ചികിത്സാ സംവിധാനങ്ങൾ ഏറി, കോന്നി മെഡിക്കൽ കോളജ് സജ്ജം
1510965
Tuesday, February 4, 2025 2:35 AM IST
പത്തനംതിട്ട: ജില്ലയുടെ ചികിത്സാ സംവിധാനങ്ങളിൽ സർക്കാർ മെഡിക്കൽ കോളജ് പൂർണസജ്ജമാകുന്നു. മെഡിക്കൽ കോളജിനെ സമ്പൂർണ സജ്ജമാക്കാനുള്ള പ്രവർത്തനങ്ങളും സൂപ്പർ സ്പെഷാലിറ്റി നിലവാരത്തിൽ എത്തിക്കാനുമുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.
മൂന്ന് ബാച്ചുകളിലായി 300 എംബിബിഎസ് വിദ്യാർഥികളാണ് നിലവിൽ പഠനം നടത്തുന്നത്.
രണ്ടായിരത്തോളം രോഗികൾ പ്രതിദിന ഒപിയിൽ ചികിത്സ തേടിയെത്തുന്നുണ്ട്. ഐപി വിഭാഗവും പൂർണസജ്ജമായി വരുന്നു. 300 കിടക്കകളാണ് നിലവിൽ ആശുപത്രിയിലുള്ളത്. ശസ്ത്രക്രിയാ വിഭാഗങ്ങൾ അടക്കം സജ്ജമായതോടെ കൂടുതൽ രോഗികളെ ഐപി വിഭാഗത്തിൽ എത്തിക്കാനാകും.
ഫോറൻസിക് ബ്ലോക്ക് സജ്ജമായതോടെ പോസ്റ്റ്മോർട്ടം നടപടികളും ആരംഭിക്കാനാകും. ഇതോടെ പത്തനംതിട്ടയിൽനിന്നും കോട്ടയം മെഡിക്കൽ കോളജിലേക്കു മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയയ്ക്കുന്നത് ഒഴിവാകും.
ഫാർമസി ആൻഡ് സർജിക്കൽസ് യൂണിറ്റ് 24 മണിക്കൂറും
കോന്നി മെഡിക്കൽ കോളജിൽ എൽഎൻ കെയർ - ഫാർമസി ആൻഡ് സർജിക്കൽസ് അനുവദിച്ചതായി കെ.യു. ജനീഷ് കുമാർ എംഎൽഎ അറിയിച്ചു. കോന്നി മെഡിക്കൽ കോളജ് ആശുപത്രിക്കുള്ളിൽ സ്ഥാപിക്കുന്ന ഫാർമസി ആൻഡ് സർജിക്കൽസ് 500 ചതുരശ്ര അടി വിസ്തീർണത്തിലാണ് നിർമിക്കുന്നത്.
24 മണിക്കൂറും സേവനം ലഭ്യമാക്കുന്ന ഫാർമസിയാണ്. മരുന്നുകൾ, സർജിക്കൽ ഉപകരണങ്ങൾ, ഇംപ്ലാന്റുകൾ എന്നിവ 50 ശതമാനംവരെ വിലക്കുറവിൽ കിട്ടുന്നതായിരിക്കും.മെഡിക്കൽ കോളജ് ഐപി വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ടവരിൽ ആരോഗ്യ ഇൻഷ്വറൻസ് പരിധിയിൽ വരുന്ന രോഗികൾ, മെഡിസെപ്, സർക്കാർ ആരോഗ്യകിരണം സ്കീമുകളിൽപ്പെടുന്നവർക്കും സൗജന്യമായി മരുന്ന് ലഭിക്കും. ആശുപത്രികൾക്ക് ആവശ്യമുള്ള എല്ലാവിധ സർജിക്കൽ ഉപകരണങ്ങളും ജീവൻരക്ഷാ മരുന്നുകളും വിലക്കുറവിൽ ലഭ്യമാകും.
352 കോടിയുടെ അതിവേഗ വികസനം
നിലവിൽ 352കോടിയുടെ രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്. 130 കോടിയുടെ പ്രവൃത്തികളാണ് കഴിഞ്ഞ മൂന്നു വർഷങ്ങൾക്കുള്ളിൽ പൂർത്തീകരിച്ചത്.
മുന്നൂറ് കിടക്കകളോടുകൂടിയ ആശുപത്രിക്കെട്ടിടവും അക്കാഡമിക് ബ്ലോക്കും പ്രവർത്തന സജ്ജമാണ്. അത്യാഹിതവിഭാഗത്തിലും വാർഡുകളിലും ഓക്സിജൻ സൗകര്യങ്ങളോടുകൂടിയ കിടക്കകളാണുള്ളത്. മെഡിക്കൽ കോളജിൽതന്നെ ഓക്സിജൻ പ്ലാന്റ് സ്ഥാപിച്ചിട്ടുണ്ട്. പീഡിയാട്രിക് ഐസിയുവും മൈനർ ഓപ്പറേഷൻ തിയറ്ററുകളും പ്രവർത്തന സജ്ജമാണ്.
എല്ലാ വിഭാഗങ്ങളിലും വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാണ്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ലാബും ഫാർമസിയും സജ്ജീകരിച്ചിട്ടുണ്ട്. സിടി സ്കാനും അൾട്രാസൗണ്ട് സ്കാനറും മറ്റ് പ്രധാന അടിസ്ഥാന സൗകര്യങ്ങളുമുണ്ട്.
നാല് ബഹുനില കെട്ടിടങ്ങൾ
മെഡിക്കല്‍ കോളജിലെ നാല് ബഹുനില കെട്ടിടങ്ങളുടെ നിര്‍മാണം അന്തിമഘട്ടത്തിലാണ്. 11 നിലകളിലായി 40 അപ്പാർട്ട്മെന്റുകള്‍ ഉള്‍പ്പെടുത്തിയ രണ്ട് ക്വാർട്ടേഴ്സ് സമുച്ചയങ്ങളുടെ നിർമാണം പുരോഗമിക്കുന്നു.
ഡോക്ടര്‍മാര്‍ക്കായി 9.1 കോടി രൂപയില്‍ 77,000 ചതുരശ്ര അടിയിലും അധ്യാപകര്‍ക്കായി 16.26 കോടി രൂപയില്‍ 37,000 ചതുരശ്ര അടിയിലുമുള്ള ക്വാർട്ടേഴ്സാണ് നിർമിക്കുന്നത്. 22.80 കോടി രൂപ ചെലവില്‍ 57,000 ചതുരശ്ര അടിയിൽ രണ്ടു നിലകളിലായി അക്കാഡമിക് ബ്ലോക്കിന്റെ വിപുലീകരണവും അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ നിര്‍മാണവും നടന്നുവരുന്നു.