ഡോ. സുനിലിന്റെ 337-ാമത് വീട് ലൂസിക്ക് പുതുവത്സര സമ്മാനമായി
1492096
Friday, January 3, 2025 4:05 AM IST
പത്തനംതിട്ട: സാമൂഹിക പ്രവര്‍ത്തക ഡോ. എം. എസ്. സുനില്‍ ഭവനരഹിതരായി സുരക്ഷിതമല്ലാത്ത സാഹചര്യത്തില്‍ കഴിയുന്ന നിരാലംബര്‍ക്കു പണിതു നല്കുന്ന 337 -ാമത് സ്നേഹഭവനം പഴയരിക്കണ്ടം വടക്കേതൊട്ടി പടിഞ്ഞാറേക്കര വീട്ടില്‍ ലൂസി ഫിലിപ്പിനും കുടുംബത്തിനും പുതുവത്സര സമ്മാനമായി.
വീടിന്റെ താക്കോല്‍ദാനവും ഉദ്ഘാടനവും ഡോ. എം. എസ്. സുനില്‍ നിര്‍വഹിച്ചു. വര്‍ഷങ്ങളായി സുരക്ഷിതമല്ലാത്ത സാഹചര്യത്തിലായിരുന്നു ലൂസിയും ഭര്‍ത്താവ് ഫിലിപ്പ് ജോസഫും മകന് സജിയും സജിയുടെ ഭാര്യ ജാന്സിയും രണ്ട് കുട്ടികളും താമസിച്ചിരുന്നത് .
സജി കൂലിവേല ചെയ്തു കൊണ്ടുവരുന്ന വരുമാനം കൊണ്ടായിരുന്നു കുടുംബം നിത്യച്ചെലവിന് വക കണ്ടെത്തിയിരുന്നതും രണ്ട് കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള ചെലവ് നടത്തിയിരുന്നതും. ഇതിനിടയില്‍ സ്വന്തമായി ഒരു ഭവനം നിര്‍മിക്കാൻ സജിക്ക് കഴിഞ്ഞില്ല.
650 ചതുരശ്രഅടി വലിപ്പുമുള്ള വീടാണ് ഡോ. സുനില്‍ നിര്‍മിച്ചു നല്‍കിയത്. ചടങ്ങില്‍ വാര്‍ഡ് മെംബര്‍ പി.ബി. ദിനമണി, പ്രോജക്ട് കോഡിനേറ്റര്‍ കെ.പി. ജയലാല്‍, ഏബ്രഹാം കുര്യന്, സന്തോഷ് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.