ഓമല്ലൂർ വയൽ വാണിഭം 15ന്; ദീപശിഖാ പ്രയാണം നാളെ
1532430
Thursday, March 13, 2025 3:41 AM IST
പത്തനംതിട്ട: പ്രസിദ്ധമായ ഓമല്ലൂർ വയൽ വാണിഭം 15ന്. ഗ്രാമീണ കാർഷിക സംസ്കാരത്തിന്റെ ഗതകാല സ്മരണകളുയർത്തുന്ന വയൽ വാണിഭത്തിന്റെ ഐതിഹ്യം പേറുന്ന കൊല്ലം ജില്ലയിലെ വെളിനല്ലൂർ ഗ്രാമപഞ്ചായത്തിലെ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ നിന്നും ദീപശിഖാ പ്രയാണം നാളെ രാവിലെ പത്തിനാരംഭിക്കും. 15 മുതൽ 20 വരെ വിവിധ സാംസ്കാരിക പരിപാടികളോടെ വയൽ വാണിഭം ഓമല്ലൂരിൽ നടത്തപ്പെടുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ വിളവിനാലും ജനറൽ കൺവീനർ ബൈജു ഓമല്ലൂരും പത്രസമ്മേളനത്തിൽ പറഞ്ഞു.
വയൽ വാണിഭം സംഘാടകസമിതിയംഗങ്ങളും ഗ്രാമപഞ്ചായത്തംഗങ്ങളും ചേർന്ന് നാളെ വെളിനെല്ലൂരിൽ നിന്നും ഏറ്റുവാങ്ങുന്ന ദീപശിഖ വയൽ വാണിഭസ്മൃതി മണ്ഡപമായ ഓമല്ലൂർ പാലമരച്ചുവട്ടിൽ വൈകുന്നേരം സ്ഥാപിക്കും.
15നു രാവിലെ 10ന് കാർഷിക വിപണനമേള ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ വിളവിനാൽ അധ്യക്ഷത വഹിക്കും. 11ന് ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ കാർഷിക സെമിനാർ നടക്കും. കന്നുകാലികളുടെയും കാർഷിക വിളകളുടെയും പ്രദർശനവും വിപണനവുമാണ് വയൽവാണിഭത്തിൽ പ്രധാനം. പഴയകാല ഗൃഹോപകരണങ്ങൾ, പരന്പരാഗത കാർഷികോപകരണങ്ങൾ, ഫലവൃക്ഷത്തൈകൾ, ചെടികൾ തുടങ്ങിയവയുടെ വിപണനവും ഉണ്ടാകും. വിപണനമേള ഒരുമാസത്തോളം നീളും. വൈകുന്നേരം നാലിന് സാംസ്കാരിക ഘോഷയാത്ര ആരംഭിക്കും.
ഘോഷയാത്രയിൽ ഓമല്ലൂർ ഗ്രാമപഞ്ചായത്തിലെ 14 വാർഡുകളിലെ കുടുംബശ്രീകളുടെ നേതൃത്വത്തിൽ വിവിധങ്ങളായ നിശ്ചലദൃശ്യങ്ങളും കലാരൂപങ്ങളും അണിനിരക്കും. ഗുരുവായൂർ സൗപർണിക കലാ കേന്ദ്രം അവതരിപ്പി ക്കുന്ന ഷാജി പാപ്പാനും സംഘവും പകൽക്കുറി നാഷാദിന്റെ കാളയും കാളവണ്ടിയും, വിവിധ കലാരൂപങ്ങൾ, താളമേളങ്ങൾ എന്നിവ ഉണ്ടായിരിക്കും. സാംസ്കാരിക സമ്മേളനം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. ആന്റോ ആന്റണി എംപി മുഖ്യാതിഥിയായിരിക്കും.
