നവീൻ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണം; കോൺഗ്രസ് ഉപവാസ സമരം നാളെ
1532435
Thursday, March 13, 2025 3:41 AM IST
പത്തനംതിട്ട: കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തിലെ ദുരൂഹത നീക്കി ഗൂഢാലോചന പുറത്തുകൊണ്ടുവന്ന് കുറ്റവാളികള്‍ക്ക് ശിക്ഷ ഉറപ്പാക്കുന്നതിന് നിലവിലെ അന്വേഷണം യാതൊരുവിധത്തിലും പര്യാപ്തമല്ലാത്ത സാഹചര്യത്തില്‍ കേന്ദ്ര ഏജന്‍സിയെ ഏല്പിക്കണമെന്ന് ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍, കെപിസിസി ജനറല്‍ സെക്രട്ടറി പഴകുളം മധു എന്നിവര്‍ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് നാളെ രാവിലെ ഒന്‍പതു മുതൽ വൈകുന്നേരം അഞ്ചുവരെ പത്തനംതിട്ട ടൗൺ സ്ക്വയറിൽ ഉപവസിക്കുമെന്ന് ഇരുവരും പറഞ്ഞു.
നവീൻ ബാബു വിഷയത്തിൽസിപിഎം പൂര്‍ണമായും വേട്ടക്കാരനോടൊപ്പമാണെന്ന് തെളിയിച്ചിരിക്കുകയാണ്. സിപിഎം സഹയാത്രികരായിരുന്ന നവീന്‍ ബാബുവിന്റെ കുടുംബത്തോട് അവർ കടുത്ത അനീതിയും വഞ്ചനയുമാണ് കാട്ടിയത്. നവീന്‍ ബാബുവിന്റെ ദുരൂഹ മരണത്തില്‍ പിണറായി സര്‍ക്കാരും സിപിഎമ്മും നടത്തിക്കൊണ്ടിരിക്കുന്നത് ക്രൂരമായ കാപട്യമാണ്. നവീന്‍ ബാബുവിന്റെ മരണം കൊലപാതകമാണെന്ന് പോലും സംശയിക്കുന്ന സാഹചര്യത്തില്‍ തെളിവുകള്‍ ഒന്നൊന്നായി നശിപ്പിച്ചുകൊണ്ടിരിക്കുന്നത് ഉത്കണ്ഠാജനകമാണ്. ഇക്കാര്യങ്ങളിലെല്ലാം സമഗ്രമായ അന്വേഷണം വേണം.
സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം അഞ്ച് മാസങ്ങള്‍ പിന്നിടുമ്പോള്‍ പോലും ഇഴഞ്ഞു നീങ്ങുകയാണ്. പ്രതികളെ സംരക്ഷിക്കാനല്ലാതെ പോലീസ് അന്വേഷണം കൊണ്ട് യാതൊരു പ്രയോജനവും ഇല്ല. പ്രഫ.സതീഷ് കൊച്ചുപറന്പിലും പഴകുളം മധുവും നടത്തുന്ന ഉപവാസം കെപിസിസി രാഷട്രീയകാര്യ സമിതി അംഗം പ്രഫ. പി.ജെ. കുര്യന് ഉദ്ഘാടനം ചെയ്യും.
സമാപന സമ്മേളനം വൈകുന്നേരം അഞ്ചിന് കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം കെ. മുരളീധരന് ഉദ്ഘാടനം ചെയ്യും. നവീന്‍ ബാബുവിന്റെ ദുരൂഹ മരണത്തില്‍ സര്‍ക്കാരും സിപിഎമ്മും നടത്തുന്ന ഒളിച്ചുകളി ഇനിയെങ്കിലും അവസാനിപ്പിച്ചില്ലെങ്കില്‍ ഉപവാസ സത്യഗ്രഹ സമരത്തിനുശേഷം കൂടുതല്‍ ശക്തമായ സമരപരിപാടികള്‍ക്ക് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നേതൃത്വം നല്‍കുമെന്നും നേതാക്കൾ പറഞ്ഞു.
ഡിസിസി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം, ഭാരവാഹികളായ എ. സുരേഷ് കുമാർ, വെട്ടൂര്‍ ജ്യോതിപ്രസാദ്, അനില്‍ തോമസ്, കെ. ജാസിംകുട്ടി, ജോൺസൺ വിളവിനാൽ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.