന്റെ ജീവതത്തിന്റെ സംഗീതമാക്കി മാറ്റിയ സോപാനസംഗീത വിദ്വാൻഏലൂർ ബിജുവും സംഘവുമാണ് സോപാന സംഗീത പരിപാടി അവതരിപ്പിക്കുന്നത്.
ഏലൂരിനൊപ്പം 101 സോപാനസംഗീത കലാകാരന്മാർ ഇടയ്ക്കയിലെ അമൃത തന്തുക്കളിൽ ദേവസംഗീതം ചാലിച്ച് ഭക്തരെ ഭഗവാനിലേക്ക് അടുപ്പിക്കും.ഗിന്നസ് റെക്കോർഡ്സ് ലക്ഷ്യമിട്ട് 250 ൽപരം സോപാന ഗായകരെ അണിനിരത്തി എറണാകുളത്ത് നടത്തിയ ആനന്ദ സംഗീതം 2024 എന്ന പരിപാടിക്കു ശേഷം ഏലൂരും കൂട്ടരും നടത്തുന്ന സ്നേഹ സോപാനം 2025 പരിപാടി വ്യത്യസ്തമാക്കാനുള്ള ഒരുക്കത്തിലാണ് ക്ഷേത്ര ഭരണ സമിതി.
ഒമ്പതാം ഉത്സവ നാളായ ഒന്പതിനു രാത്രി 10 ന് ഗാനമേള, പത്താം ഉത്സവ ദിനത്തിൽ,രാവിലെ 10.30 ന് ഉത്സവബലിദർശനം,11 ന് ഉച്ചകഴിഞ്ഞ് രണ്ടിന് പള്ളിവേട്ട എഴുന്നള്ളിപ്പ്. പത്തു നാൾ നീണ്ടു നിൽക്കുന്ന ഉത്സവം 12 ന് ആറാട്ടോടെ സമാപിക്കും.