പോക്സോ കേസിൽ ഉൾപ്പെട്ട യുവാവ് സമാന കേസിൽ വീണ്ടും അകത്ത്
1532448
Thursday, March 13, 2025 3:55 AM IST
മല്ലപ്പള്ളി: നേരത്തേ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് കേസിൽപെട്ടയാൾ, പതിനേഴുകാരിയെ ബലാൽസംഗം ചെയ്തതിന് വീണ്ടും അറസ്റ്റിലായി. എഴുമറ്റൂർ ഉപ്പുമാങ്കൽ പി. പ്രശാന്താണ് ( 19) പെരുമ്പെട്ടി പോലീസിന്റെ പിടിയിലായത്. ഇയാൾ 2023 ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബാലാൽസംഗം ചെയ്ത കേസിൽ കുറ്റാരോപിതനാണ്. അന്ന് ഇയാൾക്ക് പ്രായപൂർത്തിയാകാത്തതിനാൽ ജുവനൈൽ ജസ്റ്റീസ് നിയമപ്രകാരമാണ് നടപടിയെടുത്തത്.
കഴിഞ്ഞ ഫെബ്രുവരി 28 ന് രാവിലെ 10.15 നാണ് പുതിയ കേസിനാസ്പദമായ സംഭവമുണ്ടായത്. പ്ലസ് വൺ വിദ്യാർഥിനിയെ രാവിലെ പരീക്ഷയ്ക്കുള്ള ഹാൾടിക്കറ്റ് സ്കൂളിൽ നിന്നും വാങ്ങാൻ പോകവേ, എഴുമറ്റൂർ ബസ് സ്റ്റോപ്പിൽ കാത്തുനിന്ന ഇയാൾ അറഞ്ഞിക്കലെത്തിച്ച് പ്രവർത്തനമില്ലാത്ത പാറമടയുടെ സമീപം അടച്ചിട്ട ഓല മേഞ്ഞ കടമുറിക്കുള്ളിൽ ബലാൽസംഗം ചെയ്യുകയായിരുന്നു.
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയി ബലംപ്രയോഗിച്ച് ലൈംഗിക പീഡനത്തിന് വിധേയയാക്കിയെന്നാണ് പരാതി. മൊബൈലിലെ സന്ദേശങ്ങൾ കണ്ട് ചോദിച്ചപ്പോൾ കുട്ടി സഹോദരിയോട് പീഡനവിവരം പറയുകയായിരുന്നു.
പത്തനംതിട്ട ചൈൽഡ് ലൈനിൽനിന്നു വിവരം ലഭിച്ചതനുസരിച്ച്, പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷം പ്രശാന്തിനെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പോലീസ് ഇൻസ്പെക്ടർ ബി. സജീഷ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. എസ്ഐ ബോസ് പി. ബേബി, എസ് സിപിഒ മുഹമ്മദ് ഷെബീക് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രശാന്തിനെ റിമാൻഡ് ചെയ്ത് മാവേലിക്കര സബ് ജയിലിലേക്കയച്ചു.