നാലുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണം; പ്രതിരോധ കുത്തിവയ്പിലെ പിഴവല്ലെന്ന് ആരോഗ്യവകുപ്പ്
1532760
Friday, March 14, 2025 3:37 AM IST
പത്തനംതിട്ട: നവജാത ശിശുവിന്റെ മരണത്തിൽ പ്രതിരോധ കുത്തിവയ്പുമായി ബന്ധപ്പെട്ട പ്രചാരണം വാസ്തവ വിരുദ്ധമെന്ന് ആരോഗ്യവകുപ്പ്.
കോന്നി മങ്ങാരം ദിവ്യാഭവനിൽ ദിവ്യാ ആർ. നായരുടെ മകൻ നാല് മാസം പ്രായമുള്ള വൈഭവാണ് മരിച്ചത്. ബുധനാഴ്ച കോന്നി താലൂക്ക് ആശുപത്രിയിൽ കുട്ടിക്ക് പ്രതിരോധ വാക്സിൻ നൽകി വീട്ടിലെത്തിയ ശേഷം അസ്വസ്ഥതയുണ്ടായി. അടൂരിൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ശേഷം വിദഗ്ധ ചികിത്സയ്ക്ക് തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും വഴിയാണ് മരണം. ഹൃദയാഘാതമാണ് മരണകാരണമായി കണ്ടെത്തിയിരിക്കുന്നത്.
കുട്ടിയുടെ മരണം പ്രതിരോധ വാക്സിൻ സ്വീകരിച്ചതിനേ തുടർന്നാണെന്ന പ്രചാരണം ഇതിനിടെ ഉണ്ടായി. ഇതിൽ വസ്തുതയില്ലെന്ന് കോന്നി താലൂക്ക് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ആറാമത്തെയും പത്താമത്തെയും ആഴ്ചയിൽ പ്രതിരോധ വാക്സിൻ നൽകിയപ്പോൾ കുട്ടിക്ക് ബുദ്ധിമുട്ടുകൾ ഉണ്ടായില്ല. ശരിയായ അളവിലാണ് കഴിഞ്ഞ ദിവസവും വാക്സിൻ നൽകിയത്. ഇതേ ദിവസം നിരവധി കുട്ടികൾ കോന്നി താലൂക്ക് ആശുപത്രിയിൽ വാക്സിൻ സ്വീകരിക്കുകയും ചെയ്തിരുന്നു.
വീട്ടിൽ വച്ച് പാരാസെറ്റാമോൾ സിറപ്പ് നൽകിയ ശേഷം കുട്ടി ഛർദിക്കുകയും ക്ഷീണിതനാവുകയും ചെയ്തു. തുടർന്നാണ് സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയത്. പരാതിയില്ലെന്ന് ബന്ധുക്കൾ അറിയിച്ചു. സംസ്കാരം നടത്തി. അഭിലാഷാണ് പിതാവ്. മാതാവ്: ധന്യ ആർ. നായർ.