ലഹരി മാഫിയാ ബന്ധം ആരോപണം: ചെയർപേഴ്സന്റെയും കൗൺസിലറുടെയും മൊഴിയെടുത്ത് പോലീസ്
1533050
Saturday, March 15, 2025 3:53 AM IST
അടൂർ: മയക്കുമരുന്ന് മാഫിയായുമായി അടൂർ നഗരസഭാധ്യക്ഷ ദിവ്യാ റെജി മുഹമ്മദിന് ബന്ധമുണ്ടെന്ന തരത്തിലുള്ള ശബ്ദരേഖ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച സംഭവത്തിൽ പോലീസ് മൊഴിയെടുപ്പ്.
നഗരസഭാധ്യക്ഷ ദിവ്യാ റെജി മുഹമ്മദിന്റെയും ആരോപണം ഉന്നയിച്ച സിപിഎം കൗൺസിലർ റോണി പാണംതുണ്ടിലിന്റെയും മൊഴിയാണ് ഇന്നലെ പോലീസ് രേഖപ്പെടുത്തിയത്. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശത്തെ തുടർന്ന് അടൂർ ഡിവൈഎസ്പി ജി.സന്തോഷ് കുമാറാണ് മൊഴിയെടുത്തത്.
മയക്കുമരുന്ന് ലഹരി മാഫിയാക്കെതിരേ നടപടികൾ ശക്തമാക്കുന്ന സാചര്യത്തിൽ ഉത്തരവാദിത്വപ്പെട്ടവർക്കു നേരെയുള്ള ആരോപണത്തിന്റെ നിജസ്ഥിതി അറിയാനായിരുന്നു ഇരുവരുടേയും മൊഴി രേഖപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്.
വിവാദ ശബ്ദരേഖ തികച്ചും വസ്തുതാ വിരുദ്ധമാണെന്നും കഴിഞ്ഞ ദിവസം റോണി പാണം തുണ്ടിലുമായി ചില തർക്കങ്ങൾ ഉണ്ടായതായും ദിവ്യാ റെജി മുഹമ്മദ് പോലീസിനു നൽകിയ മൊഴിയിൽ പറയുന്നു.
നഗരത്തിൽ ലഹരി വില്പനക്കാർക്കു താവളം ഒരുക്കുന്ന തരത്തിൽ ഭരണനേതൃത്വം പെരുമാറുന്നുവെന്ന മൊഴിയാണ് റോണി പാണംതുണ്ടിൽ നൽകിയതെന്നാണ് സൂചന. കാമറയും വെളിച്ചവും വേണമെന്ന് ഒട്ടേറെ തവണ പരാതി നൽകിയിരുന്നു. പക്ഷേ പരിഹാരം ഉണ്ടാകുന്നില്ല. ഇതുകാരണം ലഹരി മാഫിയ നഗരത്തിൽ വിഹരിക്കുന്നു.
കൂടാതെ അടൂർ കെഎസ്അർടിസി സ്റ്റാൻഡിനു സമീപം രാപകൽ പ്രവർത്തിക്കുന്ന കടയുള്ളതിനാൽ ദൂരെ ദേശത്തു നിന്നു പോലും ആളുകൾ നഗരത്തിൽ വന്ന് തമ്പടിക്കുന്നു. ഇത്തരം കാര്യങ്ങളാണ് താൻ ഉദ്ദേശിച്ചതെന്നുമാണ് കൗൺസിലർ റോണി പാണം തുണ്ടിൽ പോലീസിനോടു വ്യക്തമാക്കിയത്.