മഞ്ഞനിക്കര ഭക്തിസാന്ദ്രം, തീര്ഥാടകവഴികളൊരുങ്ങി
1510800
Monday, February 3, 2025 7:27 AM IST
മഞ്ഞനിക്കര: പരിശുദ്ധ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവയുടെ 93-ാമത് ഓര്‍മപ്പെരുന്നാളിനു കൊടിയേറിയതോടെ മഞ്ഞനിക്കര ഭക്തിസാന്ദ്രമായി. വിവിധ സ്ഥലങ്ങളില്‍നിന്നുള്ള തീര്‍ഥാടകര്‍ ഇന്നലെ മുതല്‍ പാത്രിയര്‍ക്കീസ് ബാവയുടെ കബറിങ്കലേക്ക് എത്തിത്തുടങ്ങി. ഏഴ്, എട്ട് തീയതികളിലാണ് ഇക്കൊല്ലത്തെ പ്രധാന പെരുന്നാള്‍.
ദയറാ കത്തീഡ്രലിലെ കൊടിയേറ്റിനുശേഷം ഇന്നലെ മാര്‍ സ്തേഫാനോസ് പള്ളിയിലും പാത്രിയര്‍ക്കാ പതാക ഉയര്‍ത്തി. കൊടിയേറ്റിന് കൊല്ലം ഭദ്രാസന മെത്രാപ്പോലീത്ത മാത്യൂസ് മാര്‍ തേവോദോസിയോസ് കാര്‍മികത്വം വഹിച്ചു. ഗീവര്‍ഗീസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത പ്രാര്‍ഥിച്ച് ചെമ്പില്‍ അരിയിടീല്‍ കര്‍മം നടത്തി. ഫാ. ബോബി വര്‍ഗീസ്, ഫാ. എബി സ്റ്റീഫന്‍ എന്നിവര്‍ കാര്‍മികത്വം വഹിച്ചു.
പെരുന്നാളിനോടനുബന്ധിച്ച് കണ്വന്ഷന് ഇന്നു രാത്രി ഏഴിന് യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. അഞ്ചിനു വൈകുന്നേരം ആറിന് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.
93 നിര്‍ധനരായവര്‍ക്ക് അരിയും വസ്ത്രങ്ങളും വിതരണംചെയ്യും. തീര്‍ഥാടകരെയും കാല്‍നട തീര്‍ഥയാത്രാ സംഘങ്ങളെയും ഏഴിന് ഉച്ചകഴിഞ്ഞ് മൂന്നിന് ഓമല്ലൂര്‍ കുരിശിങ്കല്‍ മെത്രാപ്പോലീത്താമാരും മാര്‍ സ്തേഫാനോസ് ഇടവകയും സമീപ ഇടവകകളും സംയുക്തമായി സ്വീകരിച്ച് കബറിങ്കലേക്ക് ആനയിക്കും. ആറിനു പൊതുസമ്മേളനം പാത്രീയാര്‍ക്കീസ് ബാവായുടെ പ്രതിനിധി ലബാനോനിലെ മാര്‍ സേവേറിയോസ് റോജര്‍ അക്രാസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും.
എട്ടിനു പുലര്‍ച്ചെ മൂന്നിന് മാര്‍ സ്തേഫാനോസ് കത്തീഡ്രലില്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്തായുടെ കാര്‍മികത്വത്തില്‍ കുര്‍ബാനയും ദയറാ കത്തീഡ്രലില്‍ 5.15ന് പ്രഭാത പ്രാര്‍ഥനയും, 5.45ന് തോമസ് മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തില്‍ മൂന്നിന്മേല് കുര്‍ബാനയും എട്ടിന് പാത്രിയര്‍ക്കീസ് ബാവയുടെ പ്രതിനിധിയായെത്തുന്ന മെത്രാപ്പോലീത്തയുടെ കാര്‍മികത്വത്തില്‍ കുര്‍ബാനയും ഉണ്ടാകും. 10.30ന് സമാപന റാസയും നേര്‍ച്ച വിളമ്പും ഉണ്ടായിരിക്കും.