ആന്റി ഡ്രഗ് മാരത്തൺ ഇന്ന് തിരുവല്ലയിൽ
1532450
Thursday, March 13, 2025 4:00 AM IST
തിരുവല്ല: ലഹരിക്കെതിരേ ഇന്ന് തിരുവല്ലയിൽ ജനകീയ കൂട്ടയോട്ടം. യുവതലമുറയിലെ ലഹരി ഉപയോഗവും വ്യാപനവും തടയുക എന്ന ലക്ഷ്യത്തോടെയാണ് ആന്റി ഡ്രഗ് മാരത്തൺ എന്ന പേരിൽ ജനകീയ കൂട്ടയോട്ടം സംഘടിപ്പിക്കുന്നത്.
തിരുവല്ല പൗരാവലിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന മാരത്തൺ വൈകുന്നേരം നാലിന് തിരുവല്ല എംസി റോഡിൽ രാമൻചിറ ബൈപാസ് ജംഗ്ഷനിൽ നിന്നും ആരംഭിച്ച് നഗരം ചുറ്റി സ്വകാര്യ ബസ് സ്റ്റാൻഡിനു സമീപം സമാപിക്കും.
ജനകീയ കൂട്ടയോട്ടത്തിൽ തിരുവല്ലയിലെയും സമീപ പ്രദേശങ്ങളിലുമുള്ള സാമൂഹിക,സാംസ്കാരിക, സമുദായിക, രാഷ്ട്രീയ സംഘടനകൾ, സ്കൂൾ കോളജ് വിദ്യാർഥികൾ, ആശുപത്രികൾ, വ്യാപാര സംഘടനകൾ, മാധ്യമ സ്ഥാപനങ്ങൾ തുടങ്ങി എല്ലാ മേഖലകളിലും പ്രവർത്തിക്കുന്നവർ പങ്കെടുക്കും.
രാജ്യസഭ മുൻ ഉപാധ്യക്ഷൻ പ്രഫ. പി.ജെ. കുര്യൻ, മാത്യു ടി. തോമസ് എംഎൽഎ, ജില്ലാ കളക്ടർ എസ്.പ്രേം കൃഷ്ണൻ, അഡീഷണൽ എസ്പി ആർ.ബിനു, തിരുവല്ല ഡിവൈഎസ്പി എസ്.ആഷാദ് ചലച്ചിത്ര സംവിധായകനും നടനുമായ ബിബിൻ ജോർജ്, മുൻ ഇന്ത്യൻ ഫുട്ബോൾ താരം കെ.ടി. ചാക്കോ തുടങ്ങിയവർ നേതൃത്വം നൽകും.
ലഹരി വിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി തിരുവല്ലയുടെ വിവിധ സ്ഥലങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ വിദ്യാർഥികളുടെ ഫ്ലാഷ് മോബുകൾ നടത്തപ്പെട്ടു. തുടർ പദ്ധതിയായ ഇതളിന്റെ ആഭിമുഖ്യത്തിൽ ലഹരിയിൽ നിന്നുമുള്ള മോചനത്തിനായി, ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രത്യേക ബോധവത്കരണ ക്ലാസുകൾ, കൗൺസലിംഗ്, മെഡിക്കൽ ടീം,സെമിനാറുകൾ തുടങ്ങി വിവിധ ആക്ഷൻ പ്ലാനുകൾക്കു തുടക്കം കുറിക്കും.