നഗരസഭ - എച്ച്എംസി പോര് : ജനറൽ ആശുപത്രി വികസനം: കേന്ദ്രസർക്കാർ ആരോഗ്യ ഗ്രാന്റിലെ 50 ലക്ഷം പാഴാകും
1532763
Friday, March 14, 2025 3:47 AM IST
പത്തനംതിട്ട: നഗരത്തിലെ സർക്കാർ ആരോഗ്യ കേന്ദ്രത്തിന്റെ നിയന്ത്രണം നഗരസഭയിൽ നിന്നു മാറ്റിയതിനു പിന്നാലെ കേന്ദ്ര സർക്കാർ നൽകിയ ആരോഗ്യ ഗ്രാന്റും നഷ്ടമാകുന്നു. പത്തനംതിട്ട ജനറൽ ആശുപത്രിയുടെ വികസന പ്രവർത്തനങ്ങൾക്കായി ഒരുവർഷം മുന്പ് ഹെൽത്ത് ഗ്രാന്റായി നഗരസഭയ്ക്കു ലഭിച്ച 50 ലക്ഷം രൂപയാണ് വിനിയോഗമില്ലാതെ അക്കൗണ്ടിൽ കിടക്കുന്നത്.
അടുത്ത 31നകം പണം ചെലവഴിച്ച് വിനിയോഗ സർട്ടിഫിക്കറ്റ് നൽകിയില്ലെങ്കിൽ ഈ തുക നഷ്ടപ്പെടുമെന്നു മാത്രമല്ല, ജനറൽ ആശുപത്രിക്കുള്ള കേന്ദ്ര ഗ്രാന്റ് തടയുകയും ചെയ്യും.ആശുപത്രി സ്ഥിതി ചെയ്യുന്ന തദ്ദേശ സ്ഥാപന അക്കൗണ്ടിലേക്കാണ് കേന്ദ്ര സർക്കാർ ഫണ്ട് അനുവദിക്കുന്നത്.
ഇതനുസരിച്ചാണ് പത്തനംതിട്ട ജനറൽ ആശുപത്രിക്കുള്ള പണം നഗരസഭയുടെ അക്കൗണ്ടിൽ വന്നത്. എന്നാൽ പത്തനംതിട്ട ജനറൽ ആശുപത്രിയുടെ നിയന്ത്രണം ഒരുവർഷം മുന്പ് നഗരസഭയിൽ നിന്ന് എടുത്തുമാറ്റി ജില്ലാ പഞ്ചായത്തിനു കൈമാറി ആരോഗ്യവകുപ്പ് ഉത്തരവിട്ടിരുന്നു.
പണം കൈമാറാൻ തയാറായി നഗരസഭ
തങ്ങളുടെ അക്കൗണ്ടിലെത്തിയ പണം ആശുപത്രിക്കു നൽകാൻ തയാറായി നഗരസഭ ഒന്നിലേറെ തവണ ജനറൽ ആശുപത്രി സൂപ്രണ്ടിനു കത്തു നൽകിയിരുന്നതായി നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെറി അലക്സ് പറഞ്ഞു. ഏത് അക്കൗണ്ടിലേക്കാണ് പണം മാറ്റേണ്ടതെന്ന് ആരാഞ്ഞാണ് നഗരസഭ കത്തു നൽകിയത്. എന്നാൽ ഇതേക്കുറിച്ച് പ്രതികരണം ഉണ്ടായില്ല.
നഗരസഭയുടെ അക്കൗണ്ടിലെ പണം വേണ്ടെന്ന നിഷേധാത്മക നിലപാട് ആരോഗ്യവകുപ്പ് സ്വീകരിക്കുകയാണെന്ന സംശയവും ഇതിനിടെയുണ്ടായി. പണം കൈമാറ്റം സംബന്ധിച്ച് ആശുപത്രി സൂപ്രണ്ട് എച്ച്എംസി അംഗങ്ങളായ ജനപ്രതിനിധികളെ അറിയിച്ചിരുന്നതായും എന്നാൽ അനുകൂലമായ മറുപടി ഉണ്ടായില്ലെന്നും പറയുന്നു.
