ലഹരിമാഫിയ ആരോപണം: അടൂർ സിപിഎമ്മിൽ ചേരിതിരിവ് രൂക്ഷം
1533048
Saturday, March 15, 2025 3:53 AM IST
അടൂര്‍ : അടൂര്‍ നഗരസഭ ചെയര്‍ പേഴ്സൺ ലഹരി മാഫിയയുമായി ബന്ധമെന്ന ആരോപണം ഉന്നയിച്ചു സിപിഎം കൗണ്‍സിലര്‍ രംഗത്തെത്തിയത് വന്‍ വിവാദത്തിൽ. അടൂരിലെ സിപിഎമ്മില്‍ നിലനില്‍ക്കുന്ന ചേരിപ്പോരാണ് പരസ്യമായ ആരോപണത്തിനു പിന്നിലെന്നു പറയുന്നു.
നഗരസഭ ചെയര്‍പേഴ്സണ്‍ ദിവ്യ റെജി മുഹമ്മദിനെതിരേ സിപിഎം നഗരസഭ കൗണ്‍സിലര്‍മാരുടെ വാട്സാപ് ഗ്രൂപ്പില്‍ കൗണ്‍സിലര്‍ റോണി പാണംതുണ്ടിലാണ് ശബ്ദസന്ദേശം പോസ്റ്റ് ചെയ്തത്.
അടൂരിലെ ലഹരി മാഫിയയുടെ കേന്ദ്രമെന്ന് ആരോപിക്കപ്പെടുന്ന ഒരു കടയ്ക്ക് ചെയര്‍പേഴ്സണ്‍ സഹായം ചെയ്യുന്നുവെന്നാണ് ഇടത് കൗണ്‍സിലറുടെ ആരോപണം. ശബ്ദസന്ദേശം വളരെ വേഗത്തില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയതോടെ വിഷയം പ്രതിപക്ഷ കക്ഷികൾ ഏറ്റെടുത്തിരിക്കുകയാണ്.
കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപമുള്ള ഒരു കടയ്ക്കെതിരേയാണ് റോണി ആരോപണം ഉന്നയിച്ചിരിക്കുന്നത്. മുന്‍പും കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു പിന്നിലെ റോഡ് കേന്ദ്രീകരിച്ചുള്ള ലഹരി വില്പന സംബന്ധിച്ച് വാര്‍ത്തകളും പുറത്തുവന്നിരുന്നു. കെഎസ്ആർടിസി പരിസരങ്ങളിലും റോഡുകളിലും തെരുവ് വിളക്കുകള്‍ പ്രകാശിക്കാത്ത അവസ്ഥയുമുണ്ട്.റോഡിനു സമീപത്തുള്ള ഇല്ലത്തുകാവ് ക്ഷേത്രത്തിലാണ് കഴിഞ്ഞയിടെ രണ്ടുതവണ മോഷണം നടന്നു.
അടൂരിൽ ലഹരി മാഫിയയ്ക്കു ചില രാഷ്ട്രീയ നേതാക്കളുടെ സഹായം ലഭിക്കുന്നെന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്. ലഹരി വ്യാപകമായിട്ടും പോലീസ് നടപടിയെടുക്കാത്തതും ഇതാണെന്നു പറയുന്നു.
ആരോപണം കരുതിക്കൂട്ടി
തനിക്ക് നഷ്ടപ്പെടാന്‍ ഒരു കുന്തവുമില്ല. മുകളില്‍ ആകാശം താഴെ ഭൂമി. പക്ഷെ നിങ്ങള്‍ക്ക് അങ്ങനെയല്ല. എനിക്ക് വലിയ രാഷ്ട്രീയ ഭാവി ഇല്ലെന്ന് അറിയാം തുടങ്ങിയ സന്ദേശത്തിലാണ് റോണി ആരോപണം ഉന്നയിച്ചത്. അടൂരിലെ സിപിഎം നേതൃത്വത്തിനും ചെയർപേഴ്സണുമെതിരേയുള്ള ആരോപണം കരുതിക്കൂട്ടി തന്നെയാണ് ഉന്നയിക്കപ്പെട്ടിരിക്കുന്നത്.
മയക്കുമരുന്നിനെതിരേ ഏറ്റവും കൂടുതല്‍ പോരാടുന്ന വ്യക്തിയാണ് അധ്യാപികയായ താനെന്ന് ചെയർപേഴ്സൺ ദിവ്യ റെജി മുഹമ്മദ് പറഞ്ഞു. ആരോപണം ഉന്നയിക്കുന്ന കടയുടെ പേര് പോലും റോണി പറഞ്ഞാണ് അറിഞ്ഞത്.
വിഷയം കഴിഞ്ഞദിവസത്തെ നഗരസഭ കൗണ്‍സിലില്‍ റോണി ഉന്നയിച്ചിരുന്നു. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.റോണി ഇപ്പോള്‍ ഇങ്ങനെ ഒരു ആരോപണം ഉന്നയിക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും ചെയര്‍പേഴ്സണ്‍ പറഞ്ഞു.
പാർട്ടി ചർച്ച ചെയ്യും
റോണി പാണംതുണ്ടിലിന്റെ ആരോപണം സംബന്ധിച്ച് പാർട്ടി ഘടകങ്ങളിൽ ചെയർപേഴ്സൺ ദിവ്യ റെജി മുഹമ്മദ് പരാതി നൽകിയിട്ടുണ്ട്. ഏരിയാ കമ്മിറ്റി വിഷയം ചർച്ച ചെയ്യും.
പരസ്യ ആരോപണവുമായി ബന്ധപ്പെട്ട് നടപടിക്കു സാധ്യതയുണ്ട്. തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കേ കൗൺസിലർമാർ തമ്മിലുള്ള ചേരിതിരിവ് ഭരണത്തെയും ബാധിച്ചിട്ടുണ്ട്.
നഗരസഭയിൽ എൽഡിഎഫ് ഭരണമാണെങ്കിലും സിപിഎം കൗൺസിലർമാർ തമ്മിലുള്ള ഭിന്നത പലഘട്ടങ്ങളിലും മറനീക്കി പുറത്തുവന്നിരുന്നു. ഭരണത്തിന്റെ തുടക്കത്തിൽ ചെയർമാൻ സ്ഥാനത്തുണ്ടായിരുന്ന സിപിഐ പ്രതിനിധി സ്ഥാനമൊഴിഞ്ഞതിനേ തുടർന്ന് അപ്രതീക്ഷിതമായാണ് അന്ന് വൈസ് ചെയർപേഴ്സണായിരുന്ന ദിവ്യ റെജി മുഹമ്മദ് അധ്യക്ഷ സ്ഥാനത്തെത്തിയത്.