ശബരിമലയിലേക്ക് ഭക്തജന പ്രവാഹം; മകരവിളക്ക് തീർഥാടനത്തിനു തുടക്കമായി
1491340
Tuesday, December 31, 2024 7:02 AM IST
ശബരിമല: ശബരിമലയിൽ മകരവിളക്ക് തീർഥാടനകാലത്തിനു തുടക്കമായി. മണ്ഡലകാലത്തെ അപേക്ഷിച്ച് കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ കൂടുതൽ തീർഥാടകർ ദർശനത്തിനെത്തുന്ന കാലയളവാണിത്.
ജനുവരി 20 വരെ നീളുന്നതാണ് മകരവിളക്ക് തീർഥാടനം. 19 വരെ ഭക്തർക്ക് ദർശനം അനുവദിക്കും. ജനുവരി 14ന് മകരവിളക്ക് ദർശനത്തിനായി കൂടുതൽ തീർഥാടകരെത്തുന്നത്. മകരവിളക്കിന്റെ ക്രമീകരണവുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡിന്റെയും വിവിധ വകുപ്പുകളുടെയും നേതൃത്വത്തിൽ ക്രമീകരണം പൂർത്തീകരിച്ചിട്ടുണ്ട്.
പന്തളത്തും എരുമേലിയിലും ഈ ദിവസങ്ങളിൽ തിരക്ക് വർധിക്കും. തീർഥാടകർക്കാവശ്യമായ ക്രമീകരണങ്ങൾ പന്തളത്തും എരുമേലിയിലും ഏർപ്പെടുത്തിയിട്ടുണ്ട്. തിരുവാഭരണ ദർശനത്തിനടക്കം പന്തളത്ത് തിരക്ക് വർധിക്കും. എരുമേലിയിലെത്തി പേട്ട തുള്ളിയശേഷം കാനനപാത ശബരിമലയിലേക്ക് നീങ്ങുന്ന അയ്യപ്പഭക്തരുടെ എണ്ണവും ഇക്കാലയളവിൽ കൂടുതലായിരിക്കും.
പുതിയ പോലീസ് ബാച്ച് ചുമതലയേറ്റു
ശബരിമല: മകരവിളക്ക് തീർഥാടനകാലത്തെ പോലീസിന്റെ പുതിയ ബാച്ച് ചുമതലയേറ്റു. തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്പി എസ്. മധുസൂദനനാണ് സന്നിധാനം സ്പെഷൽ ഓഫീസർ.
കൊടിമരം, സോപാനം, പതിനെട്ടാംപടി, നടപ്പന്തൽ, യൂ-ടേൺ, ശരംകുത്തി, മരക്കൂട്ടം, മാളികപ്പുറം, പാണ്ടിത്താവളം, കൺട്രോൾ റൂം എന്നിവയാണ് പ്രധാന പോലീസ് ഡ്യൂട്ടി പോയിന്റുകൾ.
നടപ്പന്തൽ മുതൽ മരക്കൂട്ടം വരെയുള്ള ഒന്നാമത്തെ സെക്ടറിന്റെ ചുമതല എഎസ്പി ഹരീഷ് ജെയിനിനും പതിനെട്ടാംപടി മുതൽ പാണ്ടിത്താവളം വരെയുള്ള രണ്ടാമത്തെ സെക്ടറിന്റെ ചുമതല എഎസ്ഒ വിനോദിനുമാണ്. 10 ഡിവൈഎസ്പിമാരും 33 സിഐമാരും 96 എസ്ഐ, എഎസ്ഐമാരും ഉൾപ്പെടെ 1,437 പേരാണ് പുതിയ ബാച്ചിലുള്ളത്.