അനന്തപുരി കലോത്സവത്തിന് പത്തനംതിട്ടയില്‍നിന്ന് 706 പ്രതിഭകള്‍
1492083
Friday, January 3, 2025 3:52 AM IST
പത്തനംതിട്ട: തലസ്ഥാന നഗരിയില്‍ നടക്കുന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ പത്തനംതിട്ട ജില്ലയില്‍ നിന്ന് 760 വിദ്യാര്‍ഥി പ്രതിഭകള്‍. ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലായി എ ഗ്രേഡ് ലഭിച്ച കുട്ടികളാണ് സംസ്ഥാനതല മത്സരത്തില്‍ ജില്ലയെ പ്രതിനിധീകരിക്കുന്നത്.
അപ്പീലിലൂടെ ഗ്രൂപ്പ്, വ്യക്തിഗത ഇനങ്ങളില്‍ എട്ടു പേര് മത്സരത്തില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയിട്ടുണ്ട്. ഇവരുള്‍പ്പെടെയുള്ള ടീമിന്റെ മാനേജര്‍ ജില്ലാ കലോത്സവം പ്രോഗ്രാം കണ്‍വീനറായിരുന്ന ബിനു ജേക്കബ് നൈനാണ്. ടീമിന്റെ രജിസ്ട്രേഷന് ഇന്ന് തിരുവനന്തപുരത്തു നടക്കും.
ഇഞ്ചോടിഞ്ചു പോരാട്ടം നടക്കുന്ന കലോത്സവ വേദിയില്‍ നിന്ന് എ ഗ്രേഡ് എന്ന ലക്ഷ്യവുമായി കുട്ടികള്‍ അവസാനവട്ട തയാറെടുപ്പിലാണ്. നിശ്ചിത മത്സരത്തിന്റെ ദിവസം മാത്രം അതത് ഇനങ്ങളില്‍ മത്സരിക്കുന്നവര്‍ തിരുവനന്തപുരത്ത് എത്തിയാല്‍ മതിയാകും. ജില്ലാ തലത്തില്‍ ഒന്നാംസ്ഥാനത്തെത്തിയ കിടങ്ങന്നൂര്‍ എസ്വിജിവി എച്ച്എസ്എസില്‍ നിന്നാണ് ഏറ്റവുമധികം കുട്ടികള്‍ മത്സരിക്കാനെത്തുന്നത്.
സ്വര്‍ണക്കപ്പിന് ജില്ലയില്‍ സ്വീകരണം
തിരുവല്ല: നാളെ മുതൽ എട്ടു വരെ തിരുവനന്തപുരത്തു നടക്കുന്ന 63-ാം സംസ്ഥാന സ്കൂൾ കലോത്സവ വിജയികൾക്കുള്ള സ്വർണക്കപ്പിന് പത്തനംതിട്ട ജില്ലയിൽ സ്വീകരണം നൽകി. ജില്ലാതിർത്തിയായ ഇടിഞ്ഞില്ലത്ത് പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ബി.ആർ. അനില ജില്ലയിലേക്ക് ഏറ്റുവാങ്ങി.
ബാലികാമഠം ഹയർ സെക്കൻഡറി സ്കൂളിൽ ചേർന്ന സ്വീകരണ സമ്മേളനം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ. അജയകുമാർ ഉദ്ഘാടനം ചെയ്തു. തിരുവല്ല നഗരസഭാ പ്രതിപക്ഷനേതാവും സ്കൂൾ മാനേജരുമായ പ്രദീപ് മാമ്മൻ അധ്യക്ഷത വഹിച്ചു.
ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ ബി.ആർ അനില, ജില്ലാ കലോത്സവ ടീം മാനേജർ ബിനു ജേക്കബ് നൈനാൻ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാരായ മിനികുമാരി,ജേക്കബ് സത്യൻ, പി. ഐ.അനിത , സന്തോഷ്കുമാർ, ബാലികാമഠം ഹയർ സെക്കണ്ടറി സ്കൂൾ ഹെഡ്മിസ്ട്രസ് ഷൈനി ഡേവിഡ്, ഇരുവെള്ളിപ്ര സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ഹെഡ് മാസ്റ്റർ ഷാജി മാത്യു, സംഘടനാ പ്രതിനിധി കെ. അജയകുമാർ എന്നിവർ പങ്കെടുത്തു.
പന്തളത്ത് നഗരസഭ ചെയർമാൻ അച്ചൻ കുഞ്ഞ് ജോൺ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ രമ്യ.യു, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാരായ ഉഷ പി, സജീവ് സി.ഡി, എച്ച്എം ഫോറം കൺവീനർ സുദർശനൻ പിള്ള എന്നിവർ പങ്കെടുത്തു.
അടൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപം നടന്ന സ്വീകരണം നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം നിർവഹിച്ചു. നഗരസഭാ ചെയർപേഴ്സൺ ദിവ്യ റെജി മുഹമ്മദ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റോഷൻ ജേക്കബ് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അലാവുദീൻ,
പത്തനംതിട്ട ഡി.ഇ.ഒ കെ.പി മൈത്രി, അടൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സീമ ദാസ് , എച്ച്. എം ഫോറം കൺവീനർ ലീന വി, ശ്രീജ.എം, സംഘടനാ പ്രതിനിധികളായ ഉബൈദുള്ള, അലക്സ് ജോർജ്, ദിലീപ് കുമാർ, വിഷ്ണു മണ്ണടി, അടൂർ ബോയ്സ് ഹൈസ്ക്കൂൾ പ്രഥമാദ്ധ്യാപിക സന്തോഷ് റാണി, സമീമ എന്നിവർ പങ്കെടുത്തു.