ചിറക്കൽ പാറക്കടവിൽ പുതിയ പാലം; സമീപനപാത നിർമാണം തുടങ്ങി
1532442
Thursday, March 13, 2025 3:55 AM IST
കോട്ടാങ്ങൽ: മണിമലയാറ്റിലെ ചിറക്കല്‍ പാറക്കടവില്‍ പുതിയ പാലത്തിന് അനുമതി. സമീപനപാതയുടെ നിർമാണം തുടങ്ങി. സംസ്ഥാന പൊതുമരാമത്ത് വകുപ്പ് 20.22 കോടി രൂപ ചെലവിലാണ് പുതിയ പാലം നിർമിക്കുന്നത്. കോട്ടയം, പത്തനംതിട്ട ജില്ലകളെ തമ്മിൽ ബന്ധിപ്പിച്ചാണ് പുതിയ പാലം ഉയരുന്നത്. 2019ലെ പ്രളയത്തേ തുടർന്ന് കടത്തുവള്ളം നിലച്ചതോടെ ഇരുകരകളിലുമുള്ളവർ കിലോമീറ്ററുകൾ താണ്ടിയാണ് മറുകര എത്തിയിരുന്നത്.
മണിമലയാറിന്റെ ചിറയ്ക്കപ്പാറക്കടവിലാണ് പത്തനംതിട്ട ജില്ലയിലെ കോട്ടാങ്ങൽ, കോട്ടയം ജില്ലയിലെ വെള്ളാവൂർ പഞ്ചായത്തുകളെയും ബന്ധിപ്പിച്ചാണ് പുതിയ പാലം പണിയുന്നത്. ഇരുകരയിലെയും സമീപന പാതയുടെ നിര്‍മാണ പ്രവൃത്തികളാണ് ആദ്യം ആരംഭിച്ചത്.
പാലം നിർമാണത്തിന് 17 കോടി രൂപയ്ക്കാണ് അന്തിമ സാങ്കേതിക അനുമതി ലഭിച്ചിട്ടുള്ളതെങ്കിലും അന്തിമഘട്ടത്തില്‍ തുക അപര്യാപ്തമായി വന്നാല്‍ അനുവദിച്ച തുക പൂര്‍ണമായും ഉപയോഗിക്കാനുമാകും വിധമാണ് പദ്ധതി നടപ്പാക്കുന്നത്. ആറുമാസത്തിനുള്ളിൽ നിർമാണം പൂർത്തീകരിക്കാനാണ് നിർദേശം.
ജില്ലാ അതിർത്തി പാലം
151.6 മീറ്റര്‍ നീളവും 11.05 മീറ്റര്‍ വീതിയുമാണ് പാലത്തിനുണ്ടാകുക. പാലത്തില്‍ 7.5 മീറ്റര്‍ വീതിയിലാണ് ടാറിംഗ്. ഇരുവശങ്ങളിലും 1.5 മീറ്റര്‍ വീതം വീതിയില്‍ നടപ്പാതയുമുണ്ട്. പദ്ധതി സംബന്ധിച്ച മണ്ണു പരിശോധനയ്ക്കുശേഷം എസ്റ്റിമേറ്റ് തയാറാക്കുന്ന ഘട്ടത്തില്‍ മണിമലയാറ്റില്‍ 2021 ഒക്ടോബറില്‍ ഉണ്ടായ പ്രളയം കണക്കിലെടുത്ത് പുതിയ പാലം ഉയര്‍ത്തിയാണ് നിര്‍മിക്കുന്നത്.
താഴത്തുവടകര ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂൾ, നിര്‍ദിഷ്ട സര്‍ക്കാര്‍ നഴ്സിംഗ് കോളജ്, സാമൂഹ്യ നീതി വകുപ്പിന്റെ കീഴിലുള്ള നിര്‍ദിഷ്ട ഭിന്നശേഷി ഗ്രാമം ഉള്‍പ്പെടെ സർക്കാർ, സ്വകാര്യ ആശുപത്രികൾ, പടയണിക്ക് പേരുകേട്ടതും ശബരിമല പരമ്പരാഗത റോഡിലെ പ്രധാന ഇടത്താവളക്ഷേത്രവുമായ കോട്ടാങ്ങല്‍ ക്ഷേത്രം, കരുവള്ളിക്കാട് സെന്റ് തോമസ് കുരിശുമല തുടങ്ങിയ പ്രധാനപ്പെട്ട കേന്ദ്രങ്ങളിലേക്കും,
ഇരുജില്ലകളിൽ നിന്നു പത്തനാട്, വെള്ളാവൂർ കാനം, കൊടുങ്ങൂർ, മല്ലപ്പള്ളി, വായ്പൂർ, കോട്ടാങ്ങല്‍, ചുങ്കപ്പാറ, എരുമേലി പ്രദേശങ്ങളിലേക്കും ഏറ്റവും ചുരുങ്ങിയ ദൂരത്തില്‍ ഇതിലൂടെ എത്തിപ്പെടാന്‍ കഴിയും.
ജലസേചന വകുപ്പിന്റെ തന്നെ കോസ് വേ എന്ന ആശയം വളരെ മുന്‍പു തന്നെ ആലോചിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ ഉപേക്ഷിക്കുകയായിരുന്നു.
മഴക്കാലം ആരംഭിക്കുന്നതിന് മുൻപ് പൈലിംഗ് ജോലികള്‍ പൂര്‍ത്തിയാക്കുന്നതിനും മഴക്കാലമാരംഭിച്ചാല്‍ തടസമില്ലാതെ സ്പാന്‍ നിര്‍മാണ ജോലികള്‍ പൂര്‍ത്തിയാക്കാനുമാണ് ലക്ഷ്യമിടുന്നത്.