ഗതകാല സ്മരണകളോടെ ഓമല്ലൂർ വയൽവാണിഭത്തിന് ഇന്നു തുടക്കം
1533061
Saturday, March 15, 2025 4:04 AM IST
ഓമല്ലൂർ: കാർഷിക സംസ്കാരത്തിന്റെ ഗതകാല സ്മരണകളുയർത്തി ഓമല്ലൂർ വയൽവാണിഭത്തിന് ഇന്നു തുടക്കം. മനുഷ്യൻ കാളവണ്ടികളും വില്ലുവണ്ടികളും മാത്രം ഉപയോഗിച്ചിരുന്ന ഒരു കാലഘട്ടത്തിൽ ഓമല്ലൂർ വയലിൽ ആരംഭിച്ച വാണിഭം കാർഷിക സംസ്കൃതിയുടെയും ഐശ്വര്യത്തിന്റെയും കൂട്ടായ്മയുടെയുമൊക്കെ കഥ പറയുന്നതാണ്. പതിറ്റാണ്ടുകൾ പിന്നിലേക്ക് ചികയുന്പോൾ ഓമല്ലൂർ വയൽ വാണിഭത്തിന് പറയാൻ ഐതീഹ്യവുമുണ്ട്.
കൊല്ലം ജില്ലയിലെ വെളിനല്ലൂർ പഞ്ചായത്തിലെ തെക്കേവയലിൽ കെട്ടിയിരുന്ന ഒരു കാളക്കൂറ്റൻ കയറിന്റെ അഗ്രത്തിൽ ബന്ധിച്ചിരുന്ന പാലക്കുറ്റിയുമായി വിരണ്ടോടി ഓമല്ലൂർ വയൽവരെ എത്തുകയും അതിനെ ഒരു കർഷകൻ ആ കുറ്റി നാട്ടി വയലിൽ ബന്ധിക്കുകയും ചെയ്തു. വയലിൽ കെട്ടിയ കാളക്കൂറ്റനെ കാണാനും വില പറയാനും ദൂരെനിന്നുപോലും ആളുകൾ എത്തി. ആ പാലക്കുറ്റി വളർന്ന് ഒരു വൃക്ഷമായി മാറി. പിൽക്കാലത്ത് മീനം ഒന്നിന് പാലമരച്ചുവട്ടിൽ കർഷകർ തങ്ങളുടെ ഉരുക്കളെ എത്തിച്ചു തുടങ്ങി. ഇതിലൂടെ ഓമല്ലൂരിൽ കാലിച്ചന്തയായി.
ഇതിനൊപ്പം കാർഷിക വിളകളുടെ വിപണനവും ആരംഭിച്ചു. വിവിധയിനം വിത്ത് വകകളാണ് പ്രധാനമായും എത്തിച്ചത്. മീനം പിറക്കുന്നതോടെ കിഴങ്ങുവർഗ കൃഷിയും മറ്റും കർഷകർ ആരംഭിക്കുന്ന സമയം കൂടിയായതിനാൽ വിത്തുവകകളുടെ വിപണിയും സജീവമായി. കാലിച്ചന്തയും കാർഷികമേളയുമായി ഓമല്ലൂർ വാണിഭം ഇതോടെ ഗതകാല സ്മരണകളുടെ സംഗമഭൂമിയായി.
പരന്പരാഗത കാർഷിക വിളകളുടെയും കന്നുകാലികളുടെയും ക്രിയവിക്രയമാണ് വയൽ വാണിഭത്തിന്റെ പ്രത്യേകത. കൂടാതെ പഴമയും പുതുമയും സമ്മേളിക്കുന്ന നിരവധി നിത്യോപയോഗ സാധനങ്ങളുടെ പ്രദർശനവും വില്പനയും സജ്ജീകരിച്ചിട്ടുണ്ട്. മനുഷ്യനു മണ്ണിനോടും പ്രകൃതിയോടുമുള്ള ആത്മബന്ധത്തിന്റെ സത്തയെ തൊട്ടറിഞ്ഞുള്ള ഗ്രാമോത്സവമാണിത്.
കാർഷിക വിപണി ഒരുമാസം നീണ്ടുനിൽക്കും
ഓമല്ലൂരിന്റെ ഒരു മാസത്തെ ഗ്രാമോത്സവമാണിത്. പഴയ തലമുറയ്ക്കൊപ്പം പുതുതലമുറയും ഹൃദയത്തോടു ചേർത്തുവയ്ക്കുന്ന നാട്ടുത്സവമാണിത്. മധ്യതിരുവിതാംകൂറിലെ ഏറ്റവും വലിയ കാര്‍ഷിക വ്യാപാരമേളയും കാളച്ചന്തയും നടന്ന സ്ഥലമാണിത്. മീനം ഒന്ന് മുതല്‍ ഒരാഴ്ചത്തേക്ക് കന്നുകാലി വ്യപാരമായിരുന്നു പ്രധാനം. ഇതിനായി കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നുമുള്ള കര്‍ഷകര്‍ കന്നുകാലികളുമായി എത്തിയിരുന്നു. ഇവിടെ കാളച്ചന്തയ്ക്കു തനതു ഭാഷയും നിലനിന്നിരുന്നു.
കാളകള്‍ക്ക് വില പറഞ്ഞിരുന്നത് രഹസ്യഭാഷയിലായിരുന്നു. ഒന്നു മുതല്‍ പത്ത് വരെ അക്കങ്ങള്‍ക്ക് പകരം പ്രത്യേകം പദം ഉപയോഗിച്ചായിരുന്നു കച്ചവടം നടത്തിയിരുന്നത്. ഇന്നും അതിന്റെ തനിമ ചോരാതെ നിലനിർത്താൻ ശ്രമിക്കുന്നു. പേരിനെങ്കിലും ഉരുക്കളെ വയൽ വാണിഭത്തിനു കൊണ്ടുവരും.
