ഇലന്തൂരില്‍ ഡയപ്പര്‍ സംസ്കരണ പ്ലാന്റ്
1510801
Monday, February 3, 2025 7:27 AM IST
പത്തനംതിട്ട: ശുചിത്വ സംസ്കാരം പ്രോത്സാഹിപ്പിക്കാനും മാലിന്യ സംസ്കരണത്തിന് കേന്ദ്രീകൃത സംവിധാനം ഒരുക്കാനുമായി ഇലന്തൂരില്‍ ഡയപ്പര്‍ സംസ്കരണ പ്ലാന്റിനു നിര്‍ദേശം. ഇതാദ്യമായാണ് ജില്ലയില്‍ ഇത്തരമൊരു സംസ്കരണ കേന്ദ്രത്തിനു പദ്ധതി തയാറാക്കിയിട്ടുള്ളത്.
ഡയപ്പര്‍, സാനിട്ടറി മാലിന്യങ്ങള്‍ തുടങ്ങിയവ സംസ്കരിക്കുന്നതിന് ശുചിത്വമിഷന്റെ സഹായത്തോടെയാണ് ഒരു കോടി രൂപ ചെലവില്‍ പ്ലാന്റ് സ്ഥാപിക്കുന്നത്. ജില്ലാ പഞ്ചായത്ത്, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത്, എഴ് ഗ്രാമപഞ്ചായത്തുകള്‍ എന്നിവയാണ് പ്ലാന്റ് നിര്‍മാണത്തിന്റെ ചെലവ് വഹിക്കുന്നത്. പ്രവര്‍ത്തന ചുമതല ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തിനായിരിക്കും.
മാലിന്യം ശേഖരിക്കുന്നതിന് ഹരിത കര്‍മസേന നിലവില്‍ വാങ്ങുന്ന രീതിയിലുള്ള യൂസര്‍ ഫീ ഈടാക്കാന്‍ ആലോചിക്കുന്നുണ്ട്. ഡയപ്പര്‍, സാനിറ്ററി പാഡുകള്‍ വേര്‍തിരിച്ച് വീടുകളില്‍ സൂക്ഷിക്കണം.
ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനു പിന്നിലെ ഒരേക്കറോളം സ്ഥലമാണ് പ്ലാന്റിനായി കണ്ടെത്തിയിരിക്കുന്നത്. നേരത്തെ, സാമൂഹിക വനവത്കരണത്തിനായി വനം വകുപ്പിന് വിട്ടുനല്‍കിയതാണ് സ്ഥലം. പ്ലാന്റ് നിര്‍മിക്കാന്‍ ആവശ്യമായ ഭാഗത്തെ പതിനെട്ട് മരങ്ങള്‍ മുറിച്ചുമാറ്റുന്നതിന് ജില്ലാ പഞ്ചായത്ത് മുഖേന വനംവകുപ്പിന് കത്തുനല്‍കും.
പുറത്തുവരുന്നത് വെള്ളപ്പുക
മാലിന്യം സംസ്കരിക്കുമ്പോഴുള്ള പുക മലിനീകരണം തടയുന്നതിനു പ്ലാന്റില്‍ സംവിധാനമുണ്ടാകുമെന്ന് ബ്ലോക്ക് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. കറുത്ത പുക ശുദ്ധീകരിച്ച് വെളുത്തതാക്കി പൊക്കമുള്ള കുഴലുകളിലൂടെ പുറത്തേക്കുവിടും. പ്ലാന്റ് നിര്‍മാണത്തിന്റെ ചെലവ് ബ്ലോക്കിനു കീഴിലെ ഏഴ് ഗ്രാമപഞ്ചായത്തുകള്‍ ചേര്‍ന്നു വഹിക്കണമെന്നാണ് നിര്‍ദേശം. എന്നാല്‍ ആവശ്യമായ ഫണ്ട് തങ്ങള്‍ക്കില്ലെന്ന നിലപാടിലാണ് ഗ്രാമപഞ്ചായത്തുകള്‍.
ഇതിനിടെ ഡയപ്പര്‍, സാനിട്ടറി പ്ലാന്റ് നിര്‍മാണത്തിനെതിരേ പരിസരവാസികളായ നൂറു പേര് ശുചിത്വമിഷനു പരാതി നല്‍കിയിട്ടുണ്ട്. പ്ലാന്റ് സ്ഥാപിക്കുമ്പോള്‍ വായു മലിനീകരണമുണ്ടാകുമെന്നും മണ്ണും തോടുകളും മലിനമാകുമെന്നുമാണ് പരാതി. ജനവാസ മേഖലയില്‍നിന്ന് പ്ലാന്റ് മാറ്റണമെന്ന് ആവശ്യവും ഉയര്‍ന്നു. നേരത്തെ പല സ്ഥലങ്ങളിലും ഇന്‍സിനേറ്റര്‍ സ്ഥാപിച്ചതില്നിന്ന് കറുത്ത പുകയും രൂക്ഷഗന്ധവും ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യം പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഭരണസമിതിയിലും വിയോജിപ്പ്
പ്ലാന്റ് നിര്‍മാണം സംബന്ധിച്ച് ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിക്കും ഏകകണ്ഠമായ അഭിപ്രായമില്ല. പ്രതിപക്ഷാംഗങ്ങള്‍ പദ്ധതിയെ എതിര്‍ത്തിരുന്നു.
ബ്ലോക്ക് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം പ്ലാന്റിനായി വിട്ടുനല്‍കുന്നതിനും എതിര്‍പ്പുണ്ടായി. ഭരണസമിതിയുടെ അവസാനകാലഘട്ടത്തില്‍ ഏറ്റെടുക്കുന്ന പദ്ധതിയുടെ ഗുണദോഷവശങ്ങള് പഠിക്കേണ്ടതുണ്ടെന്നാണ് പ്രതിപക്ഷാംഗങ്ങളുടെ അഭിപ്രായം. പദ്ധതി നിര്‍ദേശമായി അംഗീകരിക്കാമെന്നും അടുത്ത ഭരണസമിതി നടപ്പാക്കട്ടേയെന്ന അഭിപ്രായവും ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍ രേഖപ്പെടുത്തി.
പ്ലാന്റ് വരുന്നതോടെ ഉണ്ടായേക്കാവുന്ന വായു മലിനീകരണം അടക്കമുള്ള വിഷയങ്ങളില്‍ പ്രദേശവാസികളുടെ ആശങ്ക മുഖവിലയ്ക്കെടുക്കണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാല്‍ പ്ലാന്റ് വായു മലിനീകരണം ഉണ്ടാക്കുമെന്ന പരാതിയില്‍ അടിസ്ഥാനമില്ലെന്നു എല്ലാ വശവും പരിശോധിച്ച ശേഷമാണ് തീരുമാനമെടുത്തതെന്നും ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി പറഞ്ഞു.
ജനവാസ മേഖലയില്‍ പ്ലാന്റ് നിര്‍മിക്കുന്നത് രോഗങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്നും ബ്ലോക്ക് പഞ്ചായത്തംഗമായ അജി അലക്സ് പറഞ്ഞു. പ്ലാന്റ് നിര്‍മാണം അടുത്ത ഭരണസമിതിക്കു വിടുന്നതാണ് നല്ലതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.