കാട്ടാനഭീതിയിൽ നാട്
1492087
Friday, January 3, 2025 3:52 AM IST
റാന്നി: കാട്ടാനഭീതിയിൽ വിറങ്ങലിച്ച് നാട് . വടശശേരി ക്കര, വെച്ചൂച്ചിറ, നാറാണംമൂഴി പഞ്ചായത്തുകളുടെ കിഴക്കൻ മേഖലയോടു ചേർന്ന പ്രദേശങ്ങളിലാണ് ആളുകൾ വന്യമൃഗ പേടിയിൽ ജീവനും കൈയിൽ പിടിച്ച് കഴിയുന്നത്.
ആന, പുലി, കടുവ, കാട്ടുപോത്ത്, പന്നി എന്നിങ്ങനെ എല്ലാ മൃഗങ്ങളും കാടു വിട്ടു നാട്ടിലേക്കിറങ്ങുകയാണ്. വടശേരിക്കരയിൽ അടുത്ത നാളിലായി കാട്ടാന ശല്യം ഏറുകയാണ്. കാർഷിക വിളകളും തെങ്ങുൾപ്പെടെയുള്ള ഫലവൃക്ഷങ്ങളും അപ്പാടെ നശിപ്പിക്കുന്നു.
വീട്ടുമുറ്റത്തെത്തിയാണ് കാട്ടാനകൾ നാശം ചെയ്യുന്നത്. വീടിനും വീട്ടുകാർക്കും ഭീഷണിയായതിനാൽ പുറത്തിറങ്ങാൻ പോലും പറ്റുന്നില്ല. കഴിഞ്ഞ ഏതാനും ദിവസം മുമ്പ് ആന ഉണ്ടാക്കിയ നാശനഷ്ടങ്ങൾക്കു പുറമേ കഴിഞ്ഞ രാത്രി കുമ്പളത്താമൺ ഭാഗത്ത് പുളിമൂട്ടിൽ ഉഷയുടെ വീട്ടുമുറ്റത്തെത്തി തെങ്ങ്, കമുക്, വാഴ എന്നിവയും നശിപ്പിച്ചു.
വനപാലകരോടു പരാതി പറഞ്ഞാൽ അവർ പലപ്പോഴും സ്ഥലത്തെത്തി മടങ്ങുകയാണ്. ഓരോ ദിവസവും മേഖലയിലെ കർഷകർക്കുണ്ടാകുന്ന നാശനഷ്ടങ്ങളുടെ തോത് ഉയരുകയാണ്.