എബിസി പ്രഖ്യാപനത്തിലൊതുങ്ങി : തെരുവുനായ്ക്കള്‍ നാട് കൈയടക്കി
1492093
Friday, January 3, 2025 4:05 AM IST
പത്തനംതിട്ട: തെരുവുനായ്ക്കളെ നിയന്ത്രിക്കുന്നതിനുള്ള പദ്ധതികള്‍ ജില്ലയില്‍ പാതിവഴിയില്‍ മുടങ്ങി. നായ്ക്കളുടെ ശല്യം ഏറിയതോടെ വിവിധ പദ്ധതികളുമായി സര്‍ക്കാരും തദ്ദേശസ്ഥാപനങ്ങളും രംഗത്തിറങ്ങിയെങ്കിലും നടപ്പാക്കാനായില്ല. ഇതില്‍ പ്രധാനപ്പെട്ടതാണ് എബിസി (ആനിമല്‍ ബര്‍ത്ത് കണ്ട്രോള്). ഏറെ കൊട്ടിഘോഷിച്ച് ആരംഭിച്ച പദ്ധതി ജില്ലയില്‍ നടപ്പാക്കാനായിട്ടില്ല.
ജില്ലയുടെ എല്ലാ ഭാഗങ്ങളിലും നായ്ക്കളുടെ ശല്യം തുടരുകയാണ്. വേനല്ക്കാലമാകുമ്പോഴേക്കും ഇവയുടെ ശല്യം ഏറും. ചൂടുകാലമായതോടെ ഇവയുടെ കടിയേല്‍ക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. തെരുവോരങ്ങളില്‍ നായ്ക്കള്‍ പെരുകുമ്പോഴും നടപടികള്‍ സ്വീകരിക്കാനാകാത്ത അവസ്ഥയിലാണ് തദ്ദേശ സ്ഥാപനങ്ങള്‍.
തെരുവുനായ്ക്കളെ പിടികൂടുന്നതുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന നിയമപ്രശ്നങ്ങള്‍ കാരണമാണ് ഇവയുടെ എണ്ണം വര്‍ധിച്ചത്. കുടുംബശ്രീയെ ഉപയോഗിച്ച് എബിസി നടപ്പാക്കാനുള്ള നീക്കത്തെ കോടതി ഇടപെട്ടു തടഞ്ഞപ്പോള്‍ പ്രത്യേക പരിശീലനം ലഭിച്ചവരെ നിയോഗിച്ച് പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചു. ഇത്തരത്തില്‍ പരിശീലനത്തിനായി ആളുകളെ കണ്ടെത്തി അയച്ചിരുന്നു. ഓരോ വര്‍ഷവും ആളുകള്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്. ഇക്കൊല്ലം 28 പേര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്.
വളര്‍ത്തു നായ്ക്കള്‍ക്കു രോഗം വന്നാലോ പ്രായമേറിയാലോ തെരുവില്‍ ഉപേക്ഷിക്കുന്ന രീതി ഇപ്പോള്‍ വര്‍ധിച്ചുവരികയാണ്. ഇത്തരം നായ്ക്കളാണ് കൂടുതല്‍ അപകടകാരികളായി മാറുന്നത്. ഇവയെ തെരുവുനായ്ക്കള്‍ കൂട്ടത്തില്‍ കൂട്ടാറില്ല. ഒറ്റതിരിഞ്ഞ് അലയുന്ന ഈ നായ്ക്കള്‍ പലപ്പോഴും ആളുകളെ ആക്രമിക്കുന്നതായി കണ്ടുവരുന്നുണ്ട്.
അഞ്ചുവര്‍ഷത്തിനിടെ കടിയേറ്റത് അരലക്ഷത്തിലധികം പേര്‍ക്ക്
പത്തനംതിട്ട ജില്ലയില്‍ അഞ്ചു വര്‍ഷത്തിനിടെ അരലക്ഷത്തിലധികം പേര്‍ക്ക് നായയുടെ കടിയേറ്റതായാണ് റിപ്പോര്‍ട്ട്. 2020 മുതല്‍ കഴിഞ്ഞ മാസം വരെ അരലക്ഷത്തിലധികം പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റിട്ടുണ്ടെന്നാണ് കണക്ക്. രണ്ടു മരണങ്ങളും ഇക്കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്തു.
2020ല്‍ 9,103 പേര്‍ക്കാണ് നായയുടെ കടിയേറ്റത്. 2021ല്‍ 11381, 2022ല്‍ 14898, 2023ല്‍ 14184 പേര്‍ക്കും കടിയേറ്റു. 2024ലെ കണക്കുകള്‍ പൂര്‍ണമായിട്ടില്ല. ഓരോ മാസവും ശരാശരി ആയിരം പേര്‍ക്കെങ്കിലും നായയുടെ ആക്രമണത്തില്‍ പരിക്കേല്‍ക്കുന്നതായാണ് കണക്കുകള്‍ നല്കുന്ന സൂചന.
