ലഹരിക്കടിമപ്പെട്ട യുവാവ് മാതാവിനെ മർദ്ദിച്ചു, ദൃശ്യങ്ങൾ പുറത്തായതോടെ അറസ്റ്റ്
1533060
Saturday, March 15, 2025 4:04 AM IST
തിരുവല്ല: തിരുവല്ല പടിഞ്ഞാറ്റുംചേരിയിൽ ലഹരിക്ക് അടിമയായ മകൻ വയോധിയായ മാതാവിനെ ക്രൂരമർദനത്തിനിരയാക്കിയതിന് അറസ്റ്റിൽ. പടിഞ്ഞാറ്റുംചേരി ലാപ്ലത്തിൽ വീട്ടിൽ സന്തോഷാണ് (48) അറസ്റ്റിലായത്. മാതാവ് സരോജിനിയെ ( 76) സന്തോഷ് മർദ്ദിക്കുന്നതായ വീഡിയോ ദൃശ്യം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതിനു പിന്നാലെയാണ് തിരുവല്ല പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
ഭാര്യയുമായി പിരിഞ്ഞു കഴിയുന്ന സന്തോഷിനൊപ്പമാണ് മാതാവ് സരോജിനി കഴിയുന്നത്. ഇരുവരും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. ലഹരി വസ്തുക്കൾ ഉപയോഗിക്കുന്ന സന്തോഷ് മാതാവിനെ പതിവായി ഉപദ്രവിച്ചിരുന്നതായി പറയുന്നു. വ്യാഴാഴ്ച രാത്രിയും മർദ്ദിച്ചതോടെ സമീപത്ത് താമസിക്കുന്ന ബന്ധു പകർത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയായിരുന്നു.
സംഭവം ശ്രദ്ധയിൽപ്പെട്ട കവിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ഡി ദിനേശ് കുമാർ തിരുവല്ല പോലീസിൽ വിവരം അറിയിച്ചു. പോലീസ് എത്തി സരോജിനിയുടെ മൊഴി രേഖപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് സന്തോഷിനെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.