വിവിധ ഇടങ്ങളിലായി വൻ ലഹരിവേട്ട
1510794
Monday, February 3, 2025 7:27 AM IST
ഡ്രൈഡേയില്‍ മദ്യവില്പന: 13 കേസുകളെടുത്ത് എക്സൈസ് വകുപ്പ്
പത്തനംതിട്ട: ഡ്രൈഡേ മദ്യ വില്പനയുമായി ബന്ധപ്പെട്ട് 13 കേസുകളിലായി പത്തുപേര്‍ക്കെതിരേ ശനിയാഴ്ച മാത്രം എക്സൈസ് കേസെടുത്തു. ഏഴുപേര്‍ അറസ്റ്റിലായി.
ഇത് കൂടാതെ പൊതു സ്ഥലത്തെ മദ്യപാനത്തിന് മൂന്ന് അബ്കാരി കേസുകളും മൂന്ന് മയക്കുമരുന്ന് കേസുകളും രജിസ്റ്റര്‍ ചെയ്തു. മദ്യ വില്പന നടത്തിയ പത്തനംതിട്ട സ്വദേശി അമ്മിണി (55), കോന്നി സ്വദേശികളായ വിഷ്ണു യശോധരന് (37), ഷാജി (50), ചിറ്റാര്‍ സ്വദേശി സുഭാഷ് (48), തിരുവല്ല സ്വദേശി അഭിലാഷ് (37), മല്ലപ്പള്ളി സ്വദേശികളായ ഷാജി കെ. മാത്യു (46), ജോസഫ് ജോണ്‍ (38), അടൂര്‍ സ്വദേശികളായ ശിവദാസന്‍ (40), സുമ (47), റാന്നി സ്വദേശി സുബിന് സോമന് (29) എന്നിവര്‍ക്കെതിരേയാണ് കേസുകള്‍.
50.775 ലിറ്റര്‍ വിദേശ മദ്യം ഇവരില്‍നിന്നായി കണ്ടെത്തി. മദ്യം വിറ്റ വകയില്‍ 4320 രൂപയും പിടികൂടിയിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധനകള്‍ ശക്തമാക്കുമെന്നു ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ വി. റോബര്‍ട്ട് അറിയിച്ചു.
പരിശോധനകള്‍ക്ക് പത്തനംതിട്ട സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഷാജി, തിരുവല്ല സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ രാജേന്ദ്രന്, അടൂര്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ അരുണ്‍ അശോക്, പത്തനംതിട്ട എക്സൈസ് ഇന്‍സ്പെക്ടര്‍ ശ്യാം, കോന്നി എക്സൈസ് ഇന്‍സ്പെക്ടര്‍ അജികുമാര്‍, റാന്നി എക്സൈസ് ഇന്‍സ്പെക്ടര്‍ ബൈജു, മല്ലപ്പള്ളി എക്സൈസ് ഇന്‍സ്പെക്ടര്‍ അനു ബാബു എന്നിവര്‍ നേതൃത്വം നല്കി.
വിദേശമദ്യവും ലഹരി ഉത്പന്നങ്ങളും വില്പന നടത്തിവന്നയാള്‍ പിടിയില്‍
പത്തനംതിട്ട: അനധികൃത വിദേശമദ്യവും ലഹരി ഉത്പന്നങ്ങളും വില്പന നടത്തിവന്നയാളെ ആറന്മുള പോലീസ് പിടികൂടി. ആറന്മുള ഇലന്തൂര്‍ ചെമ്പകത്തില്പടി കൈതോട്ടമലയില്‍ അജിത്ത് വര്‍ഗീസാണ് (41) അറസ്റ്റിലായത്. നിയമവിരുദ്ധമായി വിദേശമദ്യവും നിരോധിത പുകയില ഉത്പന്നങ്ങളും വില്പനയ്ക്കായി വീട്ടില്‍ സൂക്ഷിച്ചുവച്ച ഇയാള്‍ മദ്യക്കച്ചവടം നടത്തിവരവേയാണ് പിടിയിലായത്.
