മന്ത്രി-ചെയർമാൻ പോരിനിടെ ആശുപത്രി വികസനം തടസപ്പെടുന്നത് അംഗീകരിക്കാനാകില്ല: യുഡിഎഫ്
1533052
Saturday, March 15, 2025 3:53 AM IST
പത്തനംതിട്ട: നഗരസഭ ചെയർമാനും ആരോഗ്യമന്ത്രിയും തമ്മിൽ നിലനിൽക്കുന്ന ശീതസമരത്തിനിടെ പത്തനംതിട്ട ജനറൽ ആശുപത്രിയുടെ വികസന ഫണ്ട് നഷ്ടപ്പെടുത്തുന്നത് ജനങ്ങളോടുള്ള വഞ്ചനയാണെന്ന് യുഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് കെ. ജാസിംകുട്ടി.
കേന്ദ്രസർക്കാർ നീതി ആയോഗ് മുഖേന പത്തനംതിട്ട ജനറൽ ആശുപത്രി വികസനത്തിനു വേണ്ടി നഗരസഭയുടെ അക്കൗണ്ടിലേക്ക് നൽകിയ 50 ലക്ഷം രൂപ ഒരുവർഷമായി വിനിയോഗമില്ലാതെ കിടക്കുകയാണ്. ഈ പണം നഷ്ടപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് ഇന്നലെ ദീപിക റിപ്പോർട്ട് ചെയ്തിരുന്നു.
നഗരസഭ പരിധിയിൽ സ്ഥിതി ചെയ്യുന്ന ജനറൽ ആശുപത്രിയുടെ നിയന്ത്രണം സ്വാഭാവികമായി നഗരസഭയ്ക്കുള്ളതാണ്. ഇതനുസരിച്ചാണ് കേന്ദ്രസർക്കാർ ഫണ്ട് നഗരസഭയുടെ അക്കൗണ്ടിലെത്തിയതും. എന്നാൽ നഗരസഭ ചെയർമാനും മന്ത്രിയും തമ്മിലുള്ള ശീതസമരത്തിന്റെ ഭാഗമായി പ്രത്യേക ഉത്തരവിലൂടെ നഗരസഭയ്ക്ക് ജനറൽ ആശുപത്രിയുടെ മേലുള്ള നിയന്ത്രണാധികാരം എടുത്തുമാറ്റുകയും ജില്ലാ പഞ്ചായത്തിനെ ഏല്പിക്കുകയും ചെയ്തു.
ആശുപത്രിക്കു വേണ്ടി അക്കൗണ്ടിലെത്തിയ പണം കൈമാറാൻ നഗരസഭ സൂപ്രണ്ടിന് കത്തു നൽകിയിട്ടും പ്രതികരണം ഉണ്ടായിട്ടില്ലെന്നത് ഖേദകരമാണ്. നഗരത്തിലെ ആശുപത്രിയുടെ വിവിധ വികസന ആവശ്യങ്ങൾക്കു ലഭിച്ച പണമാണ് രാഷ്ട്രീയ ധാർഷ്ട്യത്തിൽ നഷ്ടമാകുന്നതെന്ന് ജാസിംകുട്ടി ചൂണ്ടിക്കാട്ടി.
ആശുപത്രി പ്രവർത്തനം കുത്തഴിഞ്ഞിരിക്കുകയാണ്. സൂപ്രണ്ട് പോലും നിലവിൽ ഇല്ല. രോഗികൾക്കും കൂട്ടിരിപ്പുകാർക്കു വെള്ളം പോലും ലഭിക്കുന്നില്ല. ഒപിയിലെത്തുന്നവർക്ക് പ്രാഥമികാവശ്യങ്ങൾക്കുള്ള സൗകര്യവുമില്ല.
എച്ച്എംസി യോഗം കൂടി കാര്യങ്ങൾ ചർച്ച ചെയ്യാൻ പോലുമാകാത്ത ഗുരുതരമായ സാഹചര്യമാണ് സംജാതമായിരിക്കുന്നതെന്നും ഇതിനെതിരേ യുഡിഎഫ് ശക്തമായ പ്രക്ഷോഭ പരിപാടികളുമായി രംഗത്തുവരുമെന്നും ജാസിംകുട്ടി പറഞ്ഞു.