പോക്സോ കേസിലെ പ്രതിക്ക് 12 വർഷം തടവും പിഴയും
1491343
Tuesday, December 31, 2024 7:02 AM IST
അടൂർ: പോക്സോ കേസിലെ പ്രതിക്ക് 12 വര്‍ഷവും ഒരു മാസവും കഠിനതടവും 1,00,500 രൂപ പിഴയും വിധിച്ചു. ആലപ്പുഴ ചെങ്ങന്നൂര്‍ പാണ്ടനാട് വന്മഴി വാഴത്തറയില്‍ വീട്ടില്‍ വി.ടി. ഉത്തമനെ (56) ആണ് അടൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി ടി. മഞ്ജിത്ത് ശിക്ഷിച്ചത്. 2021 സെപ്റ്റംബര്‍ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പ്രതിയുടെ ഭാര്യാമാതാവിന്റെ കടയില്‍ സോപ്പ് വാങ്ങാനെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ, കടയ്ക്കകത്ത് വിളിച്ചു കയറ്റിയശേഷം പീഡിപ്പിച്ചതായാണ് കേസ്. എസ്ഐ ആര്. വിഷ്ണു രജിസ്റ്റര്‍ ചെയ്ത കേസില്‍, പത്തനംതിട്ട ഡിവൈഎസ്പി എസ്. നന്ദകുമാറാണ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ പി. സ്മിത ജോണ്‍ ഹാജരായി. പിഴത്തുക അടയ്ക്കുന്ന പക്ഷം പെണ്‍കുട്ടിക്ക് ലഭ്യമാക്കാന്‍ ജില്ലാ ലീഗല്‍ സര്‍വീസ് അഥോറിറ്റിക്ക് കോടതി നിര്‍ദേശം നല്കി.