500 മില്ലിലിറ്ററിന്റെ 11 കുപ്പി ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവും 17 പായ്ക്കറ്റ് നിരോധിത പുകയില ഉത്പന്നമായ ഹാന്‍സും പോലീസ് പിടിച്ചെടുത്തു. പ്രതി വീട്ടില്‍ മദ്യക്കച്ചവടം നടത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ആറന്മുള പോലീസ് ഇന്‍സ്പെക്ടര്‍ വി. എസ്. പ്രവീണിന്റെ നിര്‍ദേശപ്രകാരം പെട്രോളിംഗ് സംഘമാണ് പരിശോധന നടത്തി ഇവ പിടിച്ചെടുത്തത്.
ഇയാള്‍ക്കെതിരേ നിരോധിത ലഹരി ഉത്പന്നങ്ങളും അനധികൃത വിദേശമദ്യവും വിറ്റതിന് 2022, 24 വര്‍ഷങ്ങളിലായി നാല് അബ്കാരി കേസുകള്‍ നിലവിലുണ്ട്. ഇതില്‍ മൂന്നുകേസുകള്‍ പത്തനംതിട്ട എക്സൈസ് റേഞ്ച് ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തതും ഒരെണ്ണം ആറന്മുള പോലീസ് എടുത്തതുമാണ്. ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ് കുമാറിന്റെ നിര്‍ദേശാനുസരണം ജില്ലയില്‍ ഇത്തരം പരിശോധനകളും പോലീസ് നടപടിയും തുടര്‍ന്നുവരികയാണ്.
കോടതിയില്‍ ഹാജരാക്കിയ അജിത്തിനെ റിമാന്‍ഡ് ചെയ്തു. പോലീസ് സംഘത്തില്‍ എസ്ഐമാരായ ഹരീന്ദ്രന്‍, വിനോദ് പി. മധു, എഎസ്ഐ രാജേഷ് തുടങ്ങിയവര്‍ ഉണ്ടായിരുന്നു.
1.75 കിലോഗ്രാം കഞ്ചാവ് പിടികൂടി
പത്തനംതിട്ട: അടൂര്‍ ഏഴംകുളത്തുനിന്ന് 1.75 കിലോഗ്രാം കഞ്ചാവ് എക്സൈസ് സംഘം പിടികൂടി. യുവാവിനെ പ്രതിയാക്കി കേസെടുത്തു. അടൂര്‍ താലൂക്കിലെ ഏഴംകുളം വില്ലേജില്‍ പുതുമല പാലമുക്ക് മുറിയില്‍ സുബിന് ഭവനം വീട്ടില്‍ വിപിന്‍ രാജിനെ (33) പ്രതിയാക്കിയാണ് എക്സൈസ് സംഘം കേസെടുത്തത്.
പത്തനംതിട്ട എക്സൈസ് നാര്‍ക്കോട്ടിക് സ്പെഷല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ. സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസെടുത്തത്. ഏഴംകുളം ഭാഗത്ത് രാത്രി സമയങ്ങളില്‍ വിപിന്‍രാജ് മയക്കുമരുന്ന് കച്ചവടം നടത്തുന്നതായി രഹസ്യവിവരം ലഭിച്ചിരുന്നതിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് ഷാഡോ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്.
എക്സൈസ് സംഘത്തെ കണ്ട് ഇയാള്‍ കഞ്ചാവ് ഉപേക്ഷിച്ച് കടന്നകളഞ്ഞു. കൂടുതല്‍ പരിശോധനകള്‍ക്കായി വിപിന്‍രാജ് താമസിക്കുന്ന സ്ഥലത്ത് എത്തവേ താമസക്കാര്‍ സംഘര്‍ഷാവസ്ഥ ഉണ്ടാക്കിയെങ്കിലും സ്ഥലത്തെത്തിയ അടൂര്‍ പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ശ്യാമിന്റെ സഹായത്തോടെ തുടര്‍നടപടികള്‍ സ്വീകരിക്കുകയായിരുന്നു.
പാര്‍ട്ടിയില്‍ അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ഗ്രേഡ് മാത്യു ജോണ്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ദിലീപ് സെബാസ്റ്റ്യന്‍, അഭിജിത് എം, രാഹുല്‍ ആര്., സജിത്കുമാര്‍ എസ്., കൃഷ്ണകുമാര്‍, വനിത ഓഫീസര്‍ ഷമീന ഷാഹുല്‍ തുടങ്ങിയവരാണ് പരിശോധന നടത്തിയത്.