പീഡനക്കേസ് പ്രതിയെ പുറത്തിറക്കാനെന്നു പറഞ്ഞ് ലക്ഷങ്ങൾ തട്ടിയയാൾ അറസ്റ്റിൽ
1532439
Thursday, March 13, 2025 3:55 AM IST
കുടുങ്ങിയത് കേസിലെ ഒന്നാം പ്രതിയുടെ സഹോദരൻ
പത്തനംതിട്ട: അറുപതോളം പേര് കുറ്റാരോപിതരായ പത്തനംതിട്ടയിലെ പീഡനക്കേസിലെ രണ്ടാംപ്രതിയുടെ അമ്മയിൽ നിന്നും കേസിന്റെ വിവിധ ആവശ്യങ്ങൾക്കെന്നു പറഞ്ഞ് 8.65 ലക്ഷം രൂപ തട്ടിയെടുത്തയാൾ അറസ്റ്റിൽ. ഇതേ കേസിലെ ഒന്നാം പ്രതി ജോജിയുടെ സഹോദരൻ ചെന്നീർക്കര പ്രക്കാനം തോട്ടുപുറം കൈപ്പിലാലിൽ പാറയിൽ ജോമോൻ മാത്യുവാണ് (അച്ചു, 28) പത്തനംതിട്ട പോലീസിന്റെ പിടിയിലായത്.
മകനു ജാമ്യം ലഭിക്കാനെന്നും തെളിവെടുപ്പ് ഒഴിവാക്കാനെന്നും പറഞ്ഞ് വിവിധയിടങ്ങളിൽ വച്ചാണ് രണ്ടാം പ്രതി ഷൈനുവിന്റെ മാതാവ് ലില്ലി ജോർജിൽ നിന്നും ഇയാൾ പണം തട്ടിയത്. ജാമ്യം എടുക്കാൻ അഭിഭാഷകനും കോടതിയിലുള്ള കാർ ഇറക്കുന്നതിനും മകനെ പോലീസ് കസ്റ്റഡിയിൽ വാങ്ങി വീടിനു സമീപം കൊണ്ടുവരാതിരിക്കുന്നതിനും എഫ്ഐആറിൽ തിരുത്തൽ വരുത്തുന്നതിനും മറ്റും പറഞ്ഞ് തെറ്റിധരിപ്പിച്ചാണ് കഴിഞ്ഞ രണ്ട് മാസങ്ങളായി ഇയാൾ തുക കൈപ്പറ്റി വന്നത്.
ജോമോൻ മാത്യുവിന് സൗണ്ട് സിസ്റ്റത്തിന്റെ ജോലിയാണ്. ഇയാൾ ജോ ഓഡിയോ ലാബ് എന്ന സ്ഥാപനം തോട്ടുപുറത്ത് നടത്തുന്നുണ്ട്. ലില്ലി ജോർജ് പത്തനംതിട്ട പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിപ്രകാരം നടന്ന അന്വേഷണത്തിലാണ് ജോമോൻ കുടുങ്ങിയത്.
മകന് മരണശിക്ഷ വരെ കിട്ടാൻ സാധ്യതയുണ്ടെന്നും ജാമ്യം കിട്ടാൻ ബുദ്ധിമുട്ടാണെന്നും ഭയപ്പെടുത്തി പലതവണയായി ഇയാൾ പണം തട്ടിയെടുക്കുകയായിരുന്നു. ജോജിക്കും ഷൈനുവിനും അടുത്തയിടെ ജാമ്യം ലഭിച്ചിരുന്നു. ഇതേത്തുടർന്ന് അഭിഭാഷകനുമായി സംസാരിക്കുന്നതിനിടെയാണ് പണത്തിന്റെ വിവരം പുറത്തുവരുന്നത്.
തനിക്കു ലഭിച്ച തുകയെ സംബന്ധിച്ച് അഭിഭാഷകൻ ലില്ലി ജോർജിനോടു പറഞ്ഞു. ജോമോൻ പണം വാങ്ങിയ വിവരം പോലീസിൽ അറിയിക്കാൻ അഭിഭാഷകനാണ് നിർദേശിച്ചത്. ഇതിനിടെ സഹോദരന്റെ കേസ് പറഞ്ഞു സ്വന്തം വീട്ടിൽ നിന്നും ഇയാൾ പണം വാങ്ങിയതായും പറയുന്നു.
ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം പത്തനംതിട്ട ഡിവൈഎസ്പി എസ് നന്ദകുമാറിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ ഊർജ്ജിതമാക്കിയ അന്വേഷണത്തിൽ ജോമോനെ ഇലന്തൂരിൽ നിന്നും കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.
ഇയാളുടെ ചുമതയിലുള്ള സൗണ്ട് സിസ്റ്റത്തിനു വേണ്ടി അടുത്തയിടെ 4,80,000 രൂപയുടെ സാധനങ്ങൾ കുണ്ടറയിലുള്ള ഒരു സ്ഥാപനത്തിൽ നിന്നും വാങ്ങിയതായി സമ്മതിച്ചു.
പത്തനംതിട്ട ഡിവൈഎസ്പി എസ്. നന്ദകുമാറിന്റെ മേനോട്ടത്തിൽ നടന്ന അന്വേഷണത്തിൽ, പത്തനംതിട്ട പോലീസിന് ഇൻസ്പെക്ടർ കെ. അരുൺ കുമാർ, എസ്ഐ കെ. ആർ. രാജേഷ് കുമാർ തുടങ്ങിയവരാണ് ഉൾപ്പെട്ടത്.