ലഹരി മാഫിയയ്ക്കെതിരേ നാട് ഒന്നിക്കുന്നു; സജ്ജരായി പോലീസും എക്സൈസും
1532751
Friday, March 14, 2025 3:37 AM IST
പത്തനംതിട്ട: കൗമാരങ്ങളെ ലഹരിയുടെ നീരാളിപ്പിടിയിൽ നിന്നു തലമുറയെ രക്ഷിക്കാനുള്ള ശ്രമത്തിൽ നാട് ഒന്നിക്കുന്നു. ഇതിന്റെ ഭാഗമായി പ്രചാരണ പരിപാടികൾക്കൊപ്പം ലഹരി മാഫിയയെ അമർച്ച ചെയ്യാനുള്ള ശ്രമത്തിൽ നൂതന മാർഗങ്ങളുമായി പോലീസും എക്സൈസും സജ്ജരായി.
വർധിച്ചുവരുന്ന മാരക ലഹരി വിപണനത്തിന്റെയും ഉപയോഗത്തിന്റെയും പശ്ചാത്തലത്തിൽ പൊതുസമൂഹവും അധികൃതരും കൂടുതൽ ശ്രദ്ധാലുക്കളായെന്നു കണ്ടതോടെ ലഹരി മാഫിയയും തങ്ങളുടെ തന്ത്രങ്ങളിൽ മാറ്റം വരുത്തിയതായാണ് സൂചന.
പരിശോധനകൾ ശക്തമായതോടെ ഉൾവലിഞ്ഞ സംഘം പുതിയ രൂപത്തിലും ഭാവത്തിലും വീണ്ടും രംഗപ്രവേശനം ചെയ്തിട്ടുണ്ട്. നിരീക്ഷണങ്ങൾ ശക്തമായതോടെ സ്കൂൾ, കോളജ് പരിസരങ്ങൾ വിട്ട് ആളൊഴിഞ്ഞ കേന്ദ്രങ്ങളും പ്രത്യേക ഇടങ്ങളും കേന്ദ്രീകരിച്ചാണ് പ്രവർത്തനം. ലഹരി ഉപയോഗം സ്ഥിരമാക്കിയവർ എവിടെയായാലും തങ്ങളെ തേടിയെത്തുമെന്ന് അറിയാവുന്ന മാഫിയ മൊബൈൽ സന്ദേശങ്ങളിലൂടെ കൃത്യമായ സ്ഥലങ്ങൾ പറഞ്ഞു കൊടുക്കുകയും ചെയ്യും.
സോഷ്യൽ മീഡിയകളിലൂടെയാണ് ഇവരുടെ പ്രധാന ആശയവിനിമയങ്ങളെന്നും കണ്ടെത്തിയിട്ടുണ്ട്. സമീപദിവസങ്ങളിൽ ലഹരികേസുകളിൽ പിടിയിലായവരിൽ നിന്നും ഇവരുടെ വില്പന രീതികളെ സംബന്ധിച്ച നിർണായക വിവരങ്ങൾ പോലീസിനും എക്സൈസിനും ലഭിച്ചിട്ടുണ്ട്.
നഗരങ്ങൾ കേന്ദ്രീകരിച്ച് ഹിറ്റ് ലിസ്റ്റ്
പോലീസ്, എക്സൈസ് പരിശോധനകൾ ശക്തമാക്കിയതിന്റെ ഭാഗമായി ജില്ലയിലെ ആറ് കേന്ദ്രങ്ങൾ പോലീസ് ഹിറ്റ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്. പത്തനംതിട്ട, കോന്നി, തിരുവല്ല, കോഴഞ്ചേരി, അടൂർ, പന്തളം എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് ലഹരി ഉല്പന്നങ്ങളുടെ വില്പനയും ഉപയോഗവും കൂടുതലാണെന്ന് റിപ്പോർട്ടുണ്ട്.
വിദ്യാർഥികൾ ലഹരിയുടെ ആലസ്യത്തിൽ പഠനത്തിന് എത്തുന്നത് സംബന്ധിച്ച് സ്കൂൾ, കോളജ് അധികൃതരും ബന്ധപ്പെട്ടവർക്കു വിവരങ്ങൾ നൽകിയിട്ടുണ്ട്. മോഡലിംഗിന്റെയും സ്റ്റേജ് ഷോകളുടെയും മറവിലും ജില്ലയ്ക്ക് അകത്തേക്കും പുറത്തേക്കും ലഹരി ഒഴുകുന്നുണ്ട്.
ഇതരസംസ്ഥാനങ്ങളിൽ പഠിക്കുന്ന കുട്ടികളുടെ സുഹൃദ് വലയങ്ങളിലൂടെയാണ് പലയിടത്തും മാരക ലഹരി എത്തുന്നതെന്ന വിവരവും ലഭിച്ചിട്ടുണ്ട്. വേഗത്തിൽ ധനസന്പാദനത്തിനുള്ള മാർഗമായി ലഹരി വില്പന തൊഴിലായി സ്വീകരിച്ചിട്ടുള്ളവരും ഇതേ സംഘത്തിലുണ്ട്.
