ബ്ലോക്ക് പഞ്ചായത്ത്; അവിശ്വാസ ചർച്ചയ്ക്ക് മുന്പേ വൈസ് പ്രസിഡന്റ് രാജിവച്ചു
1491337
Tuesday, December 31, 2024 7:02 AM IST
കോന്നി: ബ്ലോക്ക് പഞ്ചായത്തിൽ അവിശ്വാസം ചർച്ചയ്ക്കെടുക്കുന്നതിനു മുന്പേ വൈസ് പ്രസിഡന്റ് രാജിവച്ചു. വൈസ് പ്രസിഡന്റ് സിപിഎമ്മിലെ നീതു ചാർലിയാണ് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി മുമ്പാകെ രാജിസമർപ്പിച്ചത്. വൈസ് പ്രസിഡന്റിനെതിരേ യുഡിഎഫ് അവിശ്വാസ നോട്ടീസ് നൽകിയിരുന്നു. 13 അംഗ ഭരണസമിതിയിൽ നിലവിൽ യുഡിഎഫിനാണ് ഭൂരിപക്ഷം. ഉപതെരഞ്ഞെടുപ്പിലൂടെ ഒരു സീറ്റുകൂടി ലഭിച്ചതോടെ യുഡിഎഫ് അംഗബലം ഏഴായി ഉയർന്നു. എൽഡിഎഫിന് ആറംഗങ്ങളാണുള്ളത്.
ഭരണസമിതിയുടെ തുടക്കത്തിൽ യുഡിഎഫ് -ഏഴ്, എൽഡിഎഫ് -ആറ് എന്നിങ്ങനെയായിരുന്നു കക്ഷിനില. എന്നാൽ ആറു മാസങ്ങൾക്കുശേഷം കൂറുമാറ്റത്തിലൂടെ ഒരു അംഗം എൽഡിഎഫിൽ എത്തിയതോടുകൂടി എൽഡിഎഫ് - ഏഴ്, യുഡിഎഫ് - ആറ് എന്നായി കക്ഷിനില മാറുകയും ഭരണമാറ്റം ഉണ്ടാകുകയും ചെയ്തു. കൂറുമാറി എൽഡിഎഫ് പിന്തുണയോടെ ബ്ലോക്ക് പ്രസിഡന്റ് സ്ഥാനത്തെത്തിയ ജിജി സജിയെ തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യയാക്കിയതോടുകൂടി കക്ഷിനില തുല്യനിലയിലെത്തി.
നറുക്കെടുപ്പിലൂടെ യുഡിഎഫ് അംഗം എം.വി. അമ്പിളി വീണ്ടും പ്രസിഡന്റ് ആകുകയായിരുന്നു. എന്നാൽ വൈസ് പ്രസിഡന്റായി നീതു ചാർലി തുടരുകയും ചെയ്തു. തുടർന്ന് ഉപതെരഞ്ഞെടുപ്പിലൂടെ യുഡിഎഫിലെ ജോളി ഡാനിയൽ വിജയിക്കുകയും യുഡിഎഫ് അംഗബലം ഏഴിലേക്കെത്തുകയുമുണ്ടായി. തുടർന്നാണ് വൈസ് പ്രസിഡന്റിനെതിരേ അവിശ്വാസം നൽകുന്നതിന് യുഡിഎഫ് അംഗങ്ങൾ തീരുമാനിച്ചത്. വൈസ് പ്രസിഡന്റ് രാജി നൽകിയതോടുകൂടി അവിശ്വാസപ്രമേയം ചർച്ചയ്ക്ക് എടുക്കേണ്ടി വന്നില്ല. യുഡിഎഫിലെ ഏഴ് അംഗങ്ങളും ഹാജരായിരുന്നു. ഇനി ഒഴിവു നികത്തുന്നതിനുള്ള നടപടിക്രമങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്ന മുറയ്ക്ക് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഉണ്ടാകുകയും ചെയ്യും.