ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ ഒടുക്കാൻ അദാലത്ത്
1532446
Thursday, March 13, 2025 3:55 AM IST
പത്തനംതിട്ട: കേരള പോലീസും മോട്ടോർ വാഹന വകുപ്പും ഇ ചെല്ലാൻ മുഖേന നൽകിയിട്ടുള്ള ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ ഒടുക്കുന്നതിന് അദാലത്ത്. ഇരു വകുപ്പുകളും നൽകിയിട്ടുള്ള പിഴത്തുകകളിൽ 2021 മുതൽ യഥാസമയം അടയ്ക്കാൻ സാധിക്കാത്തതും നിലവിൽ കോടതിയിൽ ഉള്ളതുമായ ചെല്ലാനുകളിൽ പ്രോസിക്യൂഷൻ നടപടികൾക്ക് ശിപാർശ ചെയ്തവ ഒഴികെയുള്ളവയിൽ പിഴ ഒടുക്കി തുടർനടപടികളിൽ നിന്നും ഒഴിവാകാനാകും.
ഇതിനായി ജില്ലാ പോലീസും മോട്ടോർ വാഹന വകുപ്പും എൻഫോഴ്സ്മെന്റ് വിഭാഗവും ചേർന്ന് ജില്ലാ പോലീസ് കൺട്രോൾ റൂം ബിൽഡിംഗ്സിൽ 19, 20 തീയതികളിൽ അദാലത്ത് നടത്തും. രാവിലെ 10 മുതൽ വൈകുന്നേരം നാലു വരെ പൊതുജനങ്ങൾക്ക് നേരിട്ട് എത്തി യുപിഐ, കാർഡ് മുഖേന പിഴത്തുകകൾ ഒടുക്കാവുന്നതാണെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.