രാവിലെയും വൈകുന്നേരവും രാത്രിയിലുമാണ് ലഹരി മാഫിയ ഇരകളെ തേടിയിറങ്ങുന്നത്. 15 നം 25 നും ഇടയിൽ പ്രായം വരുന്ന വിദ്യാർഥികളും യുവാക്കളുമാണ് പ്രധാന ഇടനിലക്കാർ. ഇവർ കുട്ടികളുമായി എളുപ്പത്തിൽ ചങ്ങാത്തത്തിലാവുകയും ലഹരിവസ്തുക്കൾ നൽകുകയും ചെയ്യും. നേരത്തെ കോളജ് വിദ്യാർഥികളുടെ ഇടയിൽ മാത്രമായിരുന്നെങ്കിൽ ഇപ്പോൾ സ്കൂൾ കുട്ടികളുടെ ഇടയിലും ലഹരി ഉപയോഗം വർധിച്ചതായി നിയമപാലകർ തന്നെ സമ്മതിക്കുന്നു.
കഞ്ചാവാണ് കൂടുതലായി എത്തുന്നത്. ഇതിന്റെ വില്പനക്കാരായി ഇതര സംസ്ഥാനക്കാർ പലയിടങ്ങളിലുമുണ്ട്. രാസലഹരി ഉപയോഗവും വ്യാപകമായിട്ടുണ്ട്. മാരകലഹരിക്ക് വിലയേറുമെന്നതിനാൽ സുഹൃദ് വലയത്തിലൂടെ ഇത് വിറ്റഴിക്കപ്പെടുകയും വാങ്ങി ഉപയോഗിക്കുകയും ചെയ്യുകയെന്നതാണ് രീതി.
ഉറവിടം കണ്ടെത്തണം
ലഹരിയുടെ ഉറവിടം കണ്ടെത്തുകയെന്നതിലാകണം ഇനിയുള്ള ശ്രദ്ധയെന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നു നിർദേശം ലഭിച്ചിട്ടുണ്ട്. ചെറിയ അളവിൽ മാത്രമുള്ള ലഹരി പിടികൂടി കേസുകളുടെ എണ്ണം തികയ്ക്കുന്ന പ്രവണതയാണ് നിലവിലുള്ളത്. സ്റ്റേഷൻ ജാമ്യം നൽകി ഇത്തരക്കാർ പുറത്തുപോയി വീണ്ടും ഇതേ പ്രവൃത്തി തുടരുകയാണ്.
ലഹരിയുടെ ഉറവിടം കണ്ടെത്തുന്നതിൽ പോലീസും എക്സൈസും പരാജയപ്പെടുന്നു. ഇതര സംസ്ഥാനങ്ങളിൽ നിന്നാണ് ഇവയുടെ വരവെന്ന് പറയമെങ്കിലും ശക്തമായ വാഹന പരിശോധനകൾ ഉണ്ടാകുന്നില്ല. പിടിയിലാകുന്നവരിൽ നിന്ന് ഉറവിടം തേടിയുള്ള അന്വേഷണവും ഉണ്ടാകാറില്ല.
നിരീക്ഷണവുമായി ഷാഡോ പോലീസ്
ജില്ലാ പോലീസ് മേധാവിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ ലഹരി വേട്ട മാത്രം ലക്ഷ്യമാക്കി ഷാഡോ പോലീസിനെ രംഗത്തിറക്കും.
പോലീസ് സ്റ്റേഷനുകളിലെയും ക്യാമ്പുകളിലെയും ചുള്ളൻമാരായ പോലീസുകാരെ ഉൾപ്പെടുത്തിയാണ് ഇതിനായി പ്രത്യേക ടീം സജ്ജമാക്കുന്നത്. ലഹരി മാഫിയകളെ വേരോടെ പിഴുതെറിയുകയാണ് സംഘത്തിന്റെ ലക്ഷ്യം.
ഇവർ ജോലി ചെയ്യുന്നത് യൂണിഫോമിൽ അല്ലാത്തതിനാൽ ആർക്കും തിരിച്ചറിയാനാകില്ല. രഹസ്യ സ്വഭാവത്തിൽ ഗ്രൂപ്പുകളായിട്ടായിരിക്കും സംഘത്തന്റെ പ്രവർത്തനം. ജില്ലാ പോലീസ് മേധാവിക്ക് ലഭിക്കുന്ന വിവരങ്ങളും ഇവരായിരിക്കും അന്വേഷിക്കുക. എസ്പിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലായതിനാൽ ബാഹ്യഇടപെടലുകൾ നടക്കില്ല.
പിടികൂടുന്ന കേസുകൾ എസ്പിയുടെ നിർദേശ പ്രകാരം ഏതു പോലീസ് സ്റ്റേഷനിലും രജിസ്റ്റർ ചെയ്യാനുമാകും.
