കനാല്‍വെള്ളം എത്തിയില്ല; വള്ളിക്കോട്ടെ പാടശേഖരങ്ങള്‍ കരിയുന്നു
1510796
Monday, February 3, 2025 7:27 AM IST
പ്രമാടം: വേനല്‍ക്കാല ജലസേചനം ലക്ഷ്യമിട്ടുള്ള കല്ലട ജലസേചന പദ്ധതിയിലെ കനാലുകളില്‍ വെള്ളം എത്താത്തതുമൂലം പാടശേഖരങ്ങളും കൃഷിയിടങ്ങളും കരിഞ്ഞുണങ്ങുന്നു.
പ്രമാടം, വള്ളിക്കോട് പഞ്ചായത്തുകളിലെ കര്‍ഷകരാണ് പ്രതിസന്ധിയിലായത്. വേനലിന്റെ തുടക്കത്തില്‍ത്തന്നെ പഞ്ചായത്തുകളും പാടശേഖര സമിതികളും കനാല്‍ തുറക്കണമെന്ന് ആവശ്യപ്പെട്ട് കെഐപി അധികൃതര്‍ക്ക് കത്തുകള്‍ നല്‍കിയിരുന്നു.
എന്നാല്‍ ഒരുമാസമായിട്ടും ഇരുപഞ്ചായത്തുകളിലും വെള്ളം എത്തിക്കാന്‍ അധികൃതര്‍ക്കു കഴിഞ്ഞിട്ടില്ല. കനാല്‍ തുറന്നുവിട്ടിട്ടുണ്ടെന്ന് കെഐപി അധികൃതര്‍ പറയുന്നുണ്ടെങ്കിലും പ്രമാടത്തും വള്ളിക്കോട്ടും ഒരുതുള്ളി വെള്ളംപോലും എത്തിയിട്ടില്ല. ഇതേത്തുടര്‍ന്ന് നെല്‍പ്പാടങ്ങള്‍ ഉള്‍പ്പടെ ഏക്കറുക്കണക്കിന് സ്ഥലത്തെ കൃഷിയാണ് നശിക്കുന്നത്. ജനപ്രതിനിധികളെയും പൊതുജനങ്ങളെയും സംഘടിപ്പിച്ച് കെഐപിയുടെ അടൂര്‍ ഓഫീസില്‍ പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിക്കാനാണ് കര്‍ഷകരുടെ തീരുമാനം.
വെള്ളം എത്താന്‍ വൈകിയാല്‍ കൃഷി പൂര്‍ണമായും കരിഞ്ഞ് ഇല്ലാതാകുന്ന സ്ഥിതിയാണെന്ന് കര്‍ഷകര്‍ പറഞ്ഞു. അപ്പര്‍കുട്ടനാട് കഴിഞ്ഞാല്‍ പത്തനംതിട്ട ജില്ലയില്‍ പ്രധാനമായും നെല്‍കൃഷിയുള്ള മേഖലയാണ് വള്ളിക്കോട്. ജലക്ഷാമം രൂക്ഷമായ ഈ പാടശേഖരങ്ങള്‍ വിണ്ടുകീറി കൃഷി നഷ്ടമാകുന്ന സാഹചര്യവും പുഴുശല്യവും കഴിഞ്ഞവര്‍ഷങ്ങളില്‍ ഉണ്ടായതാണ്.
കുടിവെള്ള ക്ഷാമവും രൂക്ഷം
ജനുവരി ആകുന്നതോടെ ജലക്ഷാമം രൂക്ഷമാകുന്ന പ്രദേശങ്ങളില്‍ കനാലിലൂടെ എത്തുന്ന വെള്ളമായിരുന്നു പ്രധാന ആശ്രയം. കനാല്‍ തുറന്നുവിട്ടാല്‍ സമീപ പ്രദേശങ്ങളിലെ വീടുകളുടെ കിണറിലും വെള്ളം ലഭ്യമാകും. ഇരു പഞ്ചായത്തിലെയും പ്രധാന ജലസ്രോതസായ അച്ചന്‍കോവിലാറ്റില്‍ ജലനിരപ്പ് കുറഞ്ഞത് ജല വിതരണ പദ്ധതിയെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
കാടുമൂടിക്കിടന്ന പ്രധാന കനാല്‍ ഭാഗങ്ങള്‍, തടസമില്ലാതെ വെള്ളമെത്തിക്കാന്‍ തൊഴിലുറപ്പ് തൊഴിലാളികളുടെയും കര്‍ഷകരുടെയും നേതൃത്വത്തില്‍ ആഴ്ചകള്‍ക്കു മുമ്പുതന്നെ വൃത്തിയാക്കിയിരുന്നു. എന്നാല്‍ കനാലിന്റെ അറ്റകുറ്റപ്പണി നടക്കാത്തതിനാല്‍ തുറന്നുവിടുന്ന വെള്ളം പലയിടത്തും പാഴായിപ്പോകുകയാണ്. കനാല്‍ വഴി വെള്ളം എത്താതായതോടെ പഞ്ചായത്തുകളില്‍ കുടിവെള്ള ക്ഷാമവും രൂക്ഷമായിട്ടുണ്ട്.
ചെറുകിട പദ്ധതികളിലേക്കു വെള്ളം കിട്ടണമെങ്കില്‍ കെഐപി കനാല്‍ തുറന്നുവിടേണ്ടതുണ്ട് കോന്നി ഡിസ്ട്രിബ്യൂട്ടറിയുടെ ഭാഗമാണ് പ്രമാടം, വള്ളിക്കോട് പഞ്ചായത്തുകള്‍. കരിങ്കുടുക്ക മുതല്‍ വി. കോട്ടയം വരെയാണ് കെഐപി കനാല്‍ പ്രമാടം പഞ്ചായത്തിലൂടെ കടന്നുപോകുന്നത്.