പരിയാരം സ്കൂളിലെ കുട്ടികൾക്ക് ഇനി പ്രഭാതഭക്ഷണവും
1510945
Tuesday, February 4, 2025 2:35 AM IST
മല്ലപ്പള്ളി: പരിയാരം ഗവ. യുപി സ്കൂളിലെ വിദ്യാർഥികൾക്ക് ഇനി പോഷക ഗുണമുള്ള പ്രഭാതഭക്ഷണവും. പാലപ്പം, ഇടിയപ്പം, ഇഡ്ഡലി , മുട്ടക്കറി, കടലക്കറി തുടങ്ങി മെനു മാറിമാറി വരും.
മല്ലപ്പള്ളി പഞ്ചായത്തിന്റെ വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. മല്ലപ്പള്ളി താലൂക്കിൽ ആദ്യമായിട്ടാണ് ഇത്തരത്തിൽ ഒരു പദ്ധതി. പ്രസിഡന്റ് എസ്. വിദ്യാമോൾ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ റെജി പണിക്കമുറി അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് സാം പട്ടേരിൽ, പ്രഥമാധ്യപിക എം.കെ. രാധിക, നൂൺമീൽ ഓഫീസർ അജോ എന്നിവർ പ്രസംഗിച്ചു. അടുത്ത അധ്യയനവർഷത്തിൽ തുടക്കം മുതൽ പദ്ധതി നടപ്പാക്കുവാൻ വേണ്ട ക്രമീകരണങ്ങൾ ചെയ്യുമെന്ന് പ്രസിഡന്റ് എസ്. വിദ്യാമോൾ പറഞ്ഞു.