സിപിഎമ്മിനെതിരേ രൂക്ഷ വിമർശനവുമായി ബ്ലോക്ക് പ്രസിഡന്റ് ജെസി സൂസൻ ജോസഫ്
1532438
Thursday, March 13, 2025 3:41 AM IST
കോഴഞ്ചേരി: യുഡിഎഫിനൊപ്പം ചേർന്ന് കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജെസി സൂസൻ ജോസഫ് (സൂസൻ ഫിലിപ്പ്) സിപിഎം ഏരിയ, ജില്ലാ നേതൃത്വങ്ങൾക്കെതിരേ രൂക്ഷ വിമർശനവുമായി രംഗത്ത്.
വനിതാ സംവരണമായ കോയിപ്രം ബ്ലോക്ക് പ്രസിഡന്റു സ്ഥാനം അവസാന ഒരുവർഷം തനിക്കു നൽകാമെന്ന് പാർട്ടിയിൽ ധാരണയുണ്ടായിരുന്നുവെന്നും എന്നാൽ തനിക്കു ലഭിക്കേണ്ട ടേം ആയപ്പോൾ കെ.കെ. വത്സലയെക്കൊണ്ട് രാജിവയ്പിച്ചശേഷം പ്രസിഡന്റായാൽ അവധിയെടുത്ത് വൈസ് പ്രസിഡന്റായിരുന്ന ഉണ്ണി പ്ലാച്ചേരിക്ക് ആറുമാസം പ്രസിഡന്റിന്റെ ചുമതല നൽകാനുള്ള നിർദേശം മുൻ ജില്ലാ സെക്രട്ടറി നൽകി.
ഇതംഗീകരിക്കാനാകില്ലെന്നു പറഞ്ഞതോടെയാണ് തനിക്ക് സ്ഥാനം നിഷേധിച്ചത്. ഈ നീക്കത്തിനു പിന്നിൽ സിപിമ്മിലെ ജാതി രാഷ്ട്രീയത്തിന്റെ മൊത്തക്കച്ചവടക്കാരായ ചില ഏരിയാ കമ്മിറ്റിയംഗങ്ങളാണെന്ന് ജെസി ആരോപിക്കുന്നു.
അയിരൂരിലെ സമീപകാല സിപിഎം രാഷ്ട്രീയത്തിനു പിന്നിലും പാർട്ടിയിലെ ചിലരുടെ സ്ഥാപിത താത്പര്യങ്ങളാണ്. അയിരൂർ മുൻ പ്രസിഡന്റ് ശ്രീജ വിമലിന്റെ രാജിയും പിന്നാലെ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ ബിജെപിയെ സഹായിക്കാൻ പ്രസിഡന്റിന്റെ വോട്ട് അസാധുവാക്കിയതും ഇതിന്റെ പേരിൽ അനിത കുറുപ്പിനെ ബലിയാടാക്കി ലോക്കൽ സെക്രട്ടറി സ്ഥാനത്തു നിന്നു നീക്കിയതും ഉദാഹരണങ്ങളാണെന്ന് ലോക്കൽ കമ്മിറ്റിയംഗം കൂടിയായിരുന്ന ജെസി പറഞ്ഞു.
സാധാരണക്കാരുടെ സന്പാദ്യം തട്ടിയെടുത്ത സഹകരണ സ്ഥാപനത്തെ നയിച്ച നേതാക്കൻമാരെ സംരക്ഷിക്കുകയാണ് പാർട്ടി ഇപ്പോഴും ചെയ്യുന്നതെന്നും അവർ കുറ്റപ്പെടുത്തി.