അധികാര മാറ്റത്തിനു പിന്നിൽ രാഷ്ട്രീയം
നഗര പരിധിയിലെ ജനറൽ ആശുപത്രിയുടെ നിയന്ത്രണം നഗരസഭയിൽ നിന്നും എടുത്തുമാറ്റിയത് രാഷ്ട്രീയ താത്പര്യത്തിലാണെന്ന് ആക്ഷേപമുണ്ട്. നഗരസഭ ഭരിക്കുന്നത് എൽഡിഎഫാണെങ്കിലും ഭരണനേതൃത്വവുമായി ആരോഗ്യമന്ത്രിക്കുള്ള അഭിപ്രായ ഭിന്നതയാണ് ഇതിനു കാരണമായി പറഞ്ഞത്.
നഗരസഭയിൽ യാതൊരു അധികാരവുമില്ലാത്ത ജില്ലാ പഞ്ചായത്തിനെയാണ് ആശുപത്രി നിയന്ത്രണം ഏല്പിച്ചിരിക്കുന്നത്. ഇതേത്തുടർന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റാണ് ആശുപത്രി മാനേജ്മെന്റ് കമ്മിറിയുടെ അധ്യക്ഷൻ. നഗരസഭ ചെയർമാനെ ഇതിൽ അംഗം പോലുമാക്കിയിട്ടില്ല. വാർഡ് കൗൺസിലർ മാത്രമാണ് നഗരസഭയെ പ്രതിനിധീകരിച്ചുള്ളത്.
ജനറൽ ആശുപത്രിയിൽ പുതിയ കെട്ടിട നിർമാണം ആരംഭിക്കുന്ന ഘട്ടത്തിൽ ബദൽ ക്രമീകരണങ്ങൾ ഏർപ്പെടുത്താനുള്ള ജോലികൾ നഗരസഭ നടത്തിവരുന്ന കാലഘട്ടത്തിലാണ് പ്രത്യേക ഉത്തരവിലൂടെ അധികാരമാറ്റം ഉണ്ടായത്. ഇതിനെതിരേ നഗരസഭ കൗൺസിൽ പ്രതിഷേധിക്കുകയും ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. എന്നാൽ ഭരണമുന്നണി നിർദേശപ്രകാരം കേസിന്റെ തുടർനടപടികൾ മുന്നോട്ടു പോയില്ല.
എച്ച്എംസി യോഗവും ചേരുന്നില്ല
ജനറൽ ആശുപത്രിയുടെ മാനേജ്മെന്റ് കമ്മിറ്റി യോഗവും ചേരുന്നില്ല. ആരോഗ്യമന്ത്രിക്കു കൂടി സൗകര്യപ്രദമായ തീയതിയിലാണ് സാധാരണ യോഗം ചേരാറുള്ളത്. ഇതുകാരണം യോഗങ്ങൾ വൈകുന്നുവെന്ന് ആക്ഷേപമുണ്ട്. ജില്ലാ പഞ്ചായത്തിനാകട്ടെ ജില്ലാ ആശുപത്രി, ആയുർവേദ, ഹോമിയോ ആശുപത്രികൾ എന്നിവയുടെ നിയന്ത്രണമുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റാണ് ഈ ആശുപത്രികളിലും എച്ച്എംസി ചെയർമാൻ.
നിലവിൽ ജനറൽ ആശുപത്രിയിൽ സൂപ്രണ്ടുമില്ലാത്ത സ്ഥിതിയാണ്. നിലവിലെ സൂപ്രണ്ടിനെ സ്ഥലംമാറ്റിയതോടെ നാഥനില്ലാത്ത അവസ്ഥയാണ്. ജലക്ഷാമം ഉൾപ്പെടെയുള്ള വിഷയങ്ങൾ ആശുപത്രി നേരിടുന്നുണ്ട്.
ദൈനംദിന പ്രവർത്തനങ്ങളിൽ ഇടപെടലിന് എച്ച്എംസിക്കും കഴിയുന്നില്ല. കെട്ടിട നിർമാണം നടക്കുന്നതിനാൽ അതുമായി ബന്ധപ്പെട്ട പൈലിംഗ് ജോലികൾക്കിടെയാണ് കിണറ്റിലെ വെള്ളം താഴ്ന്നത്. വെള്ളത്തിന്റെ ലഭ്യത കുറഞ്ഞതോടെ രോഗികളും കൂട്ടിരിപ്പുകാരും ഏറെ ബുദ്ധിമുട്ടിലുമായി.