രാത്രി എട്ടിന് ആതിര സുരേഷ് നയിക്കുന്ന സൂപ്പർഹിറ്റ് ഗാനമേള. 16 ന് രാവിലെ നടക്കുന്ന സെമിനാറിൽ ഡോ.എസ്. വിനീത ശാസ്ത്രീയ കന്നുകുട്ടി പരിപാലനം എന്ന വിഷയത്തിൽ ക്ലാസ് നയിക്കും. വൈകുന്നേരം നാലിന് ഡോഗ് ഷോ, അഞ്ചിന് കവിയരങ്ങിൽ കവയിത്രി സുഗതകുമാരിയുടെ കവിതകളുടെ ശാസ്ത്രസംഗീതാവിഷ്കാരം സുഗതസംഗീതം നടക്കും. കവി സുമേഷ് കൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
17 ന് വൈകുന്നേരം അഞ്ചിന് ഗ്രാമപഞ്ചായത്തിലെ വിവിധ സ്കൂളുകളിലെ കുട്ടികൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ. രാത്രി എട്ടിന് പ്രശസ്ത കർഷകനായിരുന്ന കടയ്ക്കൽ രാമചന്ദ്രൻനായർ അനുസ്മരണവും സുരേഷ് സോമ നയിക്കുന്ന കുടമണിത്താളം വയൽപ്പാട്ടും നടക്കും. 18 നു വൈകുന്നേരം ആറിന് ഓമല്ലൂർ മഹാദേവനും സംഘവും നയിക്കുന്ന മ്യൂസിക്കൽ ഫ്യൂഷനും രാത്രി എട്ടിന് സിനിമാ താര മഹാദേവൻ നയിക്കുന്ന നാടൻപാട്ടു മേളയും.
19 ന് വൈകുന്നേരം 6.30 മുതൽ ഗ്രാമപഞ്ചായത്തിലെ 14 വാർഡുകളിലെ കുടുംബശ്രീകളുടെ നേതൃത്വത്തിൽ കുടുംബോത്സവം രാജു നാരായണസ്വാമി ഉദ്ഘാടനം ചെയ്യും. 20 ന് വൈകുന്നേരം ആറിന് നടക്കുന്ന സെമിനാർ ഓർത്തഡോക്സ് സഭ തുമ്പമൺ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഏബ്രഹാം മാർ സെറാഫിം ഉദ്ഘാടനം ചെയ്യും. രാത്രി 8.30 ന് വാക്ക് ചിരിമേളം വൺമാൻ ഷോ.
സമാപന ദിവസമായ 21 ന് വൈകുന്നേരം ആറിന് സാംസ്കാരിക സന്ധ്യ സമാപന സമ്മേളനം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. വിവിധ സ്കോളർഷിപ്പുകളുടെ വിതരണം മലങ്കര കത്തോലിക്കാ സഭ പത്തനംതിട്ട രൂപതാധ്യക്ഷൻ ബിഷപ് ഡോ. സാമുവേൽ മാർ ഐറേനിയോസും വിജയികൾക്കുള്ള സമ്മാനങ്ങൾ പത്തനംതിട്ട ഡിവൈഎസ്പി എസ്. നന്ദകുമാറും വിതരണം ചെയ്യും.
രാത്രി 8.30ന് കോമഡി നൈറ്റ് മ്യൂസിക്കൽ മെഗാഷോ. പബ്ലിസിറ്റി കൺവീനർ സുബിൻ തോമസ്, പ്രോഗ്രാം കൺവീനർ സജൻ ഓമല്ലൂർ, ഫിനാൻസ് കമ്മറ്റി ചെയർമാൻ സുരേഷ് ഓലിത്തുണ്ടിൽ, ഫിനാൻസ് കൺവീനർ ലിജോ ബേബി, പബ്ലിസിറ്റി ചെയർമാൻ എം.ആർ. അനിൽ കുമാർ എന്നിവരും പത്രസമ്മേളനത്തിൽപങ്കെടുത്തു.