ആശാ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു
1532449
Thursday, March 13, 2025 4:00 AM IST
പത്തനംതിട്ട: ഒരു മാസമായി സെക്രട്ടേറിയറ്റ് പടിക്കൽ രാപകൽ സമരം നടത്തുന്ന ആശാവർക്കർമാർക്ക് യുടിയുസി ജില്ലാ കമ്മിറ്റി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. കേരളത്തിലെ ആരോഗ്യ മേഖലയിൽ 18 വർഷത്തിലേറെയായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ആശാപ്രവർത്തകർ അവരുടെ വേതന വർധന ഉൾപ്പെടെയുള്ള അടിസ്ഥാന ആവശ്യങ്ങൾ നേടിയെടുക്കുന്നതിനാണ് ഭരണ സിരാകേന്ദ്രത്തിന് മുന്നിൽ സമരം ചെയ്യുന്നത്.
അവരുടെ ആവശ്യങ്ങൾ അംഗീകരിച്ച് സർക്കാർ എത്രയും വേഗം സമരം ഒത്തുതീർപ്പാക്കണമെന്ന് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് മധുസൂദനൻ നായരുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ദേശീയ സെക്രട്ടറി തോമസ് ജോസഫ് ഉദ്ഘാടനം ചെയ്തു.
കേരള സർക്കാരിന്റെ ദുർഭരണത്തിനും തൊഴിലാളി വിരുദ്ധ നയങ്ങൾക്കും എതിരേ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏപ്രിൽ 10 ന് നടത്തുന്ന സെക്രട്ടേറിയറ്റ് മാർച്ചിലും ധർണയിലും ജില്ലയിൽ നിന്നും 250 തൊഴിലാളികളെ പങ്കെടുപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു.
യോഗത്തിൽ ജില്ലാ സെക്രട്ടറി എൻ സോമരാജൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജി. രവിപിള്ള , പൊടിമോൻ കെ. മാത്യു, ഇ.ഡി. രാജൻ, സത്യാനന്ദൻ, ജോൺസ് യോഹന്നാൻ, അനിൽ എന്നിവർ പ്രസംഗിച്ചു.