മാലിന്യമുക്ത കേരളം - ജില്ലയും പ്രഖ്യാപനത്തിനൊരുങ്ങി
1532436
Thursday, March 13, 2025 3:41 AM IST
പത്തനംതിട്ട: 2024 ഒക്ടോബർ രണ്ടിന് ഗാന്ധി ജയന്തി ദിനത്തിൽ തുടങ്ങി അടുത്ത 30 ന് അവസാനിക്കുന്ന മാലിന്യ മുക്തം നവകേരളം - ജനകീയ കാന്പെയിൻ പ്രവർത്തനങ്ങൾ ജില്ലയിൽ അവസാനഘട്ടത്തിലേക്ക് എത്തിയതായി കളക്ടർ എസ്. പ്രേംകൃഷ്ണൻ പത്രസമ്മേളനത്തിൽ പറഞ്ഞു. 30 ന് അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനത്തിൽ സംസ്ഥാനം മാലിന്യ മുക്ത നവകേരളമായി പ്രഖ്യാപിക്കാനിരിക്കുന്ന സാഹചര്യത്തിൽ മാലിന്യ മുക്ത പത്തനംതിട്ട സാധ്യമാക്കുകയെന്ന ലക്ഷ്യത്തിനായുളള പ്രവർത്തനങ്ങളാണ് പൂർത്തീകരിക്കുന്നത്.
പത്തനംതിട്ട ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശ സ്വയം ഭരണ വകുപ്പിന്റെയും ജില്ലാ പഞ്ചായത്തിന്റെ യും നേതൃത്വത്തിൽ വിപുലമായി കാന്പെയിൻ പ്രവർത്തനങ്ങൾ വരും ദിവസങ്ങളിൽ നടക്കും.
തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ നേതൃത്തിൽ പത്തനംതിട്ട ശുചിത്വ മിഷൻ, കുടുംബശ്രീ മിഷൻ, ഹരിത കേരള മിഷൻ, കെഎസ്ഡബ്ല്യുഎംപി, സികെസിഎൽ എന്നിവയാണ് കാന്പെയിനുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങളും പരിപാടികളും ആസൂത്രണം ചെയ്ത് ജില്ലയിൽ നടപ്പിക്കൊണ്ടിരിക്കുന്നത്.
കുടുംബശ്രീയുടെ നേതൃത്വത്തിൽ വീടുകളും വ്യാപാര സ്ഥാപനങ്ങളു കേന്ദ്രീകരിച്ച് പിങ്ക് സ്ക്വാഡ് ഡോർ ടു ഡോർ കാന്പെയിൻ ഇന്ന് പൂർത്തിയാകും. ഭവനസന്ദർശനത്തിലൂടെയാണ് പിങ്ക് സ്ക്വാഡ് സന്ദേശം എത്തിക്കുന്നത്. ജില്ലയിലെ എല്ലാ തദ്ദേശ വാർഡുകളിലും ശുചിത്വ വാർഡ് സഭകൾ സംഘടിപ്പിക്കും.
ഇതോടൊപ്പം ചടങ്ങുകളിലും ആഘോഷങ്ങളിലും ഹരിത ചട്ടം പാലിക്കേണ്ടതിന്റെ ആവശ്യകതകൾ, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം പൂർണമായും ഒഴിവാക്കൽ തുടങ്ങിയവയിലും ശുചിത്വ സഭകളിൽ ചർച്ചകൾ സംഘടിപ്പിക്കും. ജില്ലയിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന പിങ്ക് സ്ക്വാഡ് അംഗങ്ങളെ ബ്ലോക്ക് പഞ്ചായത്ത് തലത്തിലും ഗ്രാമപഞ്ചായത്ത് തലത്തിലും ആദരിക്കും.
15 മുതൽ പത്തനംതിട്ട ജില്ലയിലെ എല്ലാ തദ്ദേശ വാർഡുകളിലും കുടുംബശ്രീയുടെയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും നേതൃത്തിൽ വിപുലമായ മാസ് ക്ലീനിംഗ് ഡ്രൈവുകൾ സംഘടിപ്പിക്കും. ക്ലീൻ കേരള കമ്പനിയുടെ സഹായത്തോടെ മിനി എംസിഎഫുകളിൽ നിന്നും എംസിഎഫുകളിൽ നിന്നും ഉളള മാലിന്യ നിക്കം വരും ദിവസങ്ങളിൽ ത്വരിതപ്പെടുത്തും.
17 മുതൽ ജില്ലയിൽ ഉടനീളം തദ്ദേശ സ്വയം ഭരണ വകുപ്പിന്റെയും ജില്ലാ ശുചിത്വ മിഷന്റെയും നേതൃത്വത്തിൽ സ്പെഷൽ എൻഫോഴ്സ്മെന്റ് ഡ്രൈവും മാലിന്യ മുക്തം നവകേരളം ജനകീ കാന്പെയിന്റെ ഭാഗമായി സംഘടിപ്പിക്കും.
24 ന് ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകളിലും ക്ലീനിംഗ് ഡ്രൈവും സെഗ്രിഗേഷൻ പ്രാക്ടീസ് ഡെമോകളും നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് ഏബ്രഹാം, ശുചിത്വ മിഷന് ജില്ലാ കോര്ഡിനേറ്റര് നിഫി എസ്. ഹക്ക് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.