കോഴഞ്ചേരിയിൽ അവിശ്വാസചർച്ച 18ന്; കേരള കോൺഗ്രസ് അംഗമെന്ന് പ്രസിഡന്റ്
1532764
Friday, March 14, 2025 3:47 AM IST
കോഴഞ്ചേരി: ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനും വൈസ് പ്രസിഡന്റിനുമെതിരേ കോൺഗ്രസ് അംഗങ്ങൾ നൽകിയ അവിശ്വാസ നോട്ടീസിൽ 18നു ചർച്ചയും വോട്ടെടുപ്പും നടക്കും. രാവിലെ പ്രസിഡന്റിനും ഉച്ചകഴിഞ്ഞ് വൈസ് പ്രസിഡന്റിനും എതിരേയുള്ള അവിശ്വാസം പരിഗണിക്കുമെന്ന് അംഗങ്ങൾക്കു നൽകിയ നോട്ടീസിൽ പറയുന്നു.
കേരള കോൺഗ്രസിലെ റോയി ഫിലിപ്പ് എൽഡിഎഫ് പിന്തുണയിലാണ് നിലവിൽ പ്രസിഡന്റ്. സിപിഎമ്മിലെ മിനി സുരേഷാണ് വൈസ് പ്രസിഡന്റ്. കോൺഗ്രസിലെ മൂന്ന് അംഗങ്ങളും കേരള കോൺഗ്രസിലെ സാലി ഫിലിപ്പുമാണ് അവിശ്വാസ നോട്ടീസിൽ ഒപ്പുവച്ചിരിക്കുന്നത്. അഞ്ചു പേരുടെ പിന്തുണ എൽഡിഎഫിനുണ്ട്. രണ്ട് കേരള കോൺഗ്രസ് അംഗങ്ങളും ചേർന്നാണ് ഭരണം നിലനിർത്തിവന്നത്. ബിജെപിയിൽ രണ്ട് അംഗങ്ങളുണ്ട്. എന്നാൽ താൻ കേരള കോൺഗ്രസ് പ്രതിനിധിയാണെന്നും പ്രസിഡന്റ് സ്ഥാനത്തെത്തിയത് രണ്ടു മുന്നണികളുടെയും പിന്തുണയോടെയാണെന്നും റോയി ഫിലിപ്പ് പറഞ്ഞു.
പ്രസിഡന്റ് സ്ഥാനത്തു രണ്ടു വർഷം പൂർത്തിയാക്കി സാലി ഫിലിപ്പിനുവേണ്ടി സ്ഥാനം ഒഴിയാൻ തയാറായിരുന്നു. ഇക്കാര്യം അവരെ അറിയിക്കുകയും ചെയ്തതാണ്. സാഹചര്യം ഇതായിരിക്കേ കോൺഗ്രസുമായി ചേർന്ന് സാലി ഫിലിപ്പ് അവിശ്വാസനോട്ടീസ് നൽകിയത് ഏറെ വിഷമിപ്പിച്ചെന്നും റോയി ഫിലിപ്പ് പറഞ്ഞു.
പാർട്ടിക്ക് വിശ്വാസമില്ലെങ്കിൽ മെംബർസ്ഥാനം രാജിവയ്ക്കാൻ വരെ സന്നദ്ധത അറിയിച്ചിട്ടുണ്ട്. അവിശ്വാസത്തെ പിന്തുണയ്ക്കാൻ റോയി ഫിലിപ്പിന് കേരള കോൺഗ്രസ് വിപ്പ് നൽകും. സ്വന്തം പേരിലുള്ള അവിശ്വാസത്തെ അദ്ദേഹം പിന്തുണയ്ക്കുമോയെന്നതും ചർച്ചയായിട്ടുണ്ട്.