ഹിന്ദുമതം ധര്‍മത്തിലധിഷ്ഠിതമായ ജീവിതചര്യ: ഗവര്‍ണര്‍ അര്‍ലേക്കര്‍
1510795
Monday, February 3, 2025 7:27 AM IST
ചെറുകോല്‍പ്പുഴ: മതസംഹിതകളേക്കാളുപരി ഹിന്ദുമതം ധര്മത്തില് അധിഷ്ഠിതമായ ഒരു ജീവിതചര്യയെന്ന് കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍. 113-ാമത് അയിരൂര്‍ - ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് വിദ്യാധിരാജ നഗറില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ധര്മത്തിന് ച്യുതി സംഭവിക്കുന്നത് രാഷ്ട്രത്തെയും ബാധിക്കും. സര്‍വചരാചരങ്ങളെയും നോക്കിക്കാണുന്നത് ധര്മത്തിലൂടെയായിരിക്കണമെന്ന് ഗവര്‍ണര്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് മുഖ്യപ്രഭാഷണം നടത്തി. ഹിന്ദു മത മഹാമണ്ഡലം പ്രസിഡന്റ് പി.എസ്. നായര്‍ അധ്യക്ഷത വഹിച്ചു.
പെരുംകുളം ചെങ്കോല്‍ അധീന മഠാധിപതി ശിവപ്രകാശ ദേശീയ സത്യാജ്ഞാന സ്വാമി, ചിദാനന്ദ ഭാരതി, ആന്റോ ആന്റണി എംപി, പ്രമോദ് നാരായണ്‍ എംഎല്‍എ, ഹിന്ദുമത മഹാമണ്ഡലം സെക്രട്ടറി എ.ആര്. വിക്രമന് പിള്ള എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് രാത്രിയില്‍ മീനങ്ങാടി നരനാരായണ അദ്വൈതാശ്രമത്തിലെ സ്വാമി ഹംസാനന്ദപുരി പ്രസംഗിച്ചു.
പന്മന ആശ്രമത്തില്‍നിന്ന് ആരംഭിച്ച ജ്യോതിപ്രയാണ ഘോഷയാത്ര, എഴുമറ്റൂര്‍ പരമ ഭട്ടാരകാശ്രമത്തില്നിന്നും ഛായാചിത്ര ഘോഷയാത്ര, പുതിയകാവ് ദേവി ക്ഷേത്രത്തില്‍നിന്നുള്ള പതാക ഘോഷയാത്ര, സദാനന്ദപുരം അവധൂതാശ്രമത്തില്നിന്നുള്ള പദയാത്ര എന്നിവ രാവിലെ വിദ്യാധിരാജ നഗറില്‍ എത്തി. തുടര്‍ന്ന് ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് പി.എസ്. നായര്‍ പതാക ഉയര്‍ത്തി.
ഇന്ന് ഉച്ചകഴിഞ്ഞ് കുളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി ചിദാനന്ദപുരി പ്രഭാഷണം നടത്തും.
നാളെ ഉച്ചകഴിഞ്ഞ് 3.30ന് അയ്യപ്പഭക്ത സമ്മേളനം ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്യും.
അഞ്ചിന് 3.30ന് ഹിന്ദു ഏകതാ സമ്മേളനത്തില്‍ ആര്‍എസ്എസ് നേതാവ് ഡോ.മോഹന്‍ ഭാഗവത് പ്രസംഗിക്കും. ഒമ്പതിന് വൈകുന്നേരം സമാപന സമ്മേളനം ബംഗാള്‍ ഗവര്ണ് സി.വി. ആനന്ദബോസ് ഉദ്ഘാടനം ചെയ്യും.
മണല്‍പ്പുറ ക്രമീകരണം: ജലവിഭവ വകുപ്പ് തുക നല്‍കിയതായി എംഎല്‍എ
ചെറുകോല്‍പ്പുഴ: ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് നടത്തിപ്പുമായി ബന്ധപ്പെട്ട് മണല്‍പ്പുറ ക്രമീകരണങ്ങള്‍ക്ക് ഹിന്ദുമത മഹാമണ്ഡലത്തിന് വാഗ്ദാനം ചെയ്ത തുക ജലവിഭവ വകുപ്പ് കൈമാറിയതായി മന്ത്രി റോഷി അഗസ്റ്റിന് അറിയിച്ചിട്ടുണ്ടെന്ന് പ്രമോദ് നാരായണ്‍ എംഎല്‍എ. ഹിന്ദു മതമഹാമണ്ഡലം അക്കൗണ്ടിലേക്ക് പണം കൈമാറിയെന്നാണ് മന്ത്രി അറിയിച്ചത്.
ചെറുകോല്‍പ്പുഴ വിദ്യാധിരാജി നഗറിലെ നവീകരണവുമായി ബന്ധപ്പെട്ട് ശൗചാലയവും മറ്റും നിര്‍മിക്കുന്നതിന് ആവശ്യമായ തുക തന്റെ ആസ്തി വികസന ഫണ്ടില്‍നിന്ന് നല്‍കാമെന്ന് ആന്റോ ആന്റണി എംപി അറിയിച്ചതായി സെക്രട്ടറി എ.ആര്. വിക്രമന് പിള്ളയും പറഞ്ഞു.