സ്ത്രീകളിലെ അർബുദം: പ്രതിരോധ കാന്പയിൻ ഇന്നുമുതൽ
1510959
Tuesday, February 4, 2025 2:35 AM IST
പത്തനംതിട്ട: കാൻസർ പ്രതിരോധ ജനകീയ കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ഇന്നു വൈകുന്നേരം നാലിന് ഹാരിസണ്‍സ് മലയാളം ലിമിറ്റഡ് കുമ്പഴ എസ്റ്റേറ്റില്‍ കെ.യു. ജനീഷ് കുമാര്‍ എംഎൽഎ നിര്‍വഹിക്കും. മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രീജ പി. നായര്‍ അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എം. അമ്പിളി എന്നിവര്‍ മുഖ്യാതിഥികളാകും.
സ്ത്രീകളിലെ സ്തനാര്‍ബുദം, ഗര്‍ഭാശയാര്‍ബുദം എന്നിവ കണ്ടെത്തുന്നതിന് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ലോക കാന്‍സര്‍ ദിനമായ ഇന്നുമുതല്‍ മാര്‍ച്ച് എട്ടുവരെയാണ് കാമ്പയിന്. ജില്ലയിലെ 30 വയസ് കഴിഞ്ഞ സ്ത്രീകളില്‍ കാന്‍സര്‍ നിര്‍ണയ പരിശോധനയിലൂടെ രോഗം നേരത്തെ കണ്ടെത്തുകയും ചികിത്സിച്ച് ഭേദമാക്കുകയുമാണ് കാമ്പയിന്റെ ലക്ഷ്യം.
കാമ്പയിന്റെ പ്രചാരണാർഥം ഡോക്ടര്‍മാരുടെ മ്യൂസിക് ബാന്‍ഡായ റിംഗ് റോഡ് ബീറ്റ്സ് പത്തനംതിട്ടയില്‍ സംഗീത സായാഹ്നം നടത്തി. നഴ്സിംഗ് വിദ്യാര്‍ഥികള്‍ തിരുവല്ലയിലും പത്തനംതിട്ടയിലും ഫ്ളാഷ് മോബ് അവതരിപ്പിച്ചു. ഇന്നു രാവിലെ എട്ടിന് സെന്റ് പീറ്റേഴ്സ് ജംഗ്ഷനില്‍നിന്ന് വിളംബരം ആരംഭിക്കും. രണ്ടുമുതല്‍ കുമ്പഴ എസ്റ്റേറ്റ് ആശുപതിയില്‍ സ്ത്രീതൊഴിലാളികള്ക്കായി കാന്‍സര്‍ സ്ക്രീനിംഗ് ക്യാമ്പ് നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍. അനിതാകുമാരി അറിയിച്ചു.