അഞ്ഞൂറ് വര്‍ഷത്തിലേറെ പഴക്കം അവകാശപ്പെടുന്ന കാര്‍ഷിക സംസ്കൃതിയുടെ നേര്‍ക്കാഴ്ച കൂടിയാണിത്. മീനച്ചൂടിന് തുടക്കം കുറിക്കുന്ന മീനം ഒന്നിനാണ് വയല്വാണിഭത്തിനും തുടക്കമാകുന്നത്. വിപണനം ഒരുമാസത്തോളം ഉണ്ടാകും.
ലോഡ് കണക്കിന് കാര്‍ഷിക വിഭവങ്ങളാണ് ഈ ദിവസങ്ങളിൽ മറ്റു ജില്ലകളിൽ നിന്നും ഇവിടേക്ക് എത്തിയരുന്നത്. അടുത്തകാലം വരെ തമിഴ്നാട്ടില്‍ നിന്നുള്ള പാണ്ടി മുളകിന്റെ വലിയ വിപണന കേന്ദ്രം കൂടിയായിരുന്നു ഓമല്ലൂര്‍ ചന്ത. കാലക്രമേണ ഇതിനെല്ലാം വലിയ മാറ്റവും സംഭവിച്ചു.
കാർഷികവിഭവങ്ങൾ, കാർഷികോപകരണങ്ങൾ, വിത്തിനങ്ങൾ, ഗൃഹോപകരണങ്ങൾ, പാത്രങ്ങൾ, ഫലവൃക്ഷത്തൈകൾ, ചെടികൾ തുടങ്ങിയവയുടെ വിപണനമാണ് ഇന്നിപ്പോൾ പ്രധാനമായും നടക്കുന്നത്. കറിച്ചട്ടിയും മൺകലവും കൂജയും അരകല്ലും നാഴിയും ചങ്ങഴിയും നെൽപറയും കുട്ടയും വട്ടിയും മുറവും കൂന്താലയും തൂമ്പയും കോടാലിയും ഉൾപ്പെടെ പഴയകാല ഗൃഹോപകരണങ്ങളുടെ വലിയ ശേഖരവും വിപണിയിലുണ്ടാകും.
വിവിധ ജില്ലകളിൽ നിന്നും കച്ചവടക്കാരും കാർഷിക വിത്തിനങ്ങൾ ഉൾപ്പെടെ വാങ്ങാൻ ആളുകളും ഓമല്ലൂരിലേക്ക് എത്താറുണ്ട്. കൃഷി കുറഞ്ഞുവരുന്നതു കാരണം വയൽവാണിഭത്തിലെ കാർഷിക വിഭവങ്ങളുടെ പ്രദർശനത്തിലും വിൽപനയിലും ഇടിവു വന്നതായി കർഷകരും വ്യാപാരികളും പറയുന്നു.
ചരിത്രത്തിന്റെ പുനഃസൃഷ്ടി; ദീപശിഖ വെളിനല്ലൂരിൽനിന്ന്
വെളിനല്ലൂർ ഗ്രാമവുമായി വയൽ വാണിഭത്തിനുള്ള ചരിത്ര ബന്ധത്തെ അനുസ്മരിച്ച് മേളയുടെ തുടക്കമെന്ന നിലയിൽ ഇക്കുറിയും ആഘോഷമായി ദീപശിഖ എത്തി. ഇന്നലെ രാവിലെ വെളിനല്ലൂർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.അൻസർ, ക്ഷേത്രോപദേശക സമിതി സെക്രട്ടറി ഹരികുമാർ എന്നിവരുടെ നേതൃത്വത്തിൽ ഓമല്ലൂർ സംഘത്തെ സ്വീകരിച്ചു.
തുടർന്ന് ഓമല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ വിളവിനാലിന് ദീപശിഖ കൈമാറി. നിരവധി സ്ഥലങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി വൈകുന്നേരം ഓമല്ലൂരിൽ എത്തി. വയൽ വാണിഭ സ്മൃതി മണ്ഡപമായ പാലമരച്ചുവട്ടിൽ ദീപശിഖ സ്ഥാപിച്ചതോടെ വയൽവാണിഭത്തിന് തുടക്കമായി.
ഇന്നു രാവിലെ 10ന് കാർഷിക വിപണന മേള പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ വിളവിനാലിന്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് കാർഷിക സെമിനാർ ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടക്കും.
വൈകുന്നേരം നാലിന് സാംസ്കാരിക ഘോഷയാത്ര ആരംഭിക്കും. സാംസ്കാരിക സമ്മേളനം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. ആന്റോ ആൻറണി എംപി മുഖ്യാതിഥിയായിരിക്കും. രാത്രി എട്ടിന് ആതിര സുരേഷ് നയിക്കുന്ന സൂപ്പർഹിറ്റ് ഗാനമേള. തുടർന്നുള്ള ദിവസങ്ങളിൽ സാംസ്കാരിക പരിപാടികൾ, കലാപരിപാടികൾ എന്നിവ ഉണ്ടാകും.
സമാപന ദിവസമായ 21 ന് വൈകുന്നേരം ആറിന് നടക്കുന്ന സാംസ്കാരിക സന്ധ്യകളുടെ സമാപന സമ്മേളനം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.