കണ്മുന്പില് കടുവ; ജനങ്ങൾ ഭീതിയിൽ
1492091
Friday, January 3, 2025 3:52 AM IST
കോട്ടയം: ജില്ലാതിര്‍ത്തിയിലെ മലയോരങ്ങളില്‍ കടുവയുണ്ടെന്നത് കേള്‍വിയല്ല, വാസ്തവമാണ്. പമ്പാവാലി, മതമ്പ പ്രദേശങ്ങളില്‍ കടുവയെ നേരില്‍ കണ്ടതായുള്ള വാര്‍ത്തകള്‍ക്ക് സ്ഥിരീകരണമായി പീരുമേട്, പരുന്തുംപാറ പ്രദേശങ്ങളിലും പ്രദേശവാസികൾ കടുവയെ കണ്ടു. പീരുമേട്, കുട്ടിക്കാനം, നിര്‍മലഗിരി വനയോരമേഖലയില്‍ കടുവയെ കണ്ടവരുണ്ട്. ദിവസം മുപ്പതു കിലോമീറ്റര്‍ ചുറ്റളവില്‍ കടുവ ഇര പിടിക്കാന്‍ നീങ്ങാറുള്ളതായി വനപാലകര്‍ പറയുന്നു.
കെകെ റോഡില്‍ വളഞ്ഞാങ്ങാനത്തിനു സമീപം രാത്രി കെഎസ്ആര്‍ടിസി ബസിനു മുന്നില്‍ അടുത്തിടെ കടുവയെയും കരടിയെയും കാണാനിടയായി. ബുധനാഴ്ച പുലര്‍ച്ചെ പരുന്തുംപാറയ്ക്ക് സമീപം വിനോദസഞ്ചാരികള്‍ സഞ്ചരിച്ച കാറിന് മുമ്പിലൂടെ കടുവ റോഡ് മുറിച്ചുകടക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ അധികൃതര്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. കാറിനു മുന്നിലേക്ക് ചാടിയ കടുവ ബഹളംവച്ചപ്പോള്‍ ഓടിമറഞ്ഞു.
പരുന്തുംപാറയില്‍ കടുവാ സാന്നിധ്യം ഉണ്ടായതോടെ പ്രദേശവാസികളും വിനോദസഞ്ചാരികളും ഭീതിയിലാണ്. ജനവാസമേഖല കൂടിയാണ് ഇവിടം. രാപകല്‍ വാഹനം കടന്നുപോകുന്ന പ്രധാന പാതയിലാണ് കഴിഞ്ഞദിവസം കടുവയെ കണ്ടതും.
മകരവിളക്ക് ദര്‍ശിക്കാന്‍ നിരവധി പേരാണ് പരുന്തുംപാറയില്‍ എത്തുന്നത്. പ്രദേശത്തെ വളര്‍ത്തുമൃഗങ്ങളെ അടക്കം കടുവ മുന്‍പ് പിടികൂടിയിട്ടുണ്ട്. കൂടാതെ കാട്ടാനയുടെ ശല്യവും പതിവാണ്. തേയിലത്തോട്ടങ്ങളില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ ഭയപ്പാടോടെയാണ് പണിക്കിറങ്ങുന്നത്.