തിരുവല്ലയിൽ സ്വകാര്യബസ് പണിമുടക്കും തൊഴിലാളി മാർച്ചും നടത്തി
1533057
Saturday, March 15, 2025 3:53 AM IST
തിരുവല്ല: തകർന്നു കിടക്കുന്ന തിരുവല്ല മുനിസിപ്പൽ ബസ് സ്റ്റാൻഡിന്റെ ശോചനീയാവസ്ഥയ്ക്കെതിരേ സ്വകാര്യ ബസ് തൊഴിലാളികൾ പണിമുടക്കി.
ബസ് സ്റ്റാൻഡിലെ ശോച്യാവസ്ഥ പരിഹരിച്ച് സഞ്ചാരയോഗ്യമാക്കണമെന്നും ബസ് സ്റ്റാൻഡിൽ യാത്രക്കാർക്കു വേണ്ട അടിസ്ഥാന സൗകര്യങ്ങൾ സ്ഥാപിക്കണമെന്നും നഗരസഭയുടെ അവഗണന അവസാനിപ്പിക്കണമെന്നും പ്രൈവറ്റ് ബസുകൾക്കു നേരെ പോലീസ്,
ആർടിഒ അധികാരികൾ അനാവശ്യമായി ചുമത്തുന്ന പെറ്റി ഉൾപ്പെടെയുള്ള നിയമ നടപടികൾ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് പണിമുടക്കിയ സ്വകാര്യ ബസ് തൊഴിലാളികൾ തിരുവല്ല നഗരസഭയിലേക്കു മാർച്ചും നടത്തി.
മാർച്ച് യൂണിയൻ സംസ്ഥാന സെക്രട്ടറി കെ. കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം സുഭാഷ് അധ്യക്ഷത വഹിച്ചു.
സിഐറ്റിയു ദേശീയ കൗൺസിൽ അംഗം ഫ്രാൻസിസ് വി. ആന്റണി, യൂണിയൻ ജില്ലാ പ്രസിഡന്റ് ആർ. മനു, സിപിഎം ഏരിയ സെക്രട്ടറി ബിനിൽ കുമാർ, സിഐറ്റിയു ഏരിയ സെക്രട്ടറി കെ. ബാലചന്ദ്രൻ, യൂണിയൻ ഏരിയ സെക്രട്ടറി ജോൺ മാത്യു, ജില്ലാ കമ്മിറ്റി അംഗങ്ങളായ കണ്ണൻ, അനുരാജ് എന്നിവർ പ്രസംഗിച്ചു.