കുമ്മണ്ണൂരിൽ വന്യമൃഗങ്ങൾ കൃഷി നശിപ്പിച്ചു; കർഷകർ കടക്കെണിയിൽ
1510951
Tuesday, February 4, 2025 2:35 AM IST
കോന്നി: കുമ്മണ്ണൂർ നെടിയകാല ഭാഗത്ത് കാട്ടാന കൃഷിയിടങ്ങളിൽ വ്യാപകനാശം വരുത്തുന്നു. കൃഷിക്കാർ നേരിടുന്ന പ്രതിസന്ധി അധികൃതരും കണ്ടില്ലെന്നു നടിക്കുകയാണ്. രാത്രികാലങ്ങളിൽപുറത്തിറങ്ങാൻ പ്രദേശവാസികൾക്കു ഭയമാണ്.
നെടിയകാലയിൽ പി.എം. സലിമിന്റെ കൃഷിയിടത്തിൽ കഴിഞ്ഞദിവസം ആനകൾ കയറി കൃഷികൾ പൂർണമായും നശിപ്പിച്ചു. വിളവെത്താറായ കാർഷികവിളകളടക്കം ആന നശിപ്പിച്ചു.
കഴിഞ്ഞ ദിവസം പുലർച്ചെ ഒന്നോടെ കൃഷിയിടത്തിൽ കയറി വാഴ, കപ്പ, റബർ തുടങ്ങിയ വിവിധയിനം കാർഷികവിളകളാണ് നശിപ്പിച്ചത്.
കൃഷി നശിപ്പിച്ച വിവരം വനം അധികൃതരെ അറിയിക്കുകയും ജീവനക്കാർ സ്ഥലം സന്ദർശിച്ചു റിപ്പോർട്ട് തയാറാക്കുകയും ചെയ്തു. ആനകൾ സ്ഥിരമായി ഈ പ്രദേശങ്ങളിൽ തന്നെയാണുള്ളത്. ഈ പ്രദേശങ്ങളിൽ സ്ഥാപിച്ചിട്ടുള്ള സോളാർ ഫെൻസിംഗ് പൂർണമായും പ്രവർത്തനരഹിതമായിരിക്കുകയാണ്. ആനകൾക്കു പുറമേ മലയണ്ണാൻ, കുരങ്ങ്, മ്ലാവ്, കേഴ, പന്നി, മുള്ളൻപന്നി ശല്യവും വർധിച്ചുവരികയാണ്. വൈകുന്നേരം ആറു കഴിഞ്ഞാൽ പ്രദേശത്തുള്ളവരുടെ ജീവിതം ദുരിതപൂർണമാണ്. വന്യമൃഗഭീഷണി നിലനിൽക്കുന്നതിനാൽ സന്ധ്യ മയങ്ങുന്നതോടെ പുറത്തിറങ്ങാറില്ലെന്ന് സ്ഥലവാസികൾ പറഞ്ഞു.
കൃഷി നശിക്കുന്നതു കാരണം കാർഷികാവശ്യങ്ങൾക്ക് എടുത്ത വായ്പകൾ തിരിച്ചടയ്ക്കുന്നതും പ്രതിസന്ധിയിലാണ്. കർഷകരുടെ പ്രയാസങ്ങൾ കണ്ടറിഞ്ഞ് ഇവർക്ക് വേണ്ടുന്ന സഹായങ്ങൾ നൽകാൻ വനം അധികൃതർ തയാറാകുന്നുമില്ല. വന്യമൃഗം നശിപ്പിച്ച കാർഷിക വിളകൾക്കു നഷ്ടപരിഹാരം തേടി നൽകിയ അപേക്ഷകളിൽ തീരുമാനമായിട്ടില്ല. നാമമാത്രമായ തുകയാണ് നഷ്ടപരിഹാരമായി നിശ്ചയിച്ചിരിക്കുന്നത്.
ബാങ്കുകളിൽനിന്നും വായ്പ എടുത്ത് കൃഷി ചെയ്തവരാണ് ഇവിടെയുള്ള കൃഷിക്കാരധികവും. കർഷകർക്ക് ലക്ഷങ്ങളുടെനാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കൂട്ടമായി എത്തുന്ന ആനകളുടെ ശല്യം അടിയന്തരമായി തടയാനും കൃഷിനാശം ഉണ്ടായവർക്ക് നഷ്ടപരിഹാരം നൽകാനും അടിയന്തര നടപടികളാണ് നാട്ടുകാരുടെ ആവശ്യം. തകരാറിലായ സോളാർ ഫെൻസിംഗ് പുനഃസ്ഥാപിച്ചു പ്രവർത്തനസജ്ജമാക്കി നൽകണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.