ലഹരിക്കെതിരേ സന്ദേശം പകര്‍ന്ന് പാവനാടകം : ലഹരിയല്ല ജീവിതമെന്ന് സത്യശീലൻ; കൈകോര്‍ത്ത് കാണികള്‍
1532431
Thursday, March 13, 2025 3:41 AM IST
പത്തനംതിട്ട: "സത്യശീലന്' സത്യംമാത്രമേ പറയൂ. അതും സ്വന്തം ജീവിതത്തെക്കുറിച്ച്. പക്ഷേ പറയാതെ പറഞ്ഞതൊന്നുണ്ട്, ലഹരിയല്ല ജീവിതം. പത്തനംതിട്ട കളക്ടറേറ്റിന്റെ നടുമുറ്റത്ത് ലഹരിവിമുക്ത സന്ദേശ പ്രചാരണത്തിനായി ജില്ലാ ഭരണകൂടവും എക്സൈസ് വകുപ്പും ചേര്‍ന്നൊരുക്കിയ പാവനാടകത്തിലാണ് സത്യശീലന്റെ ദുരന്തം സന്ദേശമായി മാറിയത്.
കൊല്ലം ഹാഗിയോസാണ് വാഹനത്തില്‍ പാവനാടകം അവതരിപ്പിച്ചത്. ജോമോന് ഹാഗിയോസിന്റെ കരവിരുതാണ് നാടകമായത്. ലഹരി വിമോചനത്തിനായുള്ള എക്സൈസ് വകുപ്പിന്റെ പ്രവര്‍ത്തനത്തിനൊപ്പം നാടാകെ അണിചേരണമെന്ന് ഫ്ളാഗ് ഓഫ് നിര്‍വഹിച്ച വിമുക്തി ചെയര്മാന് കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് ഏബ്രഹാം പറഞ്ഞു.
ലഹരിക്കെതിരേയുള്ള സന്ദേശം വീടുകളില്‍ നിന്ന് ആരംഭിക്കണമെന്ന് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ച ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ അഭിപ്രായപ്പെട്ടു. എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ വി. റോബര്‍ട്ട് അധ്യക്ഷത വഹിച്ചു.
എഡിഎം ബി. ജ്യോതി ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി. കളക്ടറേറ്റ് സ്റ്റാഫ് കൗണ്‍സില്‍ അംഗം സജീവ് കുമാര്‍ ലഹരി വിരുദ്ധ സന്ദേശം നല്കി. ഫിനാന്‍സ് ഓഫീസര്‍ കെ. ജി. ബിനു, വിമുക്തി ജില്ലാ മാനേജര്‍ എസ്. സനിൽ. കോഓര്‍ഡിനേറ്റര്‍ ജോസ് കളീക്കല്‍, കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷന് ജില്ലാ സെക്രട്ടറി അയൂബ് ഖാന്, പ്രസ് ക്ലബ് സെക്രട്ടറി ജി. വിശാഖന് തുടങ്ങിയവർ പ്രസംഗിച്ചു.