പന്തളം, അടൂര്‍ മേഖലയിലാണ് സമീപകാലത്ത് ഏറ്റവുമധികം ആളുകള്‍ക്ക് കടിയേറ്റത്. അടൂര്‍ നഗരത്തില്‍ നായയെ ഭയന്ന് നടക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. ജനറല്‍ ആശുപത്രി, കെഎസ്ആര്‍ടിസി പരിസരങ്ങളില്‍ ഇവയുടെ കടിയേല്‍ക്കുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്.
ചെലവഴിച്ചത് ലക്ഷങ്ങള്‍
തെരുവുനായ ആക്രമണം നേരിടുന്നതിന് ഇതിനോടകം തദ്ദേശസ്ഥാപനങ്ങള്‍ ലക്ഷക്കണക്കിനു രൂപ ചെലവഴിച്ചിട്ടുണ്ട്. ആക്രമണങ്ങള്‍ രൂക്ഷമാകുന്ന ഘട്ടത്തിലാണ് പലപ്പോഴും നായയെ പ്രതിരോധിക്കാനുള്ള നടപടികളുമായി രംഗത്തിറങ്ങാറുള്ളത്. എബിസി പദ്ധതിക്കായി ത്രിതല പഞ്ചായത്തുകള്‍ പദ്ധതി വിഹിതത്തില്‍ നല്ലൊരു തുക ചെലവഴിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്തിന്റെ ചുമതലയില്‍ പുളിക്കീഴില്‍ കേന്ദ്രം തുറക്കാന്‍ പദ്ധതിയിട്ടിട്ട് നാളുകളേറെയായി.
അഞ്ചു വര്‍ഷം മുന്‍പ് താത്കാലികാടിസ്ഥാനത്തില്‍ ഇതു പ്രവര്‍ത്തിച്ചിരുന്നു. നായ പിടിത്തത്തില്‍ പരിശീലനം നേടിയവരെ നിയോഗിച്ച് ഇവയെ പിടികൂടി എബിസി കേന്ദ്രത്തില്‍ എത്തിച്ച് വന്ധ്യംകരിച്ചു വിടുന്ന രീതിയാണുണ്ടായിരുന്നത്. എന്നാല്‍ സ്ഥിരമായ ഒരു കേന്ദ്രം ഇതിനായി വേണമെന്ന നിര്‍ദേശം മൃഗസംരക്ഷണ വകുപ്പ് മുന്നോട്ടുവച്ചതോടെ പുളിക്കീഴില്‍ ജില്ലാപഞ്ചായത്തുതന്നെ പദ്ധതിക്കായി പണം ചെലവഴിക്കാന്‍ തയാറായി. എന്നാല്‍ പദ്ധതി തുടങ്ങിയിടത്തുതന്നെ നില്‍ക്കുകയാണ്.
നിലവിലെ ഷെല്‍ട്ടര്‍ ഹോം പൊളിച്ചുനീക്കി പുതിയത് പണിയാനായിരുന്നു തീരുമാനം. സാന്പത്തിക പ്രതിസന്ധിയാണ് പദ്ധതി തുടങ്ങാന്‍ വൈകുന്നതെന്നു പറയുന്നു. ഗ്രാമപഞ്ചായത്തുകളുടെയും നഗരസഭകളുടെയും സഹകരണത്തോടെ പദ്ധതി നടപ്പാക്കാനാകൂവെന്നാണ് ജില്ലാ പഞ്ചായത്ത് പറയുന്നത്.
വന്ധ്യംകരണവും സംരക്ഷണവും പ്രധാന പ്രശ്നം
നായ്ക്കളെ പിടികൂടി വന്ധ്യംകരിച്ച് സംരക്ഷിക്കണമെന്ന നിര്‍ദേശമാണ് തദ്ദേശസ്ഥാപനങ്ങള്‍ക്കു പുലിവാലായത്. ഇതിനായി പ്രത്യേക കേന്ദ്രം വേണമെന്നായിരുന്നു നിര്‍ദേശം. എബിസി പദ്ധതിക്കായി സ്ഥലം തേടിയവര്‍ക്ക് ഇതു കിട്ടാതെയായി. തെരുവുകളില്‍ അലയുന്ന നായ്ക്കളെ പിടികൂടി അവയെ വന്ധ്യംകരിക്കുകയും മുറിവ് ഉണങ്ങിയശേഷമേ പിടികൂടിയ സ്ഥലത്തു കൊണ്ടുപോയി വിടാവൂവെന്നുമാണ് നിര്‍ദേശം.
കുറഞ്ഞത് അഞ്ചുദിവസത്തെ സംരക്ഷണം നായ്ക്കള്‍ക്കു വേണ്ടിവരും. കുറഞ്ഞത് 2000 രൂപ ഒരു നായയ്ക്ക് ചെലവിടണം. എബിസി കേന്ദ്രത്തില്‍ ശസ്ത്രക്രിയ വിഭാഗങ്ങളും അടുക്കളയും വേണം. ശീതീകരിച്ച വാര്‍ഡുകളും നിര്‍ബന്ധമാണ്. ഇവയുണ്ടെങ്കിലേ പദ്ധതിക്ക് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് അനുമതി നല്‍കുകയുള്ളൂ.