നേർവഴി പദ്ധതിയുമായി എക്സൈസ് വകുപ്പ്
മാരക ലഹരിയുടെ വ്യാപനം തടയാൻ നിർണായകമായ ഉത്തരവാദിത്വമുള്ള എക്സൈസ് വകുപ്പ് നേർവഴി പദ്ധതി ശക്തമാക്കും. ഇതിന്റെ അടിസ്ഥാനത്തിൽ പ്രത്യേക സംഘങ്ങൾക്ക് രൂപം നൽകി പ്രവർത്തനം ശക്തിപ്പെടുത്തും.
സംസ്ഥാന തലത്തിൽ 2022 മുതൽ പദ്ധതി നിലവിലുണ്ടെങ്കിലും അംഗബലക്കുറവും ജോലി ഭാരവും കാരണം ജില്ലാ തലങ്ങളിൽ പ്രവർത്തനം പ്രഹസനമായിരുന്നു. പ്രാദേശികമായി കുട്ടികളിൽ ലഹരി ഉപയോഗം വർധിക്കുന്നതായുളള കണക്കുകളേതുടർന്നാണ് ജില്ലാതലത്തിലും പദ്ധതി വ്യാപിപ്പിക്കുന്നത്.
ലഹരി ഉപയോഗത്തിൽ നിന്നും കുട്ടികളെ പിന്തിരിപ്പിക്കുകയാണ് നേർവഴിയുടെ പ്രാഥമിക ലക്ഷ്യം. കുട്ടികൾക്കിടയിൽ പ്രായോഗിക ഇടപെടൽ നടത്തുന്നതിലൂടെ ഇതു സാധ്യമാകുമെന്നാണ് പ്രതീക്ഷ.
ലഹരി ഉപയോഗവും വിപണനവും സംബന്ധിച്ച വിവരങ്ങൾ രക്ഷിതാക്കൾക്കും അദ്ധ്യാപകർക്കും ഏത് സമയവും തിരുവനന്തപുരം എക്സൈസ് കമ്മീഷണറേറ്റിലെ 9656178000 എന്ന ഫോൺ നമ്പറിലോ 14405 എന്ന ട്രോൾ ഫ്രീ നമ്പറിൽ അറിയിക്കാം. അവിടെ നിന്ന് ജില്ലാ വിമുക്തി ഭവൻ മാനേജർക്ക് വിവരം കൈമാറും. മാനേജർ നൽകുന്ന നിർദ്ദേശ പ്രകാരം ഉദ്യോഗസ്ഥർ കുട്ടികളെയും രക്ഷിതാക്കളെയും കാണും. കാര്യങ്ങൾ ചോദിച്ചറിഞ്ഞ് കൗൺസിലിംഗ് നൽകും. ആവശ്യമെങ്കിൽ ഡോക്ടറുടെ സേവനം ലഭ്യമാക്കും. എല്ലാം രഹസ്യമായിരിക്കും.
പോരാളികളായി അധ്യാപകരും
കുട്ടികളുമായി നിരന്തര ബന്ധമുള്ള അധ്യാപകർക്ക് ജാഗ്രതാ നിദേശം നൽകിയാണ് എക്സൈസ്, പോലീസ് വകുപ്പുകൾ ഇനിയുള്ള പദ്ധതികൾ മുന്നോട്ടുവയ്ക്കുന്നത്. കുട്ടികളിലുണ്ടാകുന്ന മാറ്റങ്ങൾ ശ്രദ്ധിച്ച് വിവരം അറിയിക്കാനാണ് നിർദേശം. സ്കൂൾ അധ്യാപകരുടെയും ട്യൂഷൻ അധ്യാപകരുടെയും സഹകരണം ഇക്കാര്യത്തിൽ തേടും.
കുട്ടികളിൽ വർധിച്ചുവരുന്ന അക്രമവാസന ലഹരി ഉപയോഗത്തിന്റെ പ്രധാന ലക്ഷണമായി കാണേണ്ടതുണ്ടെന്ന് അധികൃതർ പറയുന്നു.
മിടുക്കൻമാരായ പല കുട്ടികളുടെയും സ്വഭാവത്തിലുണ്ടാകുന്ന ഇത്തരം മാറ്റങ്ങൾ രക്ഷിതാക്കളുമായി പങ്കുവയ്ക്കുകയും നിരന്തര നിരീക്ഷണത്തിലൂടെ ഇവരെ തെറ്റിൽ നിന്നു മോചിപ്പിക്കുകയും ചെയ്യുന്നതിന് പിന്തുണ നൽകുകയാണ് എക്സൈസ് വകുപ്പ് നേർവഴി പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
സമീപകാലത്ത് ഇത്തരത്തിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കാര്യക്ഷമമായ ഇടപെടൽ വകുപ്പിനു നടത്താനായി. കുട്ടികൾക്കും രക്ഷിതാക്കൾക്കും പിന്നീട് കൗൺസിലിംഗ് നൽകി. കുട്ടികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ മാഫിയ സംഘത്തിലെ ചിലർ പിടിയിലാകുകയും ചെയ്തു.