പെരുനാട് മുണ്ടൻമലയിലെ ജലക്ഷാമം പരിഹരിക്കാൻ നടപടി
1510950
Tuesday, February 4, 2025 2:35 AM IST
റാന്നി: പെരുനാട് മുണ്ടൻമല ഭാഗത്തെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് നടപടികളുമായി ജലവിഭവ വകുപ്പ്. കഴിഞ്ഞദിവസം പ്രമോദ് നാരായൺ എംഎൽഎ വിളിച്ചുചേർത്ത ജനപ്രതിനിധികളുടെയും ജലഅഥോറിറ്റി അധികൃതരുടെയും യോഗത്തിൽ എടുത്ത തീരുമാനപ്രകാരമാണ് പ്രവൃത്തികൾ ആരംഭിച്ചത്.
കേരള ജല അഥോറിറ്റി അടൂർ പ്രോജക്ട് നിർമിക്കുന്ന പെരുനാട് - അത്തിക്കയം കുടിവെള്ള പദ്ധതിയുടെ പൈപ്പുമായി അടുത്ത ദിവസം തന്നെ ബന്ധിപ്പിച്ച് മുണ്ടൻമല ഭാഗത്ത് കുടിവെള്ളം എത്തിക്കുമെന്ന് അധികൃതർ യോഗത്തിൽ ഉറപ്പുനൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിർമാണ പ്രവൃത്തികൾ ആരംഭിച്ചത്.
റാന്നി പഞ്ചായത്തിലെ പാറയ്ക്കൽ കോളനി, എട്ടാം വാർഡ് എന്നിവിടങ്ങളിലെ കുടിവെള്ള പ്രശ്നം യോഗം ചർച്ച ചെയ്തു. ജലവിതരണത്തിനായി ജിഐ പൈപ്പുകൾ എത്താത്തതാണ് പ്രവൃത്തികൾ ആരംഭിക്കാൻ വൈകുന്നതെന്നായിരുന്നു ജലവിഭവ വകുപ്പ് അധികൃതരുടെ വാദം.
അടൂർ പ്രോജക്ട് ഡിവിഷനിൽനിന്ന് ഇവിടങ്ങളിലേക്ക് ജിഐ പൈപ്പ് ഇറക്കി അടിയന്തരമായി പണി ആരംഭിക്കാൻ എംഎൽഎ നിർദേശം നൽകി. ഉയർന്ന പ്രദേശമായ പൂവൻമല - പുറംപാറത്തടം ഭാഗത്ത് കുടിവെള്ളം എത്തുന്നതിന് പദ്ധതി തയാറാക്കുന്നതിനായി സ്ഥലം സന്ദർശിക്കുന്നതിന് ജലവിഭവ വകുപ്പ് ഉന്നതോദ്യോഗസ്ഥരെ എംഎൽഎ ചുമതലപ്പെടുത്തി.
അങ്ങാടി കുടിവെള്ള പദ്ധതിയുടെ കിണറിന്റെ ഭാഗത്ത് ജലലഭ്യത ഉറപ്പാക്കുന്നതിനായി ചാല് കീറുന്നത് ഉൾപ്പെടെയുള്ള നിർമാണ പ്രവൃത്തികൾ കഴിഞ്ഞദിവസം ആരംഭിച്ചു. പമ്പ് ഹൗസുകളിൽ പകരമുള്ള മോട്ടോറുകൾ അടിയന്തര സാഹചര്യത്തിൽ ഉപയോഗിക്കുന്നതിനുവേണ്ടി അറ്റകുറ്റപ്പണി നടത്താനും തീരുമാനമായി. കുടിവെള്ളക്ഷാമം രൂക്ഷമായി അനുഭവപ്പെടുന്ന ബംഗ്ലാംകടവ് കോലിഞ്ചി ഭാഗം, തലച്ചിറ, മുക്കുഴി എന്നിവിടങ്ങളിലെ കുടിവെള്ള വിതരണത്തിലുള്ള അപാകതകൾ പരിഹരിക്കാനും യോഗത്തിൽ നിർദേശം നൽകി.
വാൽവ് ഓപ്പറേറ്റർമാർ കൃത്യമായി ജലവിതരണത്തിന് സമയക്രമം പാലിക്കുന്നില്ലെന്ന പരാതി വ്യാപകമായി ഉയർന്നു. വാൽവ് ഓപ്പറേറ്റർമാർ തങ്ങൾക്ക് താത്പര്യമുള്ള ഭാഗങ്ങളിലേക്ക് മാത്രം വെള്ളം തുറന്നു വിടുന്നതായി പരാതിയുണ്ട്. ഇതു പരിശോധിച്ചു കർശന നടപടി സ്വീകരിക്കണമെന്ന് എംഎൽഎ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കുടിവെള്ളക്ഷാമം പരിഹരിക്കാൻ കഴിയാത്ത മേഖലകളിൽ ടാങ്കറുകളിൽ കുടിവെള്ളം എത്തിക്കുന്നതിന് അനുമതി തേടി ജില്ലാ കളക്ടറെ സമീപിക്കുന്നതിനു ഗ്രാമപഞ്ചായത്തുകൾക്ക് നിർദേശം നൽകി.
ഓരോ പ്രദേശത്തെയും കുടിവെള്ള പ്രശ്നങ്ങൾ പരിശോധിക്കുന്നതിനും പരിഹരിക്കുന്നതിനും ജലഅഥോറിറ്റി ഉദ്യോഗസ്ഥർക്ക് പ്രത്യേക ചുമതല നൽകിയിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. എസ്. ഗോപി, പഞ്ചായത്ത് പ്രസിഡന്റുമാരായ ലതാ മോഹൻ, ബിന്ദു വളയനാട്ട്, ഉഷാ ഗോപി, കെ. ആർ. പ്രകാശ്, സൂപ്രണ്ടിംഗ് എൻജിനിയർ സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു.