വിശുദ്ധ ചാവറയച്ചന്റെ തിരുനാൾ ഇന്ന്
1492086
Friday, January 3, 2025 3:52 AM IST
മാന്നാനം: സെന്റ് ജോസഫ്സ് ആശ്രമ ദേവാലയത്തിൽ വിശുദ്ധ ചാവറയച്ചന്റെ തിരുനാൾ ഇന്ന്. വിശുദ്ധന്റെ കബറിടം സ്ഥിതിചെയ്യുന്ന പള്ളിയിലേക്ക് വിശ്വാസികളുടെ പ്രവാഹം. പ്രധാന തിരുനാൾ ദിനമായ ഇന്ന് രാവിലെ സിഎംഐ സഭയിലെ നവവൈദികർ ചേർന്ന് വിശുദ്ധ കുർബാനയർപ്പിക്കും.
ഉച്ചയ്ക്ക് പ്രശസ്തമായ പിടിയരി ഊട്ടുനേർച്ച നടക്കും. വൈകുന്നേരം വിശുദ്ധന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള ഭക്തിനിർഭരമായ തിരുനാൾ പ്രദക്ഷിണം നടക്കും.
രാവിലെ ആറിന് സിഎംഐ സഭയുടെ തിരുവനന്തപുരം പ്രൊവിൻഷ്യൽ ഫാ. ആന്റണി ഇളന്തോട്ടവും എട്ടിന് പ്രിയോർ ജനറൽ ഫാ. തോമസ് ചാത്തംപറമ്പിലും വിശുദ്ധ കുർബാനയർപ്പിക്കും.
11നാണ് നവവൈദികർ വിശുദ്ധ കുർബാന അർപ്പിക്കുന്നത്. വൈകുന്നേരം അഞ്ചിന് പാലക്കാട് രൂപത മെത്രാൻ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകും.