ഓർത്തഡോക്സ് സഭ തുന്പമൺ ഭദ്രാസനം ശതോത്തര സുവർണ ജൂബിലി ആഘോഷം ഉദ്ഘാടനം എട്ടിന്
1510789
Monday, February 3, 2025 7:27 AM IST
പത്തനംതിട്ട: മലങ്കര ഓർത്തഡോക്സ് സഭ തുമ്പമൺ ഭദ്രാസനം ശതോത്തര സുവർണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം എട്ടിനു നടക്കും. ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികളോടെയാണ് ശതോത്തര സുവർണ ജൂബിലി ആഘോഷമെന്ന് ഭദ്രാസനാധിപൻ ഡോ. ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത പത്രസമ്മേളനത്തിൽ പറഞ്ഞു.
ജൂബിലി വർഷത്തിൽ രണ്ട് കോടി രൂപയുടെ ക്ഷേമ പ്രവർത്തനങ്ങൾ നടത്തും. ഒരു കോടി രൂപയുടെ ഭവന നിർമാണം, ചികിത്സാ, വിവാഹ സഹായം, 15 സമൂഹ വിവാഹം, 150 പേർക്ക് വിധവാ പെൻഷൻ, എല്ലാ മാസവും 150 പേർക്ക് ഭക്ഷ്യസാധന വിതരണം തുടങ്ങിയ ക്ഷേമ പദ്ധതകളും പ്രവാസി സംഗമം, അധ്യാപക സംഗമം, വിദ്യാർഥി സംഗമം, യുവസംരംഭക സംഗമം, പ്രഫഷണൽ മീറ്റ്, സഭാകവി സി. പി. ചാണ്ടി അനുസ്മരണം, ഡോക്യുമെന്ററി, സമൂഹത്തിന്റെ വിവിധ തുറകളിൽ പ്രവർത്തിക്കുന്ന സഭാംഗങ്ങളെ ആദരിക്കൽ, സാമൂഹിക ഐക്യം വിളംബരം ചെയ്യുന്ന പത്തനംതിട്ട ഫെസ്റ്റ് എന്നിവയും ഉൾപ്പെടും.
എട്ടിന് ഉച്ചകഴിഞ്ഞ് 2.30 ന് മാക്കാംകുന്ന് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ അങ്കണത്തിൽ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനം കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും. വിവിധ ചാരിറ്റി പദ്ധതികളുടെ പ്രവർത്തനം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. കുര്യാക്കോസ് മാർ ക്ലിമീസ് വലിയ മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തും.
മലങ്കര കത്തോലിക്ക സഭ പത്തനംതിട്ട രൂപതാധ്യക്ഷൻ ഡോ. സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്ത, ആന്റോ ആന്റണി എംപി, മലങ്കര അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ എന്നിവർ പ്രസംഗിക്കും. കൾച്ചറൽ ഫെസ്റ്റ് ലോഗോ മുനിസിപ്പൽ ചെയർമാൻ ടി. സക്കീർ ഹുസൈൻ പ്രകാശനം ചെയ്യും.
മെത്രാപ്പോലീത്തമാരായ ഡോ. മാത്യൂസ് മാർ തീമോത്തിയോസ്, ഡോ. ജോസഫ് മാർ ദിവന്നാസിയോസ്, ഡോ. ജോഷ്വാ മാർ നിക്കാദിമോസ്, ഡോ. സക്കറിയാ മാർ അപ്രേം എന്നിവരും വൈദിക ട്രസ്റ്റി ഫാ. ഡോ. തോമസ് വർഗീസ് അമയിൽ, അല്മായ ട്രസ്റ്റി റോണി വർഗിസ് എന്നിവരും പങ്കെടുക്കും. 82 പള്ളികളിൽനിന്നുള്ള വിശ്വാസികൾ പങ്കെടുക്കും.
ഭദ്രാസന സെക്രട്ടറി ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്കോപ്പ, ഫാ. ബിജു തോമസ്, ഫാ. ബിജു മാത്